40 കിലോ കഞ്ചാവുമായി മലപ്പുറത്ത് പിടിയിലായ ഉപ്പള സ്വദേശികൾക്ക് 12 വർഷം കഠിനതടവും പിഴയും

0
155

മലപ്പുറം: (www.mediavisionnews.in) 40 കിലോ കഞ്ചാവുമായി നിലമ്പൂരിൽ പിടിയിലായ അന്തർസംസ്ഥാന ലഹരിമാഫിയ സംഘത്തിലെ കണ്ണികൾക്ക് 12 വർഷംവീതം കഠിന തടവും ഓരോ ലക്ഷം രൂപ പിഴയും ശിക്ഷ. കാസർകോഡ് കുക്കാർ മംഗൾപാടി സ്വദേശി മുസ്താഖ് അഹമ്മദ് (മുത്തു-31), ഉപ്പള നാട്ടെക്കൽ സ്വദേശി സിദ്ദീഖ് മൻസിൽ വീട്ടിൽ ഇബ്രാഹിം സിദ്ദീഖ് (26) എന്നിവർക്കാണ് വടകര നാർക്കോട്ടിക് കോടതി ശിക്ഷ വിധിച്ചത്.

2018 ജൂൺ 19-ന് നിലമ്പൂരിലെ കോടതിപ്പടി കൊളക്കണ്ടം റോഡിൽ നിന്നുമാണ് ഇവർ പിടിയിലായത്. കഞ്ചാവ് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു. മംഗലാപുരം, കാസർകോഡ്, കോയമ്പത്തൂർ, ഗൂഡല്ലൂർ എന്നിവിടങ്ങളിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് കഞ്ചാവുവില്പന നടത്തുന്ന സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പോലീസിന്റെ വലയിലായത്. കഞ്ചാവ് ചാക്കുകളിലാക്കി മംഗലാപുരം, ഉഡുപ്പി എന്നിവിടങ്ങളിലെ ലോഡ്ജുകളിലും മറ്റു രഹസ്യ കേന്ദ്രങ്ങളിലും സൂക്ഷിക്കും. എന്നിട്ട് ഏജന്റുമാർ മുഖേന ചെറുകിട വില്പനയ്ക്കായി കാറുകളിലുംമറ്റും എത്തിച്ചുകൊടുക്കാറാണ് ഇവരുടെ പതിവ്. കേരളത്തിൽ റിസോർട്ടുകൾ, സ്കൂൾ, കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ചാണ് വില്പന.

ഒന്നാംപ്രതി മുസ്താഖ് അഹമ്മദിന്റെ പേരിൽ വധശ്രമത്തിന് കുമ്പള പോലീസ്‌സ്റ്റേഷനിൽ കേസുണ്ട്. കുമ്പള സ്റ്റേഷൻപരിധിയിൽ നിന്ന് കഞ്ചാവ് കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങി ഒന്നര മാസത്തിനിടെയാണ് ഇയാൾ വീണ്ടും പിടിയിലായത്. സി.ഐ. കെ.എം. ബിജുവും, എസ്.ഐ. ബിനു തോമസ്, വി.കെ. പ്രദീപ്, സി.പി. മുരളീധരൻ, പി.എൻ. മോഹനകൃഷ്ണൻ, എൻ.ടി. കൃഷ്ണകുമാർ, ടി. ശ്രീകുമാർ, മനോജ്, ഫിറോസ്, സർജാസ്, റഹിയാനത്ത്, സക്കീറലി എന്നിവരുൾപ്പെട്ട സംഘമാണ് ഇവരെ അന്ന് പിടികൂടിയത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here