‘മാപ്പെഴുതിക്കൊടുത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ഭീരുക്കളല്ല എന്നെ നയിക്കുന്നത്’; താന്‍ മുസ്‌ലിം ലീഗിലേക്കെന്ന ജന്മഭൂമിയുടെ പ്രചാരണത്തിനെതിരെ എ.എം ആരിഫ്

0
180

കോഴിക്കോട്: (www.mediavisionnews.in) താന്‍ മുസ്‌ലിം ലീഗിലേക്കു പോകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന ജന്മഭൂമിക്കെതിരെ ആഞ്ഞടിച്ച് സി.പി.ഐ.എം ലോക്‌സഭാംഗം എ.എം ആരിഫ്. ആശയപരമായി എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കെല്‍പ്പില്ലാത്ത ഒരു കൂട്ടം മാധ്യമങ്ങളുടെ ഗതികേടിനുദാഹരണമാണ് ഇതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ കോണ്‍ഗ്രസിലേക്കെന്ന രീതിയില്‍ 2006 മുതല്‍ മനോരമ അടക്കമുള്ള പത്രങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം ചൂണ്ടിക്കാട്ടി.

മിനിറ്റ് വെച്ച് നിലപാടും പാര്‍ട്ടിയും മാറാന്‍ തന്നെ നയിക്കുന്നത്, മാപ്പെഴുതിക്കൊടുത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ഭീരുക്കളല്ലെന്നും സാമ്രാജ്യത്വത്തിന്റെയും കൊടിയ ദുഷ്പ്രഭുത്വത്തിന്റെയും വെടിയുണ്ടകളെ നെഞ്ചുവിരിച്ചു നേരിട്ട പുന്നപ്ര-വയലാര്‍ ധീര സഖാക്കളാണെന്നും ആരിഫ് എഴുതി.

എ.എം ആരിഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മനോരമ മുതല്‍ ജന്മഭൂമി വരെയുള്ള വലതുപക്ഷ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ 2006 മുതല്‍ നടത്തുന്ന പ്രചാരണത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയാണ് ഇപ്പോള്‍ നമ്മള്‍ കാണുന്നത്. 2006-ല്‍ അരൂരിന്റെ എം.എല്‍.എ ആയതു മുതല്‍ മേല്‍പ്പറഞ്ഞ മാധ്യമങ്ങളും, അവരുടെ കയ്യാളുകളും, നിരന്തരമായി തേജോവധം ചെയ്യുവാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

‘ആരിഫ് കോണ്‍ഗ്രെസ്സിലേയ്ക്ക്” എന്നു പറഞ്ഞായിരുന്നു കഴിഞ്ഞതവണ നടത്തിയ കള്ള പ്രചാരണം. ആ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നതിന് തെളിവാണ് മൂന്നു തവണ അരൂരില്‍ നിന്നും എം.എല്‍.എയായതും, ഓരോ തവണയും, ഭൂരിപക്ഷം വര്‍ധിപ്പിച്ച്, ജനങ്ങളുടെ വിശ്വാസ്യത നേടിയതും.

ആ ഒരു സ്ഥാനത്തേയ്ക്ക് എന്നെ പാര്‍ട്ടി നിര്‍ദേശിച്ചതും എന്റെ പാര്‍ട്ടിക്ക് എന്നെ കുറിച്ച് ഉത്തമബോധ്യമുള്ളത് കൊണ്ടു മാത്രമാണ്. കമ്മ്യൂണിസ്റ്റ് കാരെ കുറിച്ച് ബൂര്‍ഷ്വാ പത്രങ്ങള്‍ നല്ലതെഴുതിയാല്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന് ഇ.എം.എസ് പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍ത്തു പോകുകയാണ്.

പെട്ടെന്നൊരു സുപ്രഭാതത്തില്‍ നിങ്ങള്‍ പാടിപ്പുകഴ്ത്തുന്ന ചിലരെപ്പോലെ പാര്‍ട്ടിയുടെ നേതാവായി വന്ന വ്യക്തിയല്ല ഞാന്‍. സി.പി.ഐ.എമ്മിന്റെ താഴെത്തട്ടു മുതല്‍ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചുതന്നെയാണ്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരാട്ട ഇതിഹാസങ്ങള്‍ രചിച്ച പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള ചേര്‍ത്തലയില്‍ ഏരിയ കമ്മിറ്റിയുടെ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചതും, 23 വര്‍ഷമായി പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു വരുന്നതും.

നിരവധി സമര പോരാട്ടങ്ങളില്‍ പങ്കെടുത്തു ജയില്‍വാസം ഉള്‍പ്പടെ അനുഭവിക്കുകയും, പാര്‍ട്ടിയുടെ നയത്തോടും പരിപാടികളോടും ചേര്‍ന്ന് നില്‍ക്കുകയും ചെയ്തതു കൊണ്ട് തന്നെയാണ് ആലപ്പുഴയിലെ സഖാക്കള്‍ കയ്യും മെയ്യും മറന്നു പ്രവര്‍ത്തിച്ച്, ലോക്‌സഭയിലേക്ക് ചരിത്ര വിജയം സമ്മാനിച്ചതും. ആ സഖാക്കള്‍ക്കും ആലപ്പുഴയിലെ ജനങ്ങള്‍ക്കും തെറ്റുപറ്റിയിട്ടില്ല എന്നതിന് തെളിവാണ് പാര്‍ലമെന്റില്‍ കിട്ടുന്ന കുറഞ്ഞ സമയത്തു പോലും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും, ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരികയും ചെയ്യുന്നത്.

ആര്‍.എസ്.എസിനെ നിരവധി വിഷയങ്ങളില്‍ തുറന്നു കാണിച്ച് എതിര്‍ത്തുകൊണ്ട് പാര്‍ലമെന്റില്‍ ഉള്‍പ്പടെ നിലപാടുകള്‍ എടുക്കുന്നത് ആര്‍.എസ്.എസ് മുഖപത്രമായ ജന്മഭൂമിക്കു ദഹിക്കുന്നില്ല എന്നറിയാം. അതുകൊണ്ടാണ് ജന്മഭൂമി ഇത്തരം വ്യാജ വാര്‍ത്തകള്‍ ഉയര്‍ത്തികൊണ്ടു വരുന്നത്.

അതു പ്രചരിപ്പിക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടാകാം. പാര്‍ട്ടിയില്‍ നടന്നിട്ടില്ലാത്ത ഒരു ചര്‍ച്ച നടന്നു എന്നു പറഞ്ഞു പ്രചരിപ്പിക്കുന്ന അത്തരം ആളുകളുടെ ഒരു ലക്ഷ്യവും വിജയിക്കുവാന്‍ പോകുന്നില്ല. ആരിഫ് പോരാട്ടപഥങ്ങളില്‍ തന്നെ ഉണ്ടാകും. എന്നെ ഇല്ലാതാക്കുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ആളുകള്‍ക്ക് ഇത്തരം ബൂര്‍ഷ്വാ പത്രങ്ങളില്‍ ഉള്ള സ്വാധീനം ഇതില്‍ നിന്നും മനസ്സിലാക്കന്‍ കഴിയും.

‘മുസ്ലിം ലീഗിലേക്ക് ആരിഫ്’ എന്നാണ് ഇപ്പോള്‍ ജന്മഭൂമി ഉയര്‍ത്തുന്ന കള്ള പ്രചാരണം. ഇന്ത്യയെന്ന മതേതര രാജ്യത്തിനു കളങ്കം ഉണ്ടാക്കുവാന്‍ തക്ക നിയമവുമായി ഇറങ്ങി തിരിച്ച ബി.ജെ.പി സര്‍ക്കാരിനെതിരെ നിലപാടെടുക്കുന്ന പാര്‍ട്ടിയുടെ അംഗമാണ് ഞാന്‍. ഈ വിഷയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു എതിരെയുള്ള സംഘപരിവാര്‍ ഗൂഢനയത്തിനു എതിരെ പാര്‍ലമെന്റിലും പുറത്തും നിലപാട് എടുക്കുകയും അതിനെതിരെ നിലകൊള്ളുകയും ചെയ്യുന്നത് അടിച്ചമര്‍ത്തപ്പെടുന്നവന്റെ ഒപ്പം നില്‍ക്കുക എന്നതിന്റെ ഭാഗമാണ്. അതിനെ വളച്ചൊടിച്ചു ലീഗിലേക്ക് പോകുന്നു എന്ന ഗീബല്‍സിയന്‍ നുണ പ്രചരിപ്പിക്കുന്നത് ആശയപരമായി എതിര്‍പ്പ് പ്രകടിപ്പിക്കുവാന്‍ കെല്‍പ്പില്ലാത്ത ഒരു കൂട്ടം മാധ്യമങ്ങളുടെ ഗതികേടിനുദാഹരണമാണ്. ഞാന്‍ എന്നും ഈ പാര്‍ട്ടിയുടെ കൂടെ ,പാര്‍ട്ടി നിലപാടുകളുടെ കൂടെ, ജനതയുടെ കൂടെ, തന്നെ ഉണ്ടാവും.

നുണ പ്രചരിപ്പിക്കുന്നവര്‍ അത് തുടര്‍ന്നോളൂ.. എന്നെ ഈ നാട്ടിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം.ആ ശക്തിയാണ് മുന്നോട്ടുള്ള യാത്രയില്‍ എക്കാലവും ഉണ്ടായിരുന്നത്. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും.

എനിക്കെതിരെ മാത്രം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഇപ്പോള്‍ നടത്തുന്ന അപകീര്‍ത്തി പ്രചാരണത്തിന്റെ പിന്നിലെ ചേതോവികാരം മനസ്സിലാകുന്നുണ്ട്.

മനോരമ മുതൽ ജന്മഭൂമി വരെയുള്ള വലതുപക്ഷ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ 2006 മുതൽ നടത്തുന്ന പ്രചാരണത്തിന്റെ…

Posted by AM Ariff on Tuesday, December 24, 2019

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here