മഹാരാഷ്ട്ര മന്ത്രിസഭയില്‍ അഞ്ച് വര്‍ഷത്തിനിപ്പുറം മന്ത്രിസ്ഥാനം ലഭിച്ച് മുസ്‌ലീം നേതാക്കള്‍

0
213

മുംബൈ (www.mediavisionnews.in) : മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അധികാരത്തിലേറ്റതിന് പിന്നാലെ ഇന്നലെ മന്ത്രിസഭാ വിപൂലീകരണം പൂര്‍ത്തിയായപ്പോള്‍ അഞ്ച് വര്‍ഷത്തിനിപ്പുറം മന്ത്രിസ്ഥാനത്തെത്തി മുസ്‌ലീം നേതാക്കള്‍.

തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തവരില്‍ മൂന്ന് പേരാണ് മുസ്‌ലീം വിഭാഗത്തില്‍ നിന്നും മന്ത്രിപദത്തിലെത്തിയവര്‍.

എന്‍.സി.പിയിലെ നവാബ് മാലിക്, ഹസന്‍ മുഷ്റിഫ്, കോണ്‍ഗ്രസിന്റെ അസ്‌ലം ഷെയ്ഖ് എന്നിവരാണ് മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്.

ശിവസേനയുടെ അബ്ദുല്‍ സത്താര്‍ സഹമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്തെ മന്ത്രിസഭയില്‍ മുസ്‌ലീം നേതാക്കള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം ലഭിച്ച വര്‍ഷം കൂടിയാണ് ഇത്.

2004 ല്‍ മുഖ്യമന്ത്രി വിലാസറാവു ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മൂന്ന് മുസ്‌ലിം മന്ത്രിമാര്‍ ഉണ്ടായിരുന്നു.

1999 നും 2003 നും ഇടയില്‍ ദേശ്മുഖിന്റെ കാലത്ത് തന്നെയാണ് മന്ത്രിസഭയില്‍ മുസ്‌ലിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചതും. ഏഴ് പേരായിരുന്നു അന്ന് ഉണ്ടായിരുന്നതെങ്കിലും രണ്ടുപേര്‍ക്ക് മാത്രമാണ് കാബിനറ്റ് റാങ്കുകള്‍ ലഭിച്ചത്.

2014 ല്‍ അധികാരത്തിലേറിയ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരില്‍ ഒരൊറ്റ മുസ്‌ലീം മന്ത്രി പോലും ഉണ്ടായിരുന്നില്ല. 1960 ല്‍ സംസ്ഥാനം രൂപീകൃതമായതിന് ശേഷം ആദ്യമായിട്ടായിരുന്നു 11.5 ശതമാനം മുസ്‌ലീം ജനസംഖ്യയുള്ള ഒരു സംസ്ഥാനത്ത് ഒരു മുസ്‌ലീം മന്ത്രിപോലും ഇല്ലാതെ പോയത്.

നിലവില്‍, സംസ്ഥാനത്തെ നിയമസഭയില്‍ 10 മുസ്‌ലിം എം.എല്‍.എമാരുണ്ട്, 2014 ല്‍ ഒന്‍പത് എം.എല്‍.എമാര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

1995 ല്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച ശിവസേന, പാര്‍ട്ടിയില്‍ നിന്നുള്ള ഏക മുസ്‌ലിം എം.എല്‍.എയായ സബീര്‍ ഷെയ്ഖിന് മന്ത്രിസ്ഥാനം നല്‍കിയിരുന്നു.

1960 മുതല്‍ 2014 വരെ ഉള്ള കണക്കെടുത്താല്‍ 64 മുസ്‌ലിം മന്ത്രിമാരാണ് ഉള്ളത്. 31 കാബിനറ്റ് മന്ത്രിമാരും 33 സഹമന്ത്രിമാരുമാണ് ഇത്.

സംസ്ഥാനത്ത് സ്വാധീനമുള്ള പാര്‍സി സമൂഹത്തിന് 1995 മുതല്‍ സംസ്ഥാന സര്‍ക്കാരില്‍ ഒരു പ്രാതിനിധ്യവും ലഭിച്ചിട്ടില്ല. ഇതുപോലെ തന്നെ 1978 മുതല്‍ സര്‍ക്കാരില്‍ ഒരു ക്രിസ്ത്യന്‍ പ്രതിനിധിയും ഉണ്ടായിരുന്നില്ല. എന്നാല്‍ ജൈന വിഭാഗക്കാരനായ രാജേന്ദ്ര പാട്ടീല്‍ യാദ്രോവര്‍ക്ക് ശിവസേന മന്ത്രിസ്ഥാനം നല്‍കിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here