പിണറായിക്ക് പിന്നില്‍ അണിനിരക്കുമെന്ന് സമസ്ത; ‘പൗരത്വ ഭേദഗതി നിയമം ന്യൂനപക്ഷ ബാധിത പ്രശ്നമല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മനസിലാക്കണം’

0
157

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്നില്‍ അണിനിരക്കുമെന്ന് സമസ്ത. മുഖപത്രമായ സുപ്രഭാതത്തിലാണ് സമസ്ത തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാനം ഒറ്റക്കെട്ടായി ഈ സമരത്തിനെ പോരാടുമെന്നും കേരളത്തില്‍ അത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറച്ച ശബ്ദം ജനത ആവേശത്തോടെയാണ് സ്വീകരിച്ചതെന്നും സുപ്രഭാതത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു.

ഈയൊരു ആശയം നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനോടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും ഉമ്മന്‍ചാണ്ടിയോടും മതനിരപേക്ഷ കേരളം കടപ്പെട്ടിരിക്കുന്നു.

ഇത്തരമൊരു സന്ദര്‍ഭത്തിലാണ് യു.ഡി.എഫും എല്‍.ഡി.എഫും യോജിച്ച് സമരം നടത്തിയത് ഉചിതമായില്ലെന്നും എല്ലാവരോടും ആലോചിച്ചിട്ടില്ലെന്നും ഇനിയങ്ങനെയൊരു സമരം ഉണ്ടാവുകയില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചുകളഞ്ഞതെന്ന് മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.

ആയിരം ആളുകള്‍ക്ക് പതിനായിരം ഗ്രൂപ്പുകളുള്ള കോണ്‍ഗ്രസില്‍ ഇത് ആലോചിക്കാന്‍ തുടങ്ങിയാല്‍ എവിടെയും എത്തുകയുമില്ലെന്ന് രമേശ് ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കും ബോധ്യപ്പെട്ടിരിക്കണം. എല്ലാവരേയും പ്രത്യേകം കണ്ടു ക്ഷണിക്കാന്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്നത് സദ്യവട്ടമായിരുന്നില്ല എന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും ന്യൂനപക്ഷത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമായി ചുരുക്കിക്കെട്ടാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ശ്രമിച്ചെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു.

ന്യൂനപക്ഷത്തെ ഉപയോഗിച്ച് സി.പി.എം നടത്തുന്ന വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞിരിക്കുന്നത്.

ഇതൊരു ന്യൂനപക്ഷ ബാധിത പ്രശ്നമല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആദ്യം മനസിലാക്കണം. മുസ്ലിം ന്യൂനപക്ഷത്തെ ബാധിച്ച ഏറ്റവും വലിയ ആഘാതമായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. അത് നടക്കുമ്പോള്‍ ഇന്ത്യ ഭരിച്ചിരുന്നത് പ്രധാനമന്ത്രി പി.വി നരസിംഹറാവു ആയിരുന്നു.

അന്ന് ബാബരി മസ്ജിദ് തകര്‍ക്കുന്നത് തടഞ്ഞിരുന്നുവെങ്കില്‍ ഫാസിസ്റ്റ് കക്ഷികള്‍ ശക്തിയാര്‍ജിച്ച് പൗരത്വ നിയമഭേദഗതി കൊണ്ടുവരാന്‍ ഇന്ന് ധൈര്യപ്പെടുകയില്ലായിരുന്നു. മുഖപ്രസംഗത്തില്‍പറയുന്നു.

‘രണ്ടാം സ്വാതന്ത്ര്യ സമരമാണ് രാജ്യത്ത് നടക്കുന്നതെന്ന് തലമുതിര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. കൊടിയുടെയും പാര്‍ട്ടികളുടെയും ജാതകം നോക്കാതെ പ്രതിഷേധിക്കുന്ന ജനതക്കൊപ്പം നില്‍ക്കുകയാണ് ഈ സന്ദര്‍ഭത്തില്‍ വേണ്ടത്.

ഇന്ത്യന്‍ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും അടിത്തറയാണ് ഫാസിസ്റ്റുകള്‍ മാന്തിക്കൊണ്ടിരിക്കുന്നത്. ഈ നിര്‍ണായക ഘട്ടത്തില്‍ എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ഒരു സമരം മാത്രമേ വിജയിക്കൂ. അത്തരമൊരു സമരത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് നേതൃത്വം നല്‍കുന്നതെങ്കില്‍ സി.പി.എമ്മിന്റെ ഭൂതകാലം ചിക്കിച്ചികയാതെ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കാന്‍ ജനാധിപത്യ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ജാതിമത ഭേദമന്യേയുള്ള ജനത എന്തിന് മടിക്കണം’. – മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here