കാണികളോട് പൊട്ടിത്തെറിച്ച് കോഹ്ലി, തിരുവനന്തപുരത്ത് നടന്നത് നാടകീയ സംഭവങ്ങള്‍

0
169

തിരുവനന്തപുരം (www.mediavisionnews.in): തിരുവനന്തപുരത്ത് രണ്ടാം ടി20യ്ക്കിടെ വിന്‍ഡീസ് ബാറ്റ് ചെയ്യുമ്പോള്‍ ഗ്രൗണ്ടില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. റിഷഭ് പന്തിനെ ലക്ഷ്യമിട്ട് കാണികള്‍ ഉച്ചത്തില്‍ ധോണിയുടെ പേര് പറഞ്ഞ് മുദ്രാവാക്യം വിളിയ്ക്കുകയായിരുന്നു. ഇതോടെ കാണികള്‍ക്കെതിരെ തിരിഞ്ഞ കോഹ്ലി കാണികളോട് നിശബ്ദമാകാന്‍ ആവശ്യപ്പെട്ടു.

സഞ്ജുവിനെ ടീം ഇന്ത്യയിലേക്ക് പരിഗണിക്കാത്തതില്‍ അതൃപ്തരായ കാണികളാണ് അതിന് കാരണക്കാരനായ പന്തിന് നേരെ തിരിഞ്ഞത്. വിക്കറ്റിന് പിന്നില്‍ പന്തിന്റെ മോശം പ്രകടനം കൂടിയായതോടെ കാണികളുടെ പ്രതിഷേധം എരിതീയില്‍ എണ്ണ ഒഴിച്ച പോലെയായി. സഞ്ജിവിന് പകരം ധോണിയുടെ പേര് വിളിച്ചാണ് കാണികള്‍ പ്രകോപനം സൃഷ്ടിച്ചത്.

വിക്കറ്റ് കീപ്പിങില്‍ പിഴവുകള്‍ വരുത്തുന്നത് തിരുവനന്തപുരത്തു നടന്ന ടി20യിലും പന്ത് ആവര്‍ത്തിക്കുകയായിരുന്നു. ഭുവനേശ്വര്‍ കുമാറിന്റെ ഓവറിലായിരുന്നു അനായാസം ക്യാച്ച് ചെയ്യേണ്ടിയിരുന്ന ബോള്‍ പന്ത് നിലത്തിട്ടത്. ഇതു കാണികളെ രോഷാകുലരാക്കുകയും തുടര്‍ന്ന് അവര്‍ ധോണിയുടെ പേര് ഉറക്കെ വിളിക്കുകയുമായിരുന്നു.

കളിയുടെ അഞ്ചാം ഓവറിലായിരുന്നു കാണികള്‍ ധോണിയുടെ പേര് ആര്‍പ്പുവിളിച്ചത്. ഇതു ബൗണ്ടറി ലൈനിന് ഫീല്‍ഡ് ചെയ്യുകയായിരുന്ന കോഹ്ലിയെ കുപിതനാക്കി. ഇതേ തുടര്‍ന്ന് ഗാലറിക്കു നേരെ തിരിഞ്ഞ് കാണികളോട് എന്തിനാണ് ഇങ്ങനെ വിളിക്കുന്നതെന്നു കോഹ്ലി പരസ്യമായി ചോദിക്കുകയും ചെയ്തു.

മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ഓപ്പണര്‍ എവിന്‍ ലൂയിസിന്റെ അനായാസ ക്യാച്ചായിരുന്നു പന്ത് കൈവിട്ടത്. ബാറ്റില്‍ തട്ടിത്തെറിച്ച ബോള്‍ പന്തിന് അനായാസം കൈപിടിയില്‍ ഒതുക്കാമായിരുന്നു. ഡൈവ് ചെയ്ത പന്ത് ബോള്‍ കൈയ്ക്കുള്ളിലാക്കിയെങ്കിലും ഗ്രൗണ്ടിലേക്കു വീഴുന്നതിനിടെ വഴുതിപ്പോവുകയായിരുന്നു. ആദ്യ ബ്രേക്ക്ത്രൂവിനു വേണ്ടി ഇന്ത്യ കാത്തിരിക്കുന്നതിനിടെയായിരുന്നു പന്തിന്റെ ഈ ഗുരുതര പിഴവ്.

മത്സര ശേഷം ഇതേകുറിച്ച് കോഹ്ലി പറഞ്ഞത് ഇപ്രകാരമാണ്. ‘പന്തിന്റെ കഴിവില്‍ ഞങ്ങള്‍ക്കെല്ലാം വിശ്വാസമുണ്ട്. പന്തിനു മാത്രമല്ല ടീമിലെ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്വം തന്നെയാണുള്ളത്. പന്ത് അവസരം നഷ്ടപ്പെടുത്തിയാല്‍ സ്റ്റേഡിയത്തിലെ കാണികള്‍ ധോണിയുടെ പേര് ആര്‍പ്പു വിളിക്കുന്നത് ശരിയല്ല. ഇത് അപമാനിക്കുന്നതിനു തുല്യമാണ്. ഇങ്ങനെ സംഭവിക്കാന്‍ ഒരു താരവും ആഗ്രഹിക്കില്ല’

‘സ്വന്തം രാജ്യത്തു കളിക്കുമ്പോള്‍ തീര്‍ച്ചയായും പിന്തുണയാണ് ഓരോ താരവും പ്രതീക്ഷിക്കുന്നത്. മറിച്ച് എന്ത് പിഴവാണ് ആ താരത്തിന്റെ ഭാഗത്തു നിന്നുണ്ടാവുകയെന്നു ചിന്തിക്കുകയല്ല കാണികള്‍ ചെയ്യേണ്ടത്. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോവാന്‍ ആരും ആഗ്രഹിക്കുകയില്ല’ കോഹ്ലി കൂട്ടിചേര്‍ത്തു.

Virat kohil

Posted by Champion Sports on Monday, December 9, 2019

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here