അവിവാഹിതരായ പുരുഷനും സ്ത്രീയും ഹോട്ടല്‍ മുറിയില്‍ താമസിക്കുന്നത് കുറ്റമല്ല: മദ്രാസ് ഹൈക്കോടതി

0
143

ചെന്നൈ: (www.mediavisionnews.in) ഹോട്ടല്‍ മുറിയില്‍ അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത് കുറ്റകൃത്യമല്ലെന്ന് മദ്രാസ് ഹൈക്കോടതി. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഹോട്ടലില്‍ മുറിയെടുക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും, അവിവാഹിതരാണെന്ന കാരണത്താല്‍ താമസിക്കുന്ന മുറിയില്‍ പൊലീസ് കയറി പരിശോധിക്കുന്നത് തീര്‍ത്തും നിയമവിരുദ്ധമായ നടപടിയാണെന്നും ജസ്റ്റിസ് എംഎസ് രമേശ് വ്യക്തമാക്കി.

കോയമ്പത്തൂരില്‍ അവിവാഹിതരായ സ്ത്രീക്കും പുരുഷനും മുറി എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍റെ പരസ്യത്തിനെതിരെ സ്വകാര്യവ്യക്തി നല്‍കിയ പരാതിയില്‍ പൊലീസ് ഹോട്ടല്‍ റെയ്ഡ് നടത്തുകയും അവിവാഹിതരായ ജോഡികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ നടപടിക്കെതിരെ യുവതിയും യുവാവും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. മുറിയില്‍ നിന്ന് മദ്യം പിടിച്ചെടുത്ത പൊലീസ് നടപടിയെയും കോടതി വിമര്‍ശിച്ചു.

നിയമപരമായി മദ്യം വില്‍ക്കുന്നതിനോ വിളമ്പുന്നതിനോ അനുവാദമുണ്ടെങ്കില്‍ റൂമിലെ മദ്യം പിടിച്ചെടുത്ത നടപടി തെറ്റാണെന്നും ജഡ്ജ് പറഞ്ഞു. ഹോട്ടലിന് ലൈസന്‍സില്ലെങ്കില്‍ പോലും റൂമില്‍ മുറിയെടുത്തവര്‍ സ്വന്തം നിലക്ക് മദ്യം കൊണ്ടുവരുന്നത് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്ന് കോടതിക്ക് മനസില്ലാകുന്നില്ലെന്നും ജഡ്ജ് പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് കോയമ്പത്തൂരില്‍ വിവാദ സംഭവമുണ്ടായത്.

ഹോട്ടല്‍ റൂം ബുക്കിംഗ് ആപ്ലിക്കേഷനാണ് അവിവാഹിതരായ പുരുഷനും സ്ത്രീക്കും മുറി നല്‍കുമെന്ന് പരസ്യം നല്‍കിയത്. തുടര്‍ന്ന് വിവധ സംഘടനകള്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് പൊലീസ് ഹോട്ടലില്‍ റെയ്ഡ് നടത്തുകയും ചിലരെ അറസ്റ്റ് ചെയ്ത് ഹോട്ടല്‍ പൂട്ടുകയും ചെയ്തിരുന്നു. നിയമപരമായ മുന്നറിയിപ്പൊന്നുമില്ലാതെയാണ് ഹോട്ടല്‍ പൂട്ടിയതെന്ന് ഉടമകള്‍ ആരോപിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here