മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം; തീരുമാനം കേന്ദ്ര മന്ത്രിസഭയില്‍

0
164

ന്യൂദല്‍ഹി (www.mediavisionnews.in):  മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിനു ധാരണ. കേന്ദ്ര മന്ത്രിസഭയിലാണ് ധാരണയായത്. രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് നടപ്പാക്കാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി ശുപാര്‍ശ ചെയ്തിരുന്നു. 20 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരണം നടക്കാത്തതിനാലായിരുന്നു ഗവര്‍ണറുടെ ശുപാര്‍ശ.

സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമോ എന്ന് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയോട് ഗവര്‍ണര്‍ ചോദിച്ചതിന് തൊട്ടുപിന്നാലെയാണ് രാഷ്ട്രപതി ഭരണത്തിനു ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത്. എന്‍.സി.പിക്ക് ഇന്ന് രാത്രി 8.30 വരെയാണ് സമയം നല്‍കിയിരുന്നത്.

കോശ്യാരിയുടെ കത്തിന് ശേഷം മഹാരാഷ്ട്രയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭ ഉടന്‍ യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക് പോവുന്നതിന് മുന്നോടിയായിട്ടാണ് യോഗം ചേരുന്നത്.

അതേസമയം, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാല്‍ സുപ്രീംകോടതിയില്‍ പോകുമെന്ന് ശിവസേന അറിയിച്ചിരുന്നു. ശിവസേനാ നേതാവ് ആദിത്യ താക്കറെ മൂന്നുദിവസം കൂടി അധികസമയം ചോദിച്ചിട്ടും ഗവര്‍ണര്‍ അനുവദിച്ചിരുന്നില്ല.

ഇക്കാര്യം സംസാരിക്കാന്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, അഹമ്മദ് പട്ടേല്‍ എന്നിവരെ കണ്ടിരുന്നു

എന്‍.സി.പിക്കു നല്‍കിയ സമയം അവസാനിക്കാതെ എങ്ങനെയാണ് ഗവര്‍ണര്‍ക്കു രാഷ്ട്രപതിഭരണം ശുപാര്‍ശ ചെയ്യാനാവുകയെന്ന് ശിവസേനാ നേതാവ് പ്രിയങ്കാ ചതുര്‍വേദി ചോദിച്ചിരുന്നു. ട്വിറ്ററിലായിരുന്നു അവരുടെ പ്രതികരണം.

ഇന്നാണ് എന്‍.സി.പിക്കു നല്‍കിയ സമയം അവസാനിക്കുക. ഇതിനു മുമ്പ് അവസാനവട്ട ചര്‍ച്ചകള്‍ക്കായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്താന്‍ കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍ എന്നിവര്‍ മുംബൈയിലെത്തി. അല്‍പ്പസമയത്തിനകം ഇവര്‍ കൂടിക്കാഴ്ച നടത്തും.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here