പ്രവാസികള്‍ക്ക് തിരിച്ചടി; 14 മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി

0
152

റിയാദ്: (www.mediavisionnews.in) കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഒരുങ്ങി സൗദി അറേബ്യ. ടെലികോം, ഐടി അടക്കം പതിനാലു മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് തൊഴിൽ മന്ത്രാലയത്തിന്റെ നീക്കം. തൗതീൻ എന്ന പേരിലാണ് കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാനൊരുങ്ങുന്നത്. ഇതിനായി കൺസൾട്ടൻസികളുടെയും പ്രത്യേക കമ്പനികളുടെയും സഹായം പ്രയോജനപ്പെടുത്തും.

പതിനാല് സുപ്രധാന മേഖലകളിൽ സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണു മന്ത്രലയം ലക്ഷ്യമിടുന്നത്. പതിനാലു മേഖലകളെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ടൂറിസ്റ്റ് അക്കോമഡേഷൻ, എന്റർടൈൻമെന്റ്, ടെലികോം, ഐ ടി, ഗതാഗതം, ലോജിസ്റ്റിക് സർവീസ് എന്നിവയാണ് ആദ്യ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ മേഖലയാണ് രണ്ടാമത്തെ ഗ്രൂപ്പിൽ.

മൂന്നാമത്തെ ഗ്രൂപ്പിൽ റെസ്റ്റോറന്റുകളും കോഫീ ഷോപ്പുകളുമാണ്. നാലാമത്തെ ഗ്രൂപ്പിൽ കോൺട്രാക്റ്റിംഗും റിയൽ എസ്റ്റേറ്റും ഉൾപ്പെടും. ലീഗൽ കൺസൾട്ടൻസി, എൻജിനീയറിംഗ്, അക്കൗണ്ടിങ് എന്നീ മേഖലകളാണ് ഗ്രൂപ്പ് അഞ്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മേഘലകളിൽകൂടി സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വരുന്നതോടെ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറയുമെന്നാണ് കണക്കാക്കുന്നത്.

സ്വദേശിവൽക്കരണ ശ്രമങ്ങൾ ഊർജ്ജിതമാക്കിയതിന്റെ ഫലമായി സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം കഴിഞ്ഞ രണ്ടര വർഷത്തിനിടെ 19 ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ വിദേശികളുടെ തൊഴിൽ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here