പശുവിന്‍ പാലില്‍ സ്വര്‍ണമുണ്ടെന്ന് ബി.ജെ.പി നേതാവ്; ഗോള്‍ഡ് ലോണ്‍ എടുക്കാന്‍ പശുവുമായി കര്‍ഷകന്‍ ബാങ്കില്‍

0
296

കൊൽക്കത്ത : (www.mediavisionnews.in)  കഴിഞ്ഞ ദിവസം പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷ് ഒരു വിചിത്ര അവകാശവാദം ഉന്നയിച്ചിരുന്നു. നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണമുണ്ടെന്നും അതുകൊണ്ടാണ് പാലിന് സ്വര്‍ണനിറമെന്നുമായിരുന്നു ദിലീപ് ഘോഷ് ‘വെളിപ്പെടുത്തി’യത്.

വെറുതെ ഒരാവേശത്തിന് പറഞ്ഞതായിരിക്കാം, പക്ഷേ ഇപ്പോള്‍ പുലിവാല്‍ പിടിച്ചിരിക്കുന്നത് ചില ബാങ്കുകളും ഫിനാന്‍സ് സ്ഥാപനങ്ങളുമാണ്. ഘോഷിന്റെ പ്രസംഗം കേട്ടപാതി ഒരു കര്‍ഷകന്‍ തന്റെ പശുവുമായി പശ്ചിമ ബംഗാളിലെ മണപ്പുറം ഫിനാന്‍സിന്റെ ബ്രാഞ്ചിലെത്തി. പാലില്‍ സ്വര്‍ണമുള്ളതുകൊണ്ട് സ്വര്‍ണ വായ്പ ലഭിക്കുമെന്നായിരുന്നു ഇയാളുടെ പ്രതീക്ഷ.

ഈ കര്‍ഷകന്‍ പറയുന്നത് ഇങ്ങനെ : “ഞാൻ ഇവിടെ വന്നത് ഒരു സ്വർണ്ണ വായ്പയ്ക്കാണ്, അതുകൊണ്ടാണ് ഞാൻ പശുക്കളെയും എന്റെ കൂടെ കൂട്ടിയത്. പശുവിന്‍ പാലിൽ സ്വർണ്ണമുണ്ടെന്ന് ഞാൻ കേട്ടു. എന്റെ കുടുംബം ഈ പശുക്കളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എനിക്ക് 20 പശുക്കളുണ്ട്, എനിക്ക് വായ്പ ലഭിച്ചാൽ, എന്റെ ബിസിനസ് വിപുലീകരിക്കാൻ എനിക്ക് കഴിയും.”

ദിലീപ് ഘോഷിന്റെ വിചിത്ര പ്രസംഗം കാരണം വെട്ടിലായ മറ്റൊരാള്‍ ഗരൽഗച്ച ഗ്രാമപഞ്ചായത്ത് പ്രധാൻ മനോജ് സിങാണ്. ഓരോ ദിവസവും ക്ഷീര കര്‍ഷകര്‍ തങ്ങളുടെ പശുക്കളുമായി മനോജിന്റെ വീട്ടിലെത്തുന്നുണ്ട്. അവര്‍ക്ക് അറിയേണ്ടത്, തങ്ങളുടെ പശുക്കളെ പണയം വെച്ചാല്‍ എത്ര രൂപ വായ്പ കിട്ടുമെന്നാണ്. ഇതോടെ ദിലീപ് ഘോഷിനെതിരെ മനോജും രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു. ഇതുപോലെയുള്ള വിചിത്ര പ്രസ്താവനയിലൂടെ ദിലീപ് ഘോഷ് സൃഷ്ടിച്ച ഈ സാഹചര്യത്തിനും പശുവിന്‍ പാലിൽ സ്വർണമുണ്ടെന്ന് അവകാശപ്പെട്ടതിനും അയാള്‍ക്ക് നൊബേൽ സമ്മാനം കൊടുക്കണമെന്നാണ് മനോജ് പരിഹസിക്കുന്നത്.

”എല്ലാ ദിവസവും എന്റെ പഞ്ചായത്തിലെ ആളുകൾ പശുക്കളുമായി വരുന്നു, എത്ര വായ്പ ലഭിക്കുമെന്നാണ് അവര്‍ക്ക് അറിയേണ്ടത്. തങ്ങളുടെ പശുക്കൾ പ്രതിദിനം 15-16 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നു, അതിനാൽ അവർക്ക് വായ്പ ലഭിക്കണമെന്നൊക്കെയാണ് അവരുടെ ആവശ്യം. ഇതെല്ലാം കേട്ട് ഞാൻ ലജ്ജിക്കുന്നു. ഒരു രാഷ്ട്രീയ നേതാവ് ജനങ്ങളുടെ അടിസ്ഥാന സൌകര്യങ്ങളെ കുറിച്ചാണ് സംസാരിക്കേണ്ടത്. വികസനത്തെക്കുറിച്ച് ചിന്തിക്കണം. പക്ഷേ ബി.ജെ.പി മതത്തെയും ഹിന്ദുത്വത്തെയും കുറിച്ച് മാത്രമേ സംസാരിക്കൂ.” മനോജ് പറ‍ഞ്ഞു.


മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here