ടി.പി കേസ് പ്രതികള്‍ക്ക് അപേക്ഷിക്കുമ്പോഴെല്ലാം പരോള്‍; കുഞ്ഞനന്തന് അനുവദിച്ചത് 257 ദിവസം

0
196

തിരുവനന്തപുരം: (www.mediavisionnews.in) ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ സര്‍ക്കാരിന് വി.ഐ.പികളാണ്. ജീവപര്യന്തം തടവ് ശിക്ഷലഭിച്ച് ജയിലില്‍ കഴിയുന്ന അവര്‍ക്ക് അപേക്ഷിക്കുമ്പോഴെല്ലാം പരോള്‍ അനുവദിച്ച് സന്തോഷിപ്പിക്കുകയാണ് സര്‍ക്കാര്‍.

ചട്ട പ്രകാരമുള്ള സാധാരണ പരോളും അടിയന്തര പരോളുമാണ് അനുവദിക്കുന്നതെന്ന് ജയില്‍വകുപ്പ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ ദിവസം പരോള്‍ കിട്ടിയത് സി.പി.എം പാനൂര്‍ ഏര്യാ കമ്മിറ്റി അംഗമായ പ്രതി കുഞ്ഞനന്തനാണ്.

257 ദിവസമാണ് സര്‍ക്കാര്‍ കുഞ്ഞനന്തന് പരോള്‍ അനുവദിച്ചത്. ഏറ്റവും കുറച്ച് പരോള്‍ അനുവദിച്ചതാകട്ടെ ഒന്നാം പ്രതി കൊടി സുനിയ്ക്കും. 60 ദിവസമാണ് സുനിയ്ക്ക് പരോള്‍ അനുവദിച്ചത്.

അസുഖബാധിതനായ കുഞ്ഞനന്തന്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മറ്റൊരു സി.പി.എം നേതാവും ഗൂഢാലോചനയില്‍ പ്രതിയുമായ കെ.സി രാമചന്ദ്രന്‍ 205 ദിവസം ഈ സര്‍ക്കാര്‍ വന്നതിനു ശേഷം പരോളിലിറങ്ങിയിട്ടുണ്ട്. ആറാം പ്രതിയായ സിജിത്തിന് 186 ദിവസത്തെ പരോളാണ് കിട്ടിയത്. പരോളിലിറങ്ങി സി.പി.എം നേതാക്കള്‍ക്കൊപ്പം വിവാഹ സല്‍കാര വേദി പങ്കിട്ട് വിവാദത്തിലായ മുഹമ്മദ് ഷാഫി 145 ദിവസമാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.

125 ദിവസമാണ് റഫീക്കിന് പരോള്‍ ലഭിച്ചത്. കിര്‍മാണി മനോജിനും അനൂപിനും 120 ദിവസം പരോള്‍ ലഭിച്ചു. ഷിനോജിന് 105 ദിവസം പരോള്‍ കിട്ടിയപ്പോള്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത സി.പി.എം കുന്നോത്ത് പറമ്പ് ബ്രാഞ്ച് മുന്‍ സെക്രട്ടറി മനോജിന് 117 ദിവസം പരോള്‍ ലഭിച്ചു. മറ്റൊരു പ്രതി ടി.കെ രജീഷിന് 90 ദിവസവും.

ഒരു തടവുകാരന് ഒരു വര്‍ഷം 60 ദിവസം സാധാരണ പരോളിന് അര്‍ഹതയുണ്ട്. അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടി അപേക്ഷ സമര്‍പ്പിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും പൊലിസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തരപരോള്‍ അനുവദിക്കാം.

എന്നാല്‍ മറ്റു തടവുകാക്കൊന്നും ഇത്തരത്തില്‍ സര്‍ക്കാര്‍ സഹായം ചെയ്യില്ല. അനുവദിക്കപ്പെട്ട പരോള്‍ തന്നെ ലഭിയ്ക്കാത്തവരും നിരവധിയാണ്. 2012 മെയ് 4ന് രാത്രി 10 മണിക്കാണ് വടകരക്കടുത്തു വള്ളിക്കാട്‌വച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്.

ടി.പിയെ കൊലപ്പെടുത്തിയ കേസില്‍ 12 പേരെയായിരുന്നു എരഞ്ഞിപ്പാലം പ്രത്യേക കോടതി ശിക്ഷിച്ചത്. ഇതില്‍ പതിനൊന്നു പേര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷയാണ് ലഭിച്ചത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here