ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; ഒപ്പത്തിനൊപ്പമോടി മുന്നണികള്‍

0
180

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. രാവിലെ മുതല്‍ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സ്ഥാനാര്‍ത്ഥികള്‍ പര്യടനം നടത്തും. വൈകീട്ട് പ്രമുഖരെ അണിനിരത്തിയുള്ള റോഡ്‌ഷോകളോട് കൂടിയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. ഞായറാഴ്ചയിലെ നിശബ്ദ പ്രചാരണം കഴിഞ്ഞ് തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.

മറ്റേത് മണ്ഡലത്തിലുമില്ലാത്ത തരത്തില്‍ പിരിമുറുക്കത്തിലേക്കാണ് വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പോക്ക്. ആദ്യ ഘട്ടത്തിലെ പ്രചരണ മുന്‍തൂക്കം എല്‍.ഡി.എഫിന് നഷ്ടപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി യു.ഡി.എഫ് പ്രചരണത്തില്‍ ഒപ്പത്തിനൊപ്പമെത്തി. എന്‍.എസ്.എസ് പിന്തുണ ആദ്യ ഘട്ടത്തില്‍ യു.ഡി.എഫിന് ആവേശമായെങ്കില്‍ അതിനെതുടര്‍ന്നുണ്ടായ വിവാദം അപ്രതീക്ഷിതമായി.

ഈഴവ, ക്രിസ്ത്യന്‍, മുസ്ലീം വോട്ടുകള്‍ അനുകൂലമാക്കാനാണ് എല്‍.ഡി.എഫ് ശ്രമം. 72000 ത്തോളം വരുന്ന എന്‍.എസ്എ.സ് വോട്ടുകളില്‍ മൂന്നില്‍ രണ്ട് അനുകൂലമായാല്‍ തന്നെ വിജയം ഉറപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ കിട്ടിയതില്‍ ഒരു വിഭാഗം വോട്ടുകള്‍ കുറഞ്ഞാല്‍ പോലും കഴിഞ്ഞ തവണ ബി.ജെ.പിക്ക് പോയ മുന്നാക്ക വോട്ട് തിരിച്ചുവരുന്നതോടെ അത് പരിഹരിക്കാന്‍ കഴിയുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. സ്ഥാനാര്‍ഥിയുടെ ജനകീയതയും മണ്ഡലത്തിലെ പുതിയ സാഹചര്യവും വിജയമൊരുക്കുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ. പ്രചരണത്തിന്റെ അവസാനദിവസം രമേശ് ചെന്നിത്തല, ശശിതരൂര്‍, കെ. മുരളീധരന്‍ തുടങ്ങിയ നേതാക്കളും സിനിമാതാരം ജഗദീഷും അണിനിരക്കുന്ന മെഗാറോഡ് ഷോയാണ് യു.ഡി.എഫ് ഒരുക്കിയിരിക്കുന്നത്.

വിശ്വാസത്തില്‍ പ്രതീക്ഷ വെച്ച ബിജെപിക്ക് എന്‍എസ്എസ് നിലപാടില്‍ അങ്കലാപ്പുണ്ടെങ്കിലും ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നും കിട്ടിയത് അപ്രതീക്ഷിത പിന്തുണയാണ്.

ത്രികോണ മത്സരത്തിലേക്ക് നീങ്ങുന്ന കോന്നി ഉപതെരഞ്ഞെടുപ്പിൽ സാമുദായിക വോട്ടുകളും നിർണ്ണായകമാവും. പല വിധ വിഷയങ്ങൾ ഉയർത്തി മുന്നണികൾ പ്രചരണം നടത്തിയെങ്കിലും ഈ വോട്ടുകളുടെ ഏകീകരണമാവും വിജയിയെ നിർണ്ണയിക്കുന്നതിൽ പ്രധാന ഘടനമാവുക.

ഇരുപത്തിമൂന്ന് വർഷം അടൂർ പ്രകാശ് എം.എൽ.എയായിരുന്ന മണ്ഡലം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. എൻ.എസ്എ.സിന്റെ പിന്തുണയും യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ റോബിൻ പീറ്ററിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങൾ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക മുന്നണിയ്ക്കുണ്ട്. പരമ്പരാഗത എസ്.എൻ.ഡി.പി വോട്ടുകളിലാണ് എൽ.ഡി.എഫ് പ്രതീക്ഷ.

ലോക്സഭ തെരഞ്ഞെടുപ്പിൽ കോന്നിയിൽ മുന്നേറ്റം നടത്താൻ കഴിഞ്ഞതാണ് എൻ.ഡി.എ യുടെ വിജയ പ്രതീക്ഷ .ഓർത്തഡോക്സ് വിഭാഗത്തിന്റെ പിന്തുണ തങ്ങൾക്ക് ലഭിക്കുമെന്നാണ് എൻ.ഡി.എ യുടെ വിലയിരുത്തൽ.

പരസ്യ പ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അരൂരില്‍ പോരാട്ടം ഉച്ഛസ്ഥായിയിലാണ്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലാണ് യുഡിഎഫിന്റെ പ്രചാരണം. അതേസമയം ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടിയ ചരിത്രമാണ് എറണാകുളത്തിന്. ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here