കേരളം എന്തുകൊണ്ട് ഇതുവരെ ‘മോഡി-ഫൈഡ്’ ആയില്ല? ജോണ്‍ എബ്രഹാമിന്റെ മറുപടി

0
205

മുംബൈ (www.mediavisionnews.in) ‘അതാണ് കേരളത്തിന്റെ സൗന്ദര്യം. നിങ്ങള്‍ക്ക് ഒരു ക്ഷേത്രവും ക്രിസ്ത്യന്‍-മുസ്‌ലിം പള്ളികളും പത്ത് മീറ്റര്‍ അകലത്തില്‍ കാണാനാവും. അവയൊക്കെ സമാധാനത്തോടെ, പ്രശ്‌നങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നു’, കേരളത്തിന്റെ രാഷ്ട്രീയമായ പ്രത്യേകതകളെക്കുറിച്ചുള്ള ചോദ്യത്തിന് പാതി മലയാളി കൂടിയായ ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ മറുപടിയാണിത്. മലയാളിയായ മാധ്യമ പ്രവര്‍ത്തകന്‍ മുരളി കെ മേനോന്റെ ആദ്യ നോവല്‍ ‘ദി ഗോഡ് ഹു ലവ്ഡ് മോട്ടോര്‍ബൈക്ക്‌സി’ന്റെ മുംബൈയിലെ പ്രകാശനവേദിയിലാണ് ജോണിന്റെ അഭിപ്രായപ്രകടനം. 

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ എന്തുകൊണ്ടാണ് ബിജെപി ഇതുവരെ ശക്തി പ്രാപിക്കാത്തത് എന്ന അര്‍ഥത്തിലായിരുന്നു പരിപാടിയുടെ മോഡറേറ്റര്‍ ആയ നമ്രത സക്കറിയയുടെ ചോദ്യം. നമ്രതയുടെ ചോദ്യം ഇങ്ങനെ.. ‘കേരളം എന്തുകൊണ്ടാണ് ഇതുവരെ ‘മോഡിഫൈഡ്’ ആവാത്തത്? മറ്റിടങ്ങളില്‍ നിന്ന് മലയാളികളെ വ്യത്യസ്തരാക്കുന്നത് എന്താണ്’? ഈ ചോദ്യത്തിനുള്ള ജോണ്‍ എബ്രഹാമിന്റെ മറുപടി ഇങ്ങനെ..

‘അതാണ് കേരളത്തിന്റെ സൗന്ദര്യം. നിങ്ങള്‍ക്ക് ഒരു ക്ഷേത്രവും ക്രിസ്ത്യന്‍-മുസ്‌ലിം പള്ളികളും പത്ത് മീറ്റര്‍ അകലത്തില്‍ കാണാനാവും. അവയൊക്കെ സമാധാനത്തോടെ, പ്രശ്‌നങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നു. അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും അവിടെയില്ല. മുഴുവന്‍ ലോകവും ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും സമാധാനത്തോടെയുള്ള സഹജീവനത്തിന് കഴിയുന്ന പ്രദേശത്തിന് ഉദാഹരണമാണ് കേരളം.’

ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ മരണസമയത്ത് കേരളത്തില്‍ എത്തിയപ്പോഴത്തെ കാഴ്ചകളും ജോണ്‍ ചടങ്ങില്‍ ഓര്‍ത്തെടുത്തു. ‘ആ സമയത്ത് ഞാന്‍ കേരളത്തില്‍ പോയിരുന്നു. കാസ്‌ട്രോയുടെ മരണത്തില്‍ അനുശോചനം അറിയിച്ചുള്ള പോസ്റ്ററുകളും ഹോര്‍ഡിംഗുകളും എമ്പാടും എനിക്ക് കാണാന്‍കഴിഞ്ഞു. അത്തരത്തില്‍ കേരളം ശരിക്കും കമ്യൂണിസ്റ്റ് ആണ്. അച്ഛന്‍ കാരണം കുറേയേറെ മാര്‍ക്‌സിസ്റ്റ് സംഗതികള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഒരുപാട് മലയാളികളില്‍ ഒരു ഇടതുപക്ഷ സമീപനമുണ്ട്. നമ്മളെല്ലാം വിശ്വസിക്കുന്നത് സമത്വപൂര്‍വ്വമുള്ള ജീവിതത്തിലും സമ്പത്തിന്റെ തുല്യമായ വിതരണത്തിലുമാണ്. അതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് കേരളം’, ജോണ്‍ എബ്രഹാം വേദിയില്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here