മഞ്ചേശ്വരം മണ്ഡലത്തിൽ മുൻഗണന; വോട്ടര്‍പട്ടിക നവീകരണം തുടങ്ങി

0
168

കാസർകോട്‌: (www.mediavisionnews.in) അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെയും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്റെയും മുന്നോടിയായി വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള നടപടികൾ തെരഞ്ഞെടുപ്പ് കമീഷൻ ആരംഭിച്ചു. ജില്ലയിലെ രാഷ്ട്രീയ പാർടി പ്രതിനിധികളുടെ യോഗം കലക്ടറേറ്റിൽ ചേർന്നു. കലക്ടർ ഡോ. ഡി സജിത് ബാബു  അധ്യക്ഷനായി. 

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിൽ മണ്ഡലത്തിലെ വോട്ടർ പട്ടികയും ബൂത്തുകളും ക്രമീകരിക്കുന്നതിനാണ് പ്രഥമ പരിഗണന. മണ്ഡലത്തിലെ ചില ബൂത്തുകൾ സംബന്ധിച്ച പരാതികൾ പരിശോധിക്കും. ലൊക്കേഷൻ മാറാതെ ബൂത്തുകൾ സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് 10 നകം  അപേക്ഷ നൽകണം. ലൊക്കേഷൻ മാറ്റണമെങ്കിൽ 15 നകം അപേക്ഷിക്കണം. തൊട്ടടുത്ത് പോളിങ് ബൂത്തുണ്ടായിട്ടും ചില വോട്ടർമാർക്ക് അകലെയുള്ള ബൂത്തുകളിലാണ് വോട്ടുള്ളതെന്ന പരാതി പരിശോധിച്ച് തീരുമാനമെടുക്കും. വോട്ടർമാരുടെ ഒന്നിച്ചുള്ള ബൂത്തു മാറ്റം അനുവദിക്കില്ല. ബിഎൽഒമാർ രാഷ്ട്രീയ പ്രേരിതമായി പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാവും.

വോട്ടർ പട്ടികയിൽ പേരുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും നിശ്ചിത മാതൃകയിൽ അപേക്ഷ ലഭിച്ചാൽ കമീഷന്റെ സമയക്രമം പാലിച്ച് ഹിയറിങ്ങ് നടത്തിയ ശേഷമേ തീരുമാനമെടുക്കാവൂ. വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കാനും അർഹരായ വോട്ടർമാരെ ഉൾപ്പെടുത്തുന്നതിനും അനർഹരെ ഒഴിവാക്കുന്നതിനും നടപടിയെടുക്കും.  ആഗസ്‌ത്‌ 31 വരെ ഇലക്ടേഴ്‌സ്‌ വെരിഫിക്കേഷൻ പ്രോഗ്രാം (ഇവിപി) ക്യാമ്പയിൻ നടത്തും. വോട്ടർമാർ വോട്ടർ പട്ടികയിൽ തങ്ങളുടെ പേരുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. മുമ്പ് വോട്ട് ചെയ്തിട്ടുണ്ടെങ്കിലും സാങ്കേതിക കാരണങ്ങളാലോ മറ്റൊ വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാകാൻ സാധ്യതയുണ്ട്.

അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സുതാര്യമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ധാരാളം അവസരങ്ങളുണ്ട്. 18 വയസ്‌ പൂർത്തിയായ ആളുകളെ വോട്ടർ പട്ടികയിൽ ചേർക്കുന്നതിനും മരിച്ചവരെ ഒഴിവാക്കുന്നതിനും രാഷ്ട്രീയ പാർടികൾ പ്രാധാന്യം നൽകണം. സെപ്തംബർ ഒന്ന് മുതൽ 30 വരെ ബിഎൽഒമാർ വീടുകളിലെത്തി വോട്ടർമാരുടെ വിവരം പരിശോധിക്കും. സെപ്തംബർ 15ന് സംയോജിത കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. നവംബർ 30 വരെ പരാതികളും അവകാശവാദങ്ങളും ഉന്നയിക്കാം. ഡിസംബർ 15നകം പരാതികൾ തീർപ്പാക്കും. 2020 ജനുവരി ഒന്നിനും 15നും ഇടയിൽ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. യോഗത്തിൽ തെരഞ്ഞെടുപ്പ്‌ ഡെപ്യൂട്ടി കലക്ടർ എ കെ രമേന്ദ്രൻ, സംസാരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here