അക്കാര്യം ധോണിയ്ക്ക് മാത്രമേ അറിയൂ, ആ ദിനം അനിവാര്യമാണ്: ഗാംഗുലി

0
189

കൊല്‍ക്കത്ത (www.mediavisionnews.in): ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണി വിരമിക്കുന്നതിനെ കുറിച്ച് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ സജീവമാണല്ലോ. ധോണി വിരമിക്കണമെന്ന് ഒരു വിഭാഗം ആരാധകര്‍ ആവശ്യപ്പെടുമ്പോള്‍ അതിനുളള സമയമായിട്ടില്ലെന്നാണ് മറ്റൊരു വിഭാഗം ആരാധകരുടെ പക്ഷം. ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.

താന്‍ വിരമിക്കാറായോ എന്ന് പരിശോധിക്കേണ്ടത് ധോണി തന്നെയാണെന്നും എത്ര വലിയ താരമാണെങ്കിലും ഒരു നാള്‍ വിരമിക്കേണ്ടി വരുമെന്നും ഗാംഗുലി ധോണിയെ ഓര്‍മ്മിപ്പിക്കുന്നു. ഇനിയും ടീമിന് സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് ധോണിയ്ക്ക് തോന്നുന്നുവെങ്കില്‍ അദ്ദേഹത്തിന് പകരം വെയ്ക്കാന്‍ മറ്റൊരു താരമില്ലെന്നും ഗാംഗുലി പറഞ്ഞു. അതെസമയം ധോണിക്ക് ശേഷമുള്ള ടീമിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും ഗാംഗുലി കൂട്ടിചേര്‍ത്തു.

കരിയറിന്റെ ഏത് ഘട്ടത്തിലാണ് താനുള്ളതെന്ന് ധോണി സ്വയം പരിശോധിക്കട്ടെ. ഇന്ത്യക്കായി ഇനിയും മത്സരങ്ങള്‍ ജയിപ്പിക്കാനാകുമോയെന്ന് ധോണിയാണ് തിരിച്ചറിയേണ്ടത്. ഇനിയും സംഭാവനകള്‍ നല്‍കാന്‍ കഴിയുമെങ്കില്‍ ധോണിക്ക് പകരം വെയ്ക്കാന്‍ ആളില്ല’ ഗാംഗുലി പറഞ്ഞു.

‘ധോണിയ്ക്ക് എല്ലാക്കാലവും കളിക്കാനാവില്ല. വിരമിക്കല്‍ തീരുമാനം പൂര്‍ണമായും ധോണിക്ക് വിട്ടുനല്‍കുക. എല്ലാ വമ്പന്‍ താരങ്ങള്‍ക്കും ഒരുനാള്‍ കളിക്കളം വിടേണ്ടി വരും. മറഡോണ, സച്ചിന്‍, ലാറ, ബ്രാഡ്മാന്‍ എന്നിവരൊക്കെ ഉദാഹരണം. ധോണിക്കും ആ ദിനം അനിവാര്യമാണ്. എത്രത്തോളം ഊര്‍ജ്ജം ബാക്കിയുണ്ടെന്ന് താരത്തിന് മാത്രമേ അറിയൂ’ ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കായി 350 ഏകദിനങ്ങള്‍ കളിച്ച ധോണി 50.6 ശരാശരിയില്‍ 10,773 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ നിന്ന് 2014-ല്‍ ധോണി വിരമിച്ചിരുന്നു. നിലവില്‍ സ്വയംവിശ്രമം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകന്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here