റീപോളിംഗിനിടെ വോട്ടു ചോദിച്ചെന്ന പരാതി തെളിഞ്ഞാല്‍ എം.പി സ്ഥാനം രാജിവെക്കും: ഉണ്ണിത്താന്‍

0
162

കാസര്‍കോഡ്(www.mediavisionnews.in): റീപോളിംഗിനിടെ വരിയില്‍ നിന്നവരോടു വോട്ടു ചോദിച്ചെന്ന ആരോപണം തെളിഞ്ഞാല്‍ പൊതുജീവിതവും എം.പി സ്ഥാനവും വേണ്ടെന്നു വയ്ക്കുമെന്ന് കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തെളിവുകള്‍ കയ്യിലുള്ളവര്‍ പുറത്തു വിടട്ടെയെന്നും ആരോപണം ഉന്നയിച്ചവര്‍ അതു തെളിയിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്ന പിലാത്തറയിലെ പോളിംഗ് ബൂത്തിനകത്ത് വെച്ചും ക്യൂവില്‍ നിന്ന വോട്ടര്‍മാരോടും വോട്ട് ചോദിച്ചെന്നാണ് പരാതി.

കൂടാതെ കോണ്‍ഗ്രസ് സംസ്‌കാരമില്ലാത്ത ചിലരാണു തനിക്കെതിരെ പ്രവര്‍ത്തിച്ചെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ‘പ്രതിസന്ധികളുണ്ടായപ്പോള്‍ പലരും തനിച്ചാക്കി പോവുകയാണു ചെയ്തത്. പക്ഷേ, പ്രതികാര രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല. അവരോടുള്ള മധുര പ്രതികാരമായി മാത്രം ഇപ്പോഴത്തെ വിജയത്തെ കാണാം’- ഉണ്ണിത്താന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പു ഫണ്ട് തിരിമറിയുണ്ടായതു വിഷമമുണ്ടാക്കി. അതു ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. അവര്‍ യുക്തമായ തീരുമാനമെടുക്കും. ഇനിയും അതിനു പിന്നാലെ പോകാന്‍ താല്‍പര്യമില്ല. രാഷ്ട്രീയ ജീവിതത്തില്‍ തനിക്കു ലഭിക്കേണ്ട നീതി വൈകി. തന്റെ ചെറുവിരലില്‍ പോലും പിടിച്ചുയര്‍ത്താന്‍ ആരുമുണ്ടായില്ലെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

കാസര്‍ഗോഡ് മണ്ഡലത്തില്‍ എല്‍.ഡി.ഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രനെ 40,438 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പരാജയപ്പെടുത്തിയത്. ഇതോടെ 30 വര്‍ഷത്തെ ഇടതുപക്ഷത്തിന്റെ ആധിപത്യമാണ് കാസര്‍ഗോഡ് ഉണ്ണിത്താനിലൂടെ കോണ്‍ഗ്രസ് തകര്‍ത്തത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here