പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ: തൊഴിലന്വേഷകര്‍ രാജ്യം വിടണം; നിയമ ലംഘകര്‍ കനത്ത പിഴ നല്‍കേണ്ടി വരും

0
427

യുഎഇ(www.mediavisionnews.in):  കാലാവധി പിന്നിട്ട തൊഴിലന്വേഷക വിസയില്‍ യു.എ.ഇയില്‍ തുടര്‍ന്നാല്‍ പ്രവാസികള്‍ കനത്ത പിഴ അടക്കേണ്ടി വരുമെന്ന് ഫെഡറല്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. ആറുമാസത്തെ തൊഴിലന്വേഷക വിസ ലഭിച്ചവര്‍ അതിന്റെ കാലാവധി പിന്നിടുന്നതിന് മുമ്പ് തൊഴില്‍വിസയിലേക്ക് മാറുകയോ, രാജ്യം വിടുകയോ വേണമെന്ന് അതോറിറ്റി നിര്‍ദേശിച്ചു. ഇത്തരം വിസകളുടെ കാലാവധി ജൂണില്‍ അവസാനിക്കും.

സ്‌പോണ്‍സര്‍ ഇല്ലാതെ നല്‍കിയ താല്‍ക്കാലിക വിസ തൊഴില്‍ തേടാന്‍ ഉപാധികളോടെ നല്‍കിയതാണ്. ഈ കാലയളവില്‍ രാജ്യം വിടുന്നവര്‍ക്ക് വിസാ കാലാവധി ഉണ്ടെങ്കിലും തിരിച്ചുവരാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. സാധാരണ വിസയ്ക്കുള്ള ഇളവുകള്‍ ഇതിനുണ്ടാകില്ലെന്നു ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വ്യക്തമാക്കി.

6 മാസ വിസയില്‍ ഉള്ളവര്‍ പുതിയ സ്‌പോണ്‍സറെ കണ്ടെത്തണം. രാജ്യം വിടേണ്ടി വരുന്നവര്‍ തിരിച്ചു വരുന്നത് പുതിയ വിസയിലാകണം. 2018 ഓഗസ്റ്റ് ഒന്നിനു മുന്‍പ് രാജ്യത്തെ താമസകുടിയേറ്റ നിയമം ലംഘിച്ചവര്‍ക്കാണ് തൊഴിലന്വേഷിക്കാന്‍ വിസ നല്‍കിയതെന്നു വിദേശകാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ സഈദ് റാകാന്‍ അല്‍ റാഷിദി പറഞ്ഞു.

നിയമലംഘകര്‍ക്കു തൊഴിലന്വേഷണത്തിന് അവസരമൊരുക്കാനാണ് താല്‍ക്കാലിക വിസ നല്‍കിയത്. തൊഴില്‍ വിസയിലേക്കു മാറാതെ ഇവര്‍ തൊഴിലെടുക്കുന്നതിനും വിലക്കുണ്ട്. ചട്ടങ്ങള്‍ പാലിക്കാതെ തൊഴില്‍ നല്‍കുന്നവര്‍ക്ക് അരലക്ഷം ദിര്‍ഹം പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here