സൗദിയില്‍ മുണ്ട് ധരിക്കുന്നത് നിരോധിച്ചോ ?

0
414

റിയാദ്(www.mediavisionnews.in): സൗദി അറേബ്യയില്‍ മുണ്ട് ധരിച്ച് പുറത്തിറങ്ങുന്നത് നിരോധിച്ചു എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണം. കഴിഞ്ഞ ചൊവ്വാഴ്ച സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ച പൊതുപെരുമാറ്റ സംരക്ഷണ ചട്ടത്തിലെ ചില നിബന്ധനകളെ തെറ്റായി കണ്ടാണ് മലയാളികളടക്കമുള്ളവര്‍ വ്യാജപ്രചാരണം നടത്തിയത്. എംബിസി ചാനലിലെ ഒരു ന്യൂസ് ക്ലിപ്പ് സഹിതം ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയുമാണ് പ്രചാരണം.

ആഭ്യന്തരമന്ത്രാലയവും വിനോദ സഞ്ചാര വകുപ്പും ചേര്‍ന്ന് പുറപ്പെടുവിച്ച പെരുമാറ്റ ചട്ടം അനുസരിച്ച് പൊതുഇടങ്ങളില്‍ ആളുകളുടെ പെരുമാറ്റം സംബന്ധിച്ച് പ്രധാനമായും അഞ്ച് നിബന്ധനകള്‍ പാലിക്കണമെന്നാണു പറയുന്നത്. ഇതിലൊന്ന് ലംഘിച്ചാല്‍ 5,000 റിയാല്‍ വരെ പിഴ ശിക്ഷ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇതില്‍ സഭ്യമോ മാന്യമോ അല്ലാത്ത വസ്ത്രധാരണം നടത്തി പുറത്തിറങ്ങുന്നതും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിനെയാണ് മുണ്ട് നിരോധനം എന്ന രീതിയില്‍ ചിത്രീകരിക്കുന്നത്. ഉറങ്ങുമ്പോള്‍ ധരിക്കുന്ന വസ്ത്രം, അടിവസ്ത്രം എന്നിവ ധരിച്ച് പൊതുഇടങ്ങളില്‍ വരുന്നതിനെയാണ് എതിര്‍ക്കുന്നത്. ഇതിനെ ധരിക്കുന്നത് വിലക്കിയെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞോ അറിയാതെയോ ഇത്തരം പോസ്റ്ററുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. പൊതുപെരുമാറ്റ ചട്ടത്തിലെ മറ്റു പ്രധാന അറിയിപ്പുകള്‍ ഇവയാണ്.

ആളുകളെ പരസ്യമായി അവഹേളിക്കല്‍, പരിഹസിക്കല്‍, വെറുപ്പും വിദ്വേഷം പരത്തല്‍, വംശീയാധിക്ഷേപം നടത്തല്‍, സ്ത്രീകളെയും കുട്ടികളെയും വാക്കാലോ പ്രവൃത്തിയാലോ ഭയപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യല്‍, സമാധാനത്തിനു ഭംഗം വരുത്തുന്ന നിലയില്‍ മോശമായി പെരുമാറല്‍, അനാവശ്യമായി ബഹളം വയ്ക്കല്‍, വാഹനങ്ങളില്‍ വലിയ ശബ്ദത്തില്‍ പാട്ട് വയ്ക്കല്‍, ക്യൂ പാലിക്കേണ്ടിടത്ത് ലംഘിക്കല്‍ തുടങ്ങിയവയ്ക്കും ശിക്ഷ ലഭിക്കും. ഇതിനു പുറമെ, പൊതുഇടങ്ങളില്‍ അനുമതിയില്ലാതെ രഹസ്യ കാമറകള്‍ ഉപയോഗിക്കല്‍, ഭിന്നശേഷിക്കാര്‍ക്കു സംവരണം ചെയ്ത ഇരിപ്പടങ്ങള്‍ കൈയേറല്‍, മാലിന്യ നിക്ഷേപം, ലൈസന്‍സില്ലാതെ പരസ്യ പോസ്റ്ററുകള്‍ പതിക്കല്‍, യാത്രക്കാരെ ശല്യം ചെയ്യല്‍, നിരോധിത മേഖലകളിലെ പുകവലി തുടങ്ങിയ 12ഓളം നിബന്ധനകള്‍ വേറെയും പൊതുപെരുമാറ്റ ചട്ടത്തില്‍ പറയുന്നുണ്ട്.

ഈ നിബന്ധനകളിലൊന്നു ലംഘിച്ചാല്‍ ശിക്ഷിക്കപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ പൊതുമര്യാദ ലംഘിക്കുന്നെന്ന് ശ്രദ്ധയില്‍പെട്ടാല്‍ ആര്‍ക്കും പരാതി നല്‍കാം. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക കോടതി തന്നെ സ്ഥാപിച്ചിട്ടുണ്ടെന്നും സൗദി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here