ബംഗളൂരു(www.mediavisionnews.in) ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്ബു. ബംഗളൂരുവിലെ ഇന്ദിരാനഗറിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് സംഭവം. പ്രചാരണ സ്ഥലത്ത് നിന്ന് കാറില്‍ കയറി മടങ്ങാനൊരുങ്ങുന്ന ഖുശ്ബുവിനെ ഒരാള്‍ പിന്നില്‍ നിന്ന് കയറിപ്പിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് തിരിച്ച് എത്തിയ ഖുശ്ബു ഇയാളുടെ കരണത്ത് അടിക്കുകയായിരുന്നു.
ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസ്, ബംഗളുരു സെന്‍ട്രലിലെ സ്ഥാനാര്‍ത്ഥി റിസ്വാന് അര്‍ഷദ് എന്നിവര്‍ക്കൊപ്പം നടന്നു വരികെയാണ് ഖുശ്ബുവിനെതിരെ ആക്രമണമുണ്ടായത്. പിന്നിലൂടെ വന്നയാള്‍ രണ്ട് തവണ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് ഖുശ്ബു പറഞ്ഞു. ആദ്യം പിടിച്ചുവെങ്കിലും ഖുശ്ബു പ്രതികരിച്ചില്ല. വീണ്ടും പിടിച്ചതോടെയാണ് അവര്‍ അക്രമിയുടെ മുഖത്തടിച്ചത്. തുടര്‍ന്ന് പോലീസെത്തി ഇയാളെ നീക്കുകയായിരുന്നു. പരാതി ഇല്ലാത്തതിനാള്‍ ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.