‘മോദി ജാക്കറ്റ് വാങ്ങാന്‍ ആളില്ല’; 2014 ലെ അവസ്ഥയല്ല ഇപ്പോള്‍; കച്ചവടം നഷ്ടത്തിലെന്ന് വസ്ത്ര വ്യാപാരികള്‍

0
211

ന്യൂദല്‍ഹി (www.mediavisionnews.in): 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ വന്‍ ഹിറ്റായി മാറിയ നരേന്ദ്രമോദി ജാക്കറ്റിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞതായി വസ്ത്രവ്യാപാരികള്‍.

ലഭിക്കുന്ന ഓര്‍ഡറുകളില്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നതെന്നും 2014 ലെ ട്രെന്റ് ആവര്‍ത്തിക്കുമെന്ന് കരുതി തയ്യാറാക്കിവെച്ച സ്‌റ്റോക്കുകള്‍ കെട്ടിക്കിടക്കുകയാണെന്നും മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള വ്യപാരികള്‍ വ്യക്തമാക്കിയതായി ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹാഫ് സ്ലീവ് കോട്ടുള്ള ഖാദിയില്‍ തയ്ച്ച വസ്ത്രം മോദി ജാക്കറ്റ് എന്ന പേരില്‍ മുന്‍ വര്‍ഷങ്ങളില്‍ വലിയ തോതില്‍ വിപണിയില്‍ വിറ്റുപോയിരുന്നെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ കോട്ടിന്റെ ഡിമാന്റ് ഇപ്പോള്‍ കുത്തനെ ഇടിഞ്ഞതായും ഇവര്‍ പറയുന്നു.

v” ഓരോ ദിവസവും 35 ജാക്കറ്റുകള്‍ വരെ വിറ്റുപോയ സമയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഴ്ചയില്‍ ഒരു ജാക്കറ്റ് മാത്രം വിറ്റുപോകുന്ന അവസ്ഥയാണ്” ഉള്ളതെന്നുമാണ് ഔറംഗാബാദിലെ ഒരു വ്യാപാരി പറയുന്നത്. ” നോട്ട് നിരോധനവും ജി.എസ്.ടിയും വരള്‍ച്ചാ സമാനമായ സാഹചര്യങ്ങളും വലിയ രീതിയില്‍ കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. വിപണി പൊതുവെ തകര്‍ച്ചയിലാണ്”- ഗുര്‍വീന്ദര്‍ സിങ് എന്ന വ്യാപാരി പറയുന്നു. ഗുല്‍മാന്തിയിലേയും തിലക് പതിലേയും ഔറംഗപുരയിലേയും ഒസ്മാപുരയിലേയും വ്യാപാരികള്‍ സമാനമായ ആശങ്ക തന്നെയാണ് പങ്കുവെക്കുന്നത്.

റെഡിമെയ്ഡ് എത്‌നിക് വെയര്‍ വസ്ത്രങ്ങള്‍ക്കൊപ്പം മോദി ജാക്കറ്റും സ്‌റ്റോക്ക് ചെയ്തിരുന്നെന്നും എന്നാല്‍ കഴിഞ്ഞ വര്‍ഷം വെറും 10 പീസുകള്‍ മാത്രമാണ് വിറ്റുപോയതെന്നുമാണ് വസ്ത്രവ്യാപാരിയായ രാജേന്ദ്ര ബാവ്‌സര്‍ പറയുന്നത്.

വലിയ സ്റ്റോക്ക് ഇപ്പോഴും ഫാക്ടറിയില്‍ ഉണ്ട്. വലിയ തുക തന്നെ ഇതിനായി നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഒരു ലാഭവും അതില്‍ നിന്നും ഉണ്ടായില്ല. മറ്റ് ഖാദി ലിനന്‍ കോട്ടണ്‍ ഷര്‍ട്ടുകള്‍ക്കാണ് ആളുകള്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിലൊക്കെ വലിയ ഡിമാന്റായിരുന്നു മോദി ജാക്കറ്റിന് ലഭിച്ചിരുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പിന് മുന്‍പായി പ്രത്യേകിച്ച് ഓര്‍ഡുകളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here