ഞങ്ങളുടെ വോട്ട് വേണ്ടെന്ന നിലപാട് എല്ലാ മണ്ഡലത്തിലും ബാധകമാണോ; ലീഗിനെതിരെ എസ്.ഡി.പി.ഐ

0
167

തിരുവനന്തപുരം(www.mediavisionnews.in): എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന ലീഗ് നിലപാടിനെതിരെ വിമര്‍ശനവുമായി എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വം. എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന നിലപാട് എല്ലാ മണ്ഡലത്തിലും ബാധകമാണോയെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി ചോദിച്ചു.

വിവാദചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത് ലീഗാണെന്നും അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു. ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത് ലീഗാണ്. ഞങ്ങളല്ല. ഞങ്ങളുടെ വോട്ട് വേണ്ടെന്ന നിലപാട് എല്ലാ മണ്ഡലത്തിലും ബാധകമാണോയെന്ന് ലീഗ് വ്യക്തമാക്കണമെന്നും ഫൈസി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് ജയിക്കാന്‍ തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് ഇന്നലെ എം.കെ മുനീര്‍ പറഞ്ഞിരുന്നു.. എസ്.ഡി.പി.ഐയുടെ സഹായത്തില്‍ ജയിക്കുന്നതിനേക്കാള്‍ നല്ലത് പാര്‍ട്ടി പിരിച്ചുവിടുന്നതാണെന്നായിരുന്നു മുനീറിന്റെ പ്രതികരണം.

മുസ്ലീം ലീഗും എസ്.ഡി.പി.ഐയും തമ്മില്‍ കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലില്‍വെച്ച് ചര്‍ച്ച നടത്തിയത് വിവാദമായ സാഹചര്യത്തിലായിരുന്നു മുനീറിന്റെ പ്രതികരണം.

എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന് വെക്കാന്‍ ലീഗ് തയ്യാറാവുമോയെന്ന് സി.പി.ഐ.എം ചോദിച്ചിരുന്നു. എന്നാല്‍ അത്തരം കടുത്ത നിലപാടിലേക്ക് പോകാന്‍ ഇ.ടി മുഹമ്മദ് ബഷീറോ കുഞ്ഞാലിക്കുട്ടിയോ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു എസ്.ഡി.പി.ഐ.യുടെ വോട്ട് വേണ്ടെന്ന നിലപാടുമായി മുനീര്‍ രംഗത്തെത്തിയത്.

മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറുമായിരുന്നു എസ്.ഡി.പി.ഐ നേതാക്കളുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത്.

എസ്.ഡി.പി.ഐ നേതാക്കളായ നസറുദ്ദീന്‍ എളമരം, അബ്ദുള്‍ മജീദ് ഫൈസി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അതേസമയം, രാഷ്ട്രീയ ചര്‍ച്ച നടന്നെന്ന വാര്‍ത്തകള്‍ ലീഗ് തള്ളിയിരുന്നു. എസ്.ഡി.പി.ഐയുമായി ഒരു ബന്ധവുമില്ലെന്നും ചര്‍ച്ച നടത്തിയിട്ടില്ലെന്നുമായിരുന്നു ലീഗിന്റെ വിശദീകരണം. എന്നാല്‍ ചര്‍ച്ച എസ്.ഡി.പി.ഐ സ്ഥിരീകരിച്ചിരുന്നു.

എസ്.ഡി.പി.ഐ നേതാക്കളും ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീറും പി.കെ കുഞ്ഞാലിക്കുട്ടിയും കൊണ്ടോട്ടി തുറക്കലിലെ കെ.ടി.ഡി.സി ഹോട്ടലില്‍ നിന്ന് പുറത്തു പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്.

രാഷ്ട്രീയ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ലീഗ് നേതാവും പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയുമായ ഇ.ടി മുഹമ്മദ് ബഷീറും നിഷേധിച്ചിരുന്നു. ”ഞങ്ങള്‍ അവിടെയുണ്ടായിരുന്നപ്പോള്‍ അപ്രതീക്ഷിതമായി എസ്.ഡി.പി.ഐ നേതാക്കള്‍ അവിടെയെത്തിയതാണെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റിന്റെ വീട് എന്റെ വീടിന്റെ തൊട്ടടുത്താണെന്നും ചര്‍ച്ച നടത്താന്‍ അങ്ങോട്ട് പോണോ എന്നും ഇ.ടി ചോദിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here