മംഗലാപുരം വിമാനത്താവളത്തില്‍ ദുബൈലേക്ക് പോകേണ്ട യുവതിയുടെ പാസ്‌പോര്‍ട്ട് കീറി; ഉദ്യോഗസ്ഥനെതിരെ പരാതിയുമായി യുവാവ്‌

0
189

ദുബൈ (www.mediavisionnews.in):  ഭാര്യയുടെ പാസ്‌പോര്‍ട്ട് വിമാനത്താവളത്തില്‍ വെച്ച് കീറിമുറിച്ചു. പരാതിയുമായി പ്രവാസിയായ മലയാളി യുവാവ്. മംഗലാപുരത്ത് നിന്ന് ദുബൈയിലേക്കുള്ള യാത്രക്കിടെയാണ് മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തില്‍ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനാണ് പാസ്‌പോര്‍ട്ട് രണ്ടായി കീറിയത്. ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ പിആര്‍ഒയായി ജോലി ചെയ്യുന്ന കാസര്‍കോട് കീഴൂര്‍ സ്വദേശി ഹാഷിമാണ് ഇതിനെതിരെ പരാതിപ്പെട്ടത്.

ഹാഷിമിന്റെ ഭാര്യയും എട്ട് മാസം പ്രായമായ കൈക്കുഞ്ഞും അടക്കം രണ്ട് മക്കളുമായാണ് ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ മംഗലാപുരത്ത് എത്തിയത്. പാസ്‌പോര്‍ട്ട് തലേന്ന് രാത്രി ഭാര്യാ മാതാവ് കൃത്യമായി പരിശോധിച്ചതാണ്. വീട്ടില്‍ നിന്ന് യാത്ര തുടങ്ങി എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതുവരെ അതിന് യാതൊരു കുഴപ്പവുമില്ലായിരുന്നുവെന്ന് ഹാഷിം പറയുന്നു. പാസ്‌പോര്‍ട്ടും ടിക്കറ്റും പരിശോധനയ്ക്കായി പ്രവേശന കവാടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നു കൈക്കുഞ്ഞിന് എയര്‍പോര്‍ട്ടിലെ സ്‌ട്രോളറെടുക്കാന്‍ പോയിരുന്നു.

തിരിച്ചെത്തിയപ്പോള്‍ എല്ലാവരുടെയും പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കുകയും ചെയ്തു. തുടര്‍ന്ന് ബോഡിങ് പാസ് എടുക്കാനായി നല്‍കിയപ്പോഴാണ് പാസ്‌പോര്‍ട്ട് രണ്ടു കഷണങ്ങളാക്കിയ കാര്യം മനസ്സിലാക്കുന്നത്. ഈ പാസ്‌പോര്‍ട്ട് കൊണ്ട് യാത്ര അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇവിടെ നിന്നാണ് ഇങ്ങനെ പാസ്‌പോര്‍ട്ടിന് സംഭവിച്ചതെന്ന് പറഞ്ഞിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ല. കൈക്കുഞ്ഞുമായി യാത്രചെയ്യുന്ന തന്റെ ഭാര്യയോട് വളരെ ക്രൂരമായാണ് അധികൃതര്‍ പെരുമാറിയതെന്നു ഹാഷിം ആരോപിച്ചു.

അവസാനം എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥരോട് കേണപേക്ഷിച്ചു കാര്യങ്ങള്‍ വിശദമാക്കി. ദുബൈ എയര്‍പോര്‍ട്ടില്‍ നിന്ന് മടക്കി അയച്ചാല്‍ തങ്ങള്‍ ഉത്തരവാദികളല്ല എന്ന് അധികൃതരുടെ നിര്‍ദേശപ്രകാരം വെള്ള പേപ്പറില്‍ എഴുതി ഒപ്പിട്ടുനല്‍കി യാത്ര തുടരുകയായിരുന്നു. എന്നാല്‍ ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ അധികൃതര്‍ വളരെ മാന്യമായ രീതിയില്‍ പെരുമാറുകയും അടുത്ത യാത്രയ്ക്ക് മുമ്പായി പാസ്‌പോര്‍ട്ട് മാറ്റണമെന്നുള്ള ഉപദേശം നല്‍കുകയും ചെയ്തു.തന്റെ ഭാര്യക്കുണ്ടായ ദുരനുഭവം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ട്വീറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

എയര്‍പോര്‍ട്ട് അതോറിറ്റിക്കും ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഉടന്‍ പരാതി നല്‍കുമെന്നും ഹാഷിം പറഞ്ഞു.മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഇത്തരം പാസ്‌പോര്‍ട്ട് കീറുന്ന പരാതി നേരത്തെയും ഉണ്ടായിട്ടുണ്ട്. ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരോട് പ്രത്യേകിച്ച് സ്ത്രീകളോടാണ് പലപ്പോഴും ഈ ക്രൂരത കാണിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here