പാകിസ്ഥാനെതിരെ ലോക കപ്പ് ഇന്ത്യ ബഹിഷ്‌കരിച്ചേക്കും, ബി.സി.സി.ഐ ത്രിശങ്കുവില്‍

0
161

മുംബൈ (www.mediavisionnews.in) : പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം മേയില്‍ ഇംഗ്ലണ്ടിന്‍ നടക്കുന്ന ഏകദിന ലോക കപ്പ് ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കും. ലോക കപ്പില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടേണ്ടി വന്നാല്‍ അത് രാജ്യത്ത് വന്‍ വിവാദത്തിന് വഴിവെച്ചേക്കാം. ജൂണ്‍ 16നാണ് ലോകകപ്പിലെ ഇന്ത്യാ-പാകിസ്ഥാന്‍ മത്സരം.

ലോക കപ്പില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കരുതെന്ന് മുറവിളിയാണ് ക്രിക്കറ്റ് ആരാധകരില്‍ നിന്നും ഇപ്പോള്‍ ഉയരുന്നത്. ആരാധകര്‍ക്ക് പുറമെ മുംബൈയിലെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയും(സിസിഐ) ഇതേ ആവശ്യവുമായി രംഗത്തെത്തിയത് ബിസിസിഐയ്ക്ക് തലവേദനയായിട്ടുണ്ട്.

ഏകദിന ലോകകപ്പ് ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന കടുത്ത ആവശ്യമാണ് ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ സെക്രട്ടറി സുരേഷ് ബാഫ്ന മുന്നോട്ടുവെച്ചിരിക്കുന്നത്. ബാഫ്‌നയുടെ ആവശ്യത്തിന് സമൂഹ മാധ്യമങ്ങളിലും ആരാധകരുടെ പിന്തുണ ലഭിക്കുന്നുണ്ട്. അതേസമയം, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്‍ നിലപാട് മാറ്റുന്നതു വരെ ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരകള്‍ ഉണ്ടാവില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല വ്യക്തമാക്കി.

ലോകകപ്പ് ക്രിക്കറ്റ് തുടങ്ങാന്‍ ഇനിയും സമയമുണ്ടെന്നതിനാല്‍ ലോകകപ്പില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ട കാര്യമില്ലെന്നും ശുക്ല പറഞ്ഞു. ലോക കപ്പില്‍ പാകിസ്ഥാനുമായി കളിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. കാരണം ലോക കപ്പിന് ഇനിയും ദിവസങ്ങളുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമായിരിക്കും ബിസിസിഐയെന്നും ശുക്ല പറഞ്ഞു.

ക്രിക്കറ്റും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തരുതെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാക് നിലപാട് മാറ്റും വരെ ആ രാജ്യവുമായി ക്രിക്കറ്റ് ബന്ധങ്ങള്‍ പുനരാരംഭിക്കാനാവില്ലെന്നും ശുക്ല പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here