14 മണിക്കൂര്‍നീളുന്ന ദൗത്യം; രാജ്യംവിട്ട കുറ്റവാളിയെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനമൊരുക്കുന്നു

0
182

ന്യൂഡല്‍ഹി(www.mediavisionnews.in): രാജ്യംവിട്ട കുപ്രസിദ്ധ കുറ്റവാളിയെ തിരികെയെത്തിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി എയര്‍ ഇന്ത്യയുടെ ദീര്‍ഘദൂര യാത്രയ്ക്കു ശേഷിയുള്ള പ്രത്യേക ബോയിങ് വിമാനം തയ്യാറാക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. എന്നാല്‍ ആരെ ലക്ഷ്യംവെച്ചാണ് വിമാനം വിദേശത്തേയ്ക്ക് പുറപ്പെടുന്നതെന്ന കാര്യം വ്യക്തമല്ല.

വിമാന ജോലിക്കാരെ കൂടാതെ 15-20 പേരെ വഹിച്ചാണ് വിമാനം യാത്രതിരിക്കുന്നത്. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണ് യാത്രയ്ക്ക് തയ്യാറെടുക്കുന്നതെന്നാണ് സൂചന. എന്നാല്‍ വിമാനം ഏതു രാജ്യത്തേയ്ക്കാണ് പോകുന്നതെന്ന് വ്യക്തമല്ല. ലക്ഷ്യത്തിലെത്തി 14 മണിക്കൂറിനു ശേഷം തിരികെ പുറപ്പെടാനാണ് ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട മെഹുല്‍ ചോക്‌സി, നീരവ് മോദി, വിജയ് മല്യ അടക്കമുള്ള നിരവധി പേര്‍ വിദേശത്താണുള്ളത്. ഇവരില്‍ പലരും വിദേശ പൗരത്വം നേടിയതായും വാര്‍ത്തകളുണ്ടായിരുന്നു. മെഹുല്‍ ചോക്‌സിക്ക് കരീബിയന്‍ രാജ്യമായ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയില്‍ പൗരത്വം ലഭിച്ചതായും സൂചനയുണ്ട്. ഇത്തരം ദ്വീപരാഷ്ട്രങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കുന്നതിനും അനുമതിയുണ്ട്.

കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയുമായി ഉടമ്പടികളൊന്നുമില്ലാത്ത ഇത്തരം രാജ്യങ്ങള്‍ ഇവര്‍ക്ക് സുരക്ഷിത താവളങ്ങളാണ്. പണം മുടക്കി പൗരത്വം നേടാന്‍ സാധിക്കുന്ന രാജ്യങ്ങളിലേയ്ക്കാണ് സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യംവിട്ട പലരും ചേക്കേറിയിരിക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. ഇന്ത്യ ഇപ്പോള്‍ തയ്യാറെടുക്കുന്ന പ്രത്യേക ദൗത്യം ലക്ഷ്യംവയ്ക്കുന്നത് നീരവ് മോദിയെയും മെഹുല്‍ ചോക്‌സിയെയുമാണെന്നാണ് കരുതപ്പെടുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here