മഞ്ചേശ്വരം:(www.mediavisionnews.in) വർഗീയ വിഭജനം ലക്ഷ്യമിട്ട‌് ചില പ്രത്യേക മത വിഭാഗത്തിൽ പെട്ടവർക്കു മാത്രമായി കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെതിരെ ഡിവൈഎഫ‌്ഐ നേതൃത്വത്തിൽ സെക്കുലർ ക്രിക്കറ്റ‌് ടൂർണമെന്റ‌് സംഘടിപ്പിച്ചു.  മതനിരപേക്ഷതയ്ക്കുനേരെ വെല്ലുവിളി ഉയർത്തുന്ന സംഘപരിവാൾ സംഘടനകളുടെ നീക്കങ്ങൾക്കെതിരെ ‘വർഗീയതയ്ക്ക് കളം നൽകില്ല, കളിക്കളങ്ങൾക്ക് മതമില്ല’ എന്ന സന്ദേശമുയർത്തിയായിരുന്നു മത്സരം.
സമാപന പൊതുയോഗം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മഹേഷ് മീഞ്ച അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി സി ജെ സജിത്ത്, പ്രസിഡന്റ് പി കെ നിഷാന്ത്, ജില്ലാ സെക്രട്ടറിയറ്റ് അംഗം സാദിഖ് ചെറുഗോളി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ആർ ജയാനന്ദ, ഏരിയ സെക്രട്ടറി അബ്ദുൽ റസാഖ് ചിപ്പാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ഹാരിസ് പൈവളിഗെ സ്വാഗതം പറഞ്ഞു. ക്രിക്കറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം റെഡ് ലൈൻ ബെള്ളൂരും രണ്ടാം സ്ഥാനം ബിസി ടൈഗർ ബായാറും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനം  സംസ്ഥാന സെക്രട്ടറി വിതരണം ചെയ്തു. എസ്എഫ്ഐ ഏരിയാ കമ്മിറ്റി നടത്തിയ സെക്കുലർ മാച്ചിന്റെ സമ്മാനവും വേദിയിവച്ച്  വിതരണം ചെയ്തു.
        