സുനാമി ഓര്‍മകള്‍ക്ക് ഇന്ന് പതിനാല് വയസ്; വീണ്ടുമൊരു സുനാമിക്കുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് മുന്നറിയിപ്പ്; ഇന്തൊനേഷ്യയില്‍ മരിച്ചവരുടെ എണ്ണം 429 ആയി

0
177

ന്യൂഡല്‍ഹി (www.mediavisionnews.in): ആധുനിക ലോകം കണ്ട ഏറ്റവും വലിയ സുനാമി ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് പതിനാല് വയസ്. 2004 ഡിസംബര്‍ 26ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഞ്ഞടിച്ച രാക്ഷസത്തിരമാലകള്‍ വിഴുങ്ങിയത് രണ്ടര ലക്ഷം മനുഷ്യരെയാണ്. ക്രിസ്മസ് ആഘോഷ ലഹരി വിട്ട് മാറുന്നതിന് മുന്‍പാണ് തൊട്ടടുത്ത ദിവസം വടക്കന്‍ സുമാത്രയിലുണ്ടായ കടല്‍ ഭൂകമ്പമാണ് മരണത്തിരമാലകളായി ആഞ്ഞടിച്ചത്.

9.19.3 വരെ തീവ്രത രേഖപ്പെടുത്തിയ ആ ഭൂകമ്പം ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ദീര്‍ഘമായ ഭൂചലനമായിരുന്നു. ഇന്ത്യന്‍ സമുദ്രത്തില്‍ നൂറടി വരെ ഉയരത്തില്‍ പാഞ്ഞെത്തിയ തിരമാലകള്‍ പതിനഞ്ച് രാജ്യങ്ങളുടെ തീരങ്ങളെയാണ് മുക്കിയത്. കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായത് ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെ ആയിരുന്നു.

ഇന്ത്യയില്‍ കേരളതീരങ്ങള്‍, കന്യാകുമാരി, ചെന്നൈ, ആന്ധ്ര, പുതുച്ചേരി, ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് സുനാമി ആഞ്ഞടിച്ചത്. പതിനാറായിരം ജീവനുകളാണ് ആഞ്ഞടിച്ചെത്തിയ തിരയില്‍ പൊലിഞ്ഞത്. തമിഴ്‌നാട്ടില്‍ മാത്രം ഏഴായിരം മരണം. കേരളത്തില്‍ 236 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഏറ്റവും കനത്ത നാശം ഉണ്ടായത് ആലപ്പുഴ കൊല്ലം ജില്ലകളില്‍. ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ടു കിലോമീറ്റര്‍ തീരം കടലെടുത്തു. മൂവായിരത്തിലധികം വീടുകള്‍ തകര്‍ന്നു.

അതിനിടെ, ഇന്തൊനേഷ്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 429 ആയി. വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകളില്ലാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. സുനാമി ബാധിത പ്രദേശങ്ങളില്‍ ദുരന്തനിവാരണ സേനയും പട്ടാളവും ഉള്‍പ്പടെയുള്ള വന്‍ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇന്തൊനേഷ്യയിലെ സൂണ്‍ഡെ കടലിടുക്കിലെ ‘അനക് ക്രാകോട്ടേവി അഗ്‌നിപര്‍വതത്തിലുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് ഇന്തൊനേഷ്യന്‍ തീരങ്ങളിലേക്ക് സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്. ദുരന്തത്തില്‍ ഇതുവരെ 429 പേര്‍ മരിച്ചതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന രാജ്യത്തെ ദുരന്തനിവാരണസേന അറിയിച്ചു. 1500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 154 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും പതിനാറായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നും സേന അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു കനത്ത മഴയും തുടരുകയാണ്. ഒറ്റപ്പെട്ട ഒട്ടേറെ ദ്വീപുകളില്‍ ഇപ്പോഴും ജനങ്ങള്‍ കുടുങ്ങിക്കിടപ്പുണ്ട്. ജാവയുടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലേക്ക് ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. മത്സ്യബന്ധന മേഖലയായ ഇവിടെ വന്‍ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. റോഡുകളില്‍ ചെളി നിറഞ്ഞ് ഉപയോഗശൂന്യമായി. വാഹനങ്ങള്‍ തകര്‍ന്നുകിടക്കുന്നു, മരങ്ങള്‍ കടപുഴകി. റോഡുകളിലും വയലുകളിലുമെല്ലാം വീട്ടുപകരണങ്ങളും ലോഹവസ്തുക്കളും മരത്തടികളും ചിതറിക്കിടക്കുകയാണ്.

അതേസമയം, ഇന്തോനേഷ്യയില്‍ വീണ്ടും സുനാമി മുന്നറിയിപ്പ്. കടുത്ത കാലാവസ്ഥയും വലിയ തിരമാലകളും ഉണ്ടാകുവാനുള്ള സാദ്ധ്യത അഗ്‌നിപര്‍വ്വതം വീണ്ടും പാട്ടിത്തെറിക്കുവാന്‍ കാരണമായേക്കും. അഗ്‌നിപര്‍വ്വതം കടലില്‍ പതിച്ചാല്‍ വീണ്ടും ഒരു സുനാമി കടലില്‍ രൂപപ്പെടുവാനുള്ള സാദ്ധ്യതയുണ്ടെന്ന് ഇന്തോന്യഷ്യന്‍ കാലാവസ്ഥ മേധാവി ദ്വികോറിറ്റാ കര്‍ണവാറ്റി മാധ്യമങ്ങളോട് പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here