എണ്ണിയപ്പോള്‍ ലഭിച്ചത് പോള്‍ ചെയ്തവോട്ടുകളേക്കാള്‍ കൂടുതല്‍; തെലങ്കാനയില്‍ തെരഞ്ഞെടുപ്പു കമ്മീഷന് തലവേദനയായി വീണ്ടും വിവാദം

0
178

ഹൈദരാബാദ് (www.mediavisionnews.in): തെലങ്കാനയില്‍ ചില മണ്ഡലങ്ങളില്‍ എണ്ണിയ വോട്ടുകളുടെ കണക്കും ആകെ രേഖപ്പെടുത്തിയ വോട്ടുകളും തമ്മില്‍ വ്യത്യാസം കണ്ടെത്തിയത് തെരഞ്ഞെടുപ്പു കമ്മീഷനെ പ്രതിരോധത്തിലാക്കുന്നു. കുറഞ്ഞ വോട്ടുകളുടെ മാര്‍ജിനില്‍ ജയം തീരുമാനിച്ച മണ്ഡലങ്ങളില്‍ ഇത്തരം വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടത് തെരഞ്ഞെടുപ്പു കമ്മീഷനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വോട്ടെടുപ്പിനു പിന്നാലെ തെരഞ്ഞെടുപ്പു കമ്മീഷന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ കണക്കുപ്രകാരം ധര്‍മ്മപുരി നിയമസഭാ മണ്ഡലത്തില്‍ 1,65,209 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇവിടെ മത്സരിച്ച 11 സ്ഥാനാര്‍ത്ഥികള്‍ക്കും നോട്ടയ്ക്കുമായി ആകെ ലഭിച്ചത് 165,747 വോട്ടുകളാണ്.

538 അധിക വോട്ടുകളാണ് ഇവിടെ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ടി.ആര്‍ സ്ഥാനാര്‍ത്ഥി കോപ്പുല ഈശ്വര്‍ 441 വോട്ടുകള്‍ക്കാണ് ഇവിടെ ജയിച്ചത്. അധികമായി കണ്ടെത്തിയ വോട്ടുകള്‍ ഭൂരിപക്ഷത്തില്‍ നിന്നും അസാധുവാക്കിയാല്‍ അത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ. ലക്ഷ്മണിനെ വിജയിയായി പ്രഖ്യാപിക്കേണ്ട സ്ഥിതിയുണ്ടാക്കും.

രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എങ്ങനെ വന്നുവെന്നതു സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്‍ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. ചെറിയ ചില വ്യത്യാസങ്ങളുണ്ടാകാം എന്നാണ് ഇതിനെക്കുറിച്ച് തെലങ്കാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രജത് കുമാര്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിടുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വ്യത്യാസം തെളിയിക്കപ്പെട്ടാല്‍ ചെറിയ മാര്‍ജിനില്‍ ജയിച്ച പല മണ്ഡലങ്ങളിലും അത് വിജയിയെ മാറ്റിമറിക്കും.

നേരത്തെ വോട്ടര്‍പട്ടികയില്‍ നിന്നും 22ലക്ഷത്തോളം പേരുടെ പേര് അപ്രത്യക്ഷമായത് വലിയ ചര്‍ച്ചയായിരുന്നു. ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയടക്കമുള്ളവര്‍ ഇതുസംബന്ധിച്ച് പരാതിയുമായി രംഗത്തുവന്നിരുന്നു. ഈ സംഭവത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here