ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ പൊലീസില്‍ നിന്ന് വിവേചനം നേരിടുന്നു; പൊലീസില്‍ വിശ്വാസമില്ല: സര്‍വേ റിപ്പോര്‍ട്ട്

0
252

ന്യൂ ദല്‍ഹി(www.mediavisionnews.in): മുസ്‌ലിമായതിന്റെ പേരില്‍ പൊലീസ് മനപ്പൂര്‍വം വേട്ടയാടുകയാണെന്നും പൊലീസില്‍ നിന്ന് അരക്ഷിതാവസ്ഥ അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ട്.രാജ്യത്തെ ഇരുന്നൂറോളം മുസ്‌ലിങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. കോമണ്‍വെല്‍ത്ത് ഹ്യൂമണ്‍ റൈറ്റ്‌സ് ഇനീഷേറ്റീവും ക്വില്‍ ഫൗണ്ടേഷനുമാണ് സര്‍വേ നടത്തിയത്. രാജ്യത്തിലെ എട്ട് പ്രമുഖ നഗരങ്ങളില്‍ നടത്തിയ സര്‍വേയുടെ ഫലം ഇന്നലെയാണ് പുറത്തുവിട്ടത്.

പൊലീസിങിന്റെ വസ്തുത മനസ്സിലാക്കാന്‍ പൊതു ചര്‍ച്ചകളും ഇന്റര്‍വ്യൂകളും സംഘടിപ്പിച്ചതായി സര്‍വേ നടത്തിയ സംഘടനകള്‍ പറഞ്ഞു. സര്‍വേയുടെ ഭാഗമായി 25 മുസ്‌ലിം പൊലീസ് ഉദ്യോഗസ്ഥരേയും അഭിമുഖം നടത്തി.

മുസ്‌ലിം സമുദായത്തിന്റെ പൊലീസിനെകുറിച്ചുള്ള വികാരം നിരാശജനകമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പലപ്പോഴും പൊലീസില്‍ നിന്ന് വിവേചനം നേരിട്ടതായും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

പൊലീസില്‍ വിശ്വാസമില്ലെന്നും നിയമപാലകര്‍ ശാരീരിക,നിയമ സംരക്ഷണം ഉറപ്പാക്കുന്നില്ലെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.മുസ്‌ലിങ്ങള്‍ വ്യാപകമായി ഇരകളാക്കപ്പെടുന്നുണ്ടെന്നും പീഡിക്കപ്പെടുന്നുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.

വലിയൊരു ശതമാനം മുസ്‌ലിങ്ങളും ഭീഷണികള്‍ക്ക് നടുവിലാണ് ജീവിക്കുന്നതെന്നും അനാവശ്യമായി ജയിലുകളില്‍ കഴിയുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

പൊലീസിലുള്ള മുസ്‌ലിങ്ങള്‍ സേനയില്‍ ഒതുക്കപ്പെടുന്നതായും റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് സേന ഇന്നും കൊളോണിയല്‍ സമ്പ്രദായത്തിന്റെ തുടര്‍ച്ചയാണ് പിന്തുടരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭരിക്കുന്ന പാര്‍ട്ടിയെ പ്രീതിപ്പെടുത്തുന്ന നിയമമാണ് പൊലീസ് ആക്ടെന്ന് ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍ റിപ്പോര്‍ട്ട് പ്രകാശനവേളയില്‍ പറഞ്ഞു. തമിഴ്‌നാട് മുന്‍ പൊലീസ് ഡയറക്ടര്‍ രാമനുജനും ചടങ്ങില്‍ സന്നിഹിതനായി.മുസ്‌ലിം വിഭാഗത്തിന്റെ ആവശ്യങ്ങള്‍ ഭൂരിപക്ഷത്തിനും മനസ്സിലാകണമെന്നും അദ്ദേഹം പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here