കണ്ണൂരിലേക്കുള്ള ആദ്യവിമാനത്തില്‍ ഇടമുറപ്പിച്ച് മൊയ്തു; കാത്തിരുന്ന നിമിഷം

0
235

കണ്ണൂർ(www.mediavisionnews.in): അബുദാബിയിൽ നിന്ന് കണ്ണൂരിേലേയ്ക്ക് സ്വപ്നവിമാനം പറന്നുയരുമ്പോൾ ചിറകുവിടർത്തുന്നത് മൊയ്തു വലവീട്ടിലിന്‍റെ മോഹങ്ങൾ കൂടിയാണ്. ഡിസംബർ 9ന് ഉച്ചയ്ക്ക് 130ന് യുഎഇ തലസ്ഥാന നഗരിയായ അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കുള്ള ആദ്യഎയർ ഇന്ത്യാ എക്സ്പ്രസ് എെഎക്സ് 716 വിമാനത്തിൽ കണ്ണൂർ പെരിങ്ങത്തൂർ കരിയാട് സ്വദേശി മൊയ്തു വലവീട്ടിലുമുണ്ടാകും. ആദ്യ യാത്രക്കാരിലൊരാളായി. വലിയ സ്വപ്നത്തിന്‍റെ സാഫല്യമാണ് മൊയ്തുവിന് ഇത്.

സ്വന്തം നാട്ടിലെ പുതിയ വിമാനത്താവളത്തിലേയ്ക്ക് പറന്നിറങ്ങുന്ന ആദ്യ യാത്രാ വിമാനത്തിൽ താനുണ്ടായിരിക്കണമെന്ന് മൊയ്തുവിന് നിർബന്ധമുണ്ടായിരുന്നു. കണ്ണൂരിലെ മൂർഖൻപറമ്പിൽ വിമാനത്താവളം വരുന്നു എന്ന് കേട്ടപ്പോൾ മനസിൽ കുറിച്ചിട്ട തീരുമാനം. തന്‍റെ വീട്ടിൽ നിന്ന് 40 കിലോമീറ്ററോളം ദൂരം മാത്രമേ വിമാനത്താവളത്തിലേയ്ക്കുള്ളൂ. തന്നെ പോലുള്ള സാധാരണക്കാരുടെ വലിയ മോഹമാണ് ഇൗ വിമാനത്താവളത്തിലൂടെ പൂവണിയുന്നതെന്ന് മൊയ്തു പറഞ്ഞു. നേരത്തെ കോഴിക്കോട്, മംഗലാപുരം എന്നീ വിമാനത്താവളങ്ങളെയായിരുന്നു മൊയ്തു യാത്രയ്ക്ക് ആശ്രയിച്ചിരുന്നത്.

കണ്ണൂർ വിമാനത്താവളത്തിലേയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ഇന്നുരാവിലെ ആരംഭിച്ചു എന്ന അറിഞ്ഞയുടൻ ദെയ്റ ഫിഷ് റൗണ്ടെബൗട്ടിനടുത്തെ എയർ ഇന്ത്യാ ഒാഫീസിൽ ചെന്നെങ്കിലും വൈകിട്ട് വരാനായിരുന്നു നിർദേശം. തുടർന്ന് പതിവായി ടിക്കറ്റെടുക്കാറുള്ള ബർദുബായിലെ അൽ മജാൻ ട്രാവൽസുമായി ബന്ധപ്പെട്ടു. ഉടൻ സ്ഥലത്തെത്താൻ അവർ ആവശ്യപ്പെട്ടതനുസരിച്ച് ചെന്നയുടൻ ടിക്കറ്റെടുത്തു. 1,100 ദിർഹമാണ് വൺവേ ടിക്കറ്റിന് ഈടാക്കിയത്. നിരക്ക് ഇത്തിരി കൂടുതലാണെങ്കിലും ജന്മനാട്ടിലെ വിമാനത്താവളത്തിലെത്തുന്ന ആദ്യ വിമാനത്തിൽ താനുമുണ്ടാകുമെന്ന അറിവ് ഭാര്യയും മക്കളുമടക്കമുള്ള കുടുംബാംഗങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നതായും നിരക്ക് വർധന കാര്യമാക്കുന്നില്ലെന്നും മൊയ്തു പറയുന്നു. മുൻപ് എമിറേറ്റ്സിന്‍റെ ജംബോ വിമാനമായ 380 ദുബായിൽ നിന്ന് മുംബൈയിലേയ്ക്ക് ആദ്യം പറന്നപ്പോൾ യാത്രക്കാരിലൊരാൾ ഇദ്ദേഹമായിരുന്നു.

കണ്ണൂർ വിമാനത്തിൽ യാത്രയ്ക്കുള്ള ഒരുക്കങ്ങളൊക്കെ മൊയ്തു ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യൻ സമയം വൈകിട്ട് ഏഴിന് കണ്ണൂരിലിറങ്ങുന്ന വിമാനത്തിലെ 186 യാത്രക്കാരിലൊരാളായാണ് മൊയ്തു പറക്കുക. 30 കിലോ ബാഗേജും 7 കിലോ ഹാൻഡ് ബാഗേജുമാണ് കൊണ്ടുപോകാൻ സാധിക്കുക. 25 വര്‍ഷമായി മൊയ്തു പ്രവാസിയാണ്. ഇതിനകം ഒട്ടേറെ തവണ നാട്ടിലേയ്ക്ക് യാത്രകൾ നടത്തി. അന്നൊന്നുമില്ലാത്ത ആകാംക്ഷയിലാണ് ഇൗ 55 കാരൻ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here