ശബരിമല സമരം: അറസ്റ്റിലായവരുടെ എണ്ണം 3,505 ആയി, പുതിയ ഫോട്ടോ ആല്‍ബം തയ്യാറായി

0
192

തിരുവനന്തപുരം(www.mediavisionnews.in): സ്ത്രീപ്രവേശനത്തിനെതിരെ ശബരിമലയിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായവരുടെ എണ്ണം 3,505 ആയി. 122 പേര്‍ റിമാന്‍ഡിലുമാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 529  ആയി. 12 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ  കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രാർത്ഥന യോഗങ്ങളിലും ജാഥകളിലും പങ്കെടുത്ത സ്ത്രീകൾക്കെതിരെ നടപടി വേണ്ടെന്ന് ഇന്നലെ ഡിജിപി നിർദ്ദേശിച്ചിരുന്നു. അക്രമ സംഭവങ്ങളിൽ നേരിട്ട് പങ്കാളികളായവര്‍ക്കെതിരെ മാത്രം അറസ്റ്റ് ചെയ്താൽ മതിയെന്നും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ പൊലീസ് നടപടി കടുപ്പിച്ചതിന് പിന്നാലെ കൂട്ട അറസ്റ്റിനെതിരെ കേരള ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു.

അതേസമയം ശബരിമല സ്ഥിതിഗതികള്‍ വിലയിരുത്താനും തുടര്‍നടപടികള്‍ തീരുമാനിക്കാനും ഡിജിപി യുടെ നേതൃത്വത്തിൽ ഇന്ന് ഉന്നത പോലീസ് യോഗം ചേരുന്നുണ്ട്.  അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 210 പേരുടെ ഫോട്ടോ ആൽബം കൂടെ പൊലീസ് തയ്യാറാക്കി. ഇത് ഇന്നത്തെ യോഗത്തിന് ശേഷം പുറത്ത് വിടും. നേരത്തെ 420 പേരുടെ ഫോട്ടോ ആൽബം പൊലീസ് പുറത്ത് വിട്ടിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here