ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു; മൗലവി മരിച്ചു എന്നത് അനുമാനം മാത്രമാണെന്ന് കോടതി

0
235

കൊച്ചി(www.mediavisionnews.in): ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതി വി.വി. ഹംസയെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. മൗലവി മരിച്ചു എന്നത് അനുമാനം മാത്രമാണെന്ന് കോടതി വ്യക്തമാക്കി.

മലപ്പുറം ജില്ലയിലെ എടപ്പാളിലെ വീട്ടിൽനിന്ന്​ രാത്രി മതപ്രഭാഷണത്തിനെന്ന് പറഞ്ഞു വിളിച്ചിറക്കി കൊണ്ടുപോയ ചേകന്നൂർ മൗലവിയെ പിന്നീട്​ ആരും കണ്ടിട്ടില്ല. സിബിഐ അന്വേഷണത്തിൽ മൗലവിയുടെ കൊലപാതകം സ്​ഥിരീകരിച്ചെങ്കിലും ഭൗതിക ശരീരത്തിന്റെ യാതൊന്നും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

1993 ജൂലൈ 29ന്​ രാത്രിയായിരുന്നു എടപ്പാൾ കാവിൽപ്പടിയിലെ വീട്ടിൽനിന്നും മത പ്രഭാഷണത്തിനെന്നു പറഞ്ഞ്​ രണ്ട് പേർ ചേർന്ന്​ ചേകന്നൂർ മൗലവിയെ കൂട്ടിക്കൊണ്ടു​ പോയത്. മൗലവിയെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ ഹവ്വാ ഉമ്മയും അമ്മാവൻ സാലിം ഹാജിയും പൊന്നാനി പൊലീസിൽ ജൂലൈ 31ന്​ പരാതി നൽകിയതോടെ ആരംഭിച്ച അന്വേഷണ പരമ്പരയിൽ സിബിഐ വരെ രംഗത്തുവരികയുണ്ടായി.

മൗലവിയെ വീട്ടിൽനിന്നിറക്കി കൊണ്ടു പോകുന്നതുമുതൽ കൊലപാതകവും മൃതദേഹം മറവുചെയ്യലും അടക്കം നാല്​ സംഘങ്ങളായാണ്​ കൊല ആസൂത്രണം ചെയ്​തതെന്ന്​ സിബിഐ കണ്ടെത്തിയിരുന്നു. മൃതദേഹം മറവു ചെയ്​തതായി സംശയിച്ച പുളിക്കൽ ചുവന്നകുന്ന്​ മുഴുവൻ അന്വേഷണ സംഘം കിളച്ചുമറിച്ചെങ്കിലും യാതൊന്നും കണ്ടെത്താനാവാതെ ദുരൂഹത മാത്രം ബാക്കിയാവുകയായിരുന്നു.

മൗലവിയെ വീട്ടിൽനിന്ന്​ വാഹനത്തിൽ രണ്ടുപേർ വിളിച്ചുകൊണ്ടുപോവുകയും വഴിമധ്യേ കക്കാടു നിന്ന്​ അഞ്ചുപേർ കൂടി വാഹനത്തിൽ കയറുകയും ശ്വാസം മുട്ടിച്ച്​ കൊല്ലുകയും പുളിക്കൽ ചുവന്നകുന്നിൽ കൂഴിച്ചിടുകയുമായിരുന്നു. പിന്നീട്​ മറ്റൊരു സംഘം ചുവന്നകുന്നിൽനിന്ന്​ മൃതദേഹം മാറ്റുകയായിരുന്നുവെന്നാണ്​ അന്വേഷണ സംഘം കണ്ടെത്തിയത്​. കേസിൽ ഒമ്പതു പ്രതികളെ കണ്ടെത്തിയെങ്കിലും ഹംസയെ മാത്രമാണ്​ ഇരട്ട ജീവപര്യന്തം തടവിനു ശിക്ഷിച്ചത്​. ഈ പ്രതിയെയാണ് ഇപ്പോള്‍ ഹൈക്കോടതി വെറുതെ വിട്ടിരിക്കുന്നത്.

ഇസ്​ലാമിക ചിന്തയിൽ ചേകന്നൂർ മൗലവി പുലർത്തിയ വ്യത്യസ്​ത വീക്ഷണം അദ്ദേഹത്തിന്​ നിരവധി ശത്രുക്കളെയും സൃഷ്​ടിച്ചിരുന്നു. ഖുർആൻ സുന്നത്ത്​ സൊ​സൈറ്റി എന്ന പേരിൽ മൗലവി സ്​ഥാപിച്ച സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ആശയപ്രചാരണങ്ങൾ പലപ്പോഴും ശക്​തമായ എതിർപ്പുകളെയും നേരിടേണ്ടിവന്നു. ചേകന്നൂരി​​​​​​ന്റെ ആശയങ്ങളെ താത്വികമായി നേരിടാൻ കഴിയാതെ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ്​ അന്വേഷണത്തിലും കണ്ടെത്തിയത്​.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here