വിവിധ മേഖലകളില്‍ അതിതീവ്ര മഴ; ഡാമുകള്‍ തുറക്കുന്നു: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

0
206

തിരുവനന്തപുരം(www.mediavisionnews.in):അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ശക്തമായ മഴതുടരുന്നു. മലമ്പുഴ ഉള്‍പ്പെടെ 12 ഡാമുകള്‍ തുറന്നിട്ടുണ്ടെങ്കിലും ചെറുതോണിയടക്കമുള്ള ഡാമുകളും തുറന്നേക്കും. തിരുവന്തപുരം ജില്ലയിലെ നെയ്യാര്‍, അരുവിക്കര, പേപ്പാറ തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍ക്കുത്ത്, ചിമ്മിനി, പീച്ചി, ഷോളയാര്‍, ഇടുക്കി ജില്ലയിലെ മാട്ടുപെട്ടി, പൊന്‍മുടി പാലക്കാട് ജില്ലയിലെ മംഗലം, പോത്തുണ്ടി എന്നീ ഡാമുകളാണ് ഇതിനോടകം തന്നെ തുറന്നത്.

മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള മുന്നൊരുക്കത്തിലാണ് കെഎസ്ഇബി. ഇതിന്റെ ഭാഗമായി ചെറുതോണി അണക്കെട്ടിന്റെ കണ്‍ട്രോള്‍ റൂം ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കോഴിക്കോട് കക്കയം ഡാം ഇന്ന് രണ്ട് മണിയോടെ തുറക്കും. മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ മുപ്പതു സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. കല്‍പ്പാത്തിയുടെയും ഭാരതപ്പുഴയുടെയും ഓരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 130 അടി പിന്നിട്ടിരിക്കുകയാണ്. കനത്ത മഴ തുടരുകയാണെങ്കില്‍ അണക്കെട്ട് നിറയുന്ന സാഹചര്യം ഉണ്ടാകും. അങ്ങിനെയാണെങ്കില്‍ മുല്ലപ്പെരിയാറിലെ ജലം അണക്കെട്ടിലേക്ക് ഒഴുക്കി വിടേണ്ടി വരും. നിലവില്‍ ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കാര്യമായ മഴയില്ല. പക്ഷെ മുല്ലപ്പെരിയാല്‍ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ്.

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കിക്ക് പുറമെ മലപ്പുറത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ഇടുക്കിയില്‍ ഇന്നു മുതല്‍ വിനോദസഞ്ചാരം നിരോധിച്ചു. നീലക്കുറിഞ്ഞി ഉദ്യാനം ഉള്‍പ്പെടെ എല്ലാ വിനോദകേന്ദ്രങ്ങളും അടച്ചിടും. രാത്രിയാത്ര നിരോധനവും ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് കലക്ടര്‍ അറിയിച്ചു. അടുത്ത ബുധനാഴ്ചവരെ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേതുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലെ ജലനിരപ്പും,, വൃഷ്ടി പ്രദേശത്തെ മഴയുടെ തോതും നിരന്തരമായി നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ അതോറിറ്റിയോഗം നിര്‍ദ്ദേശം നല്‍കി. തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള ഡാമുകള്‍ തുറന്നുവിടണമെന്ന് കേന്ദ്രജലകമ്മിഷനോട് ആവശ്യപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here