നവംബര്‍ ഒന്ന് മുതല്‍ ജില്ലയിലെ സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുന്നു

0
217

കാസര്‍കോട് (www.mediavisionnews.in): പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ദ്ധനവും റോഡുകളുടെ തകര്‍ച്ചയും മൂലം സര്‍വ്വീസ് തുടര്‍ന്ന് പോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നവംബര്‍ 1-ാം തീയ്യതി മുതല്‍ കാസര്‍കോട് ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വ്വീസ് നിര്‍ത്തിവെക്കുന്നു. ഇതിന്റെ മുന്നോടിയായി ഒക്ടോബര്‍ 9-ാം തീയ്യതി കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 10 മണി മുതല്‍ 2 മണി വരെ പുതിയ ബസ്സ്റ്റാന്റില്‍ ധര്‍ണ്ണ നടത്തുന്നു. ധര്‍ണ്ണക്ക് മുന്നോടിയായി നഗരത്തില്‍ പ്രകടനവും ഉണ്ടാകും.

ധര്‍ണ്ണ ബഹുമാനപ്പെട്ട കാസറഗോഡ് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് അവര്‍കള്‍ ഉദ്ഘാടനം ചെയ്യും. ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ഹംസ എരിക്കുന്നന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ് അദ്ധ്യക്ഷം വഹിക്കുന്ന യോഗത്തില്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട് സ്വാഗതം പറയും. സെന്‍ട്രല്‍ കമ്മിറ്റി അംഗം സി.എ. മുഹമ്മദ് കുഞ്ഞി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, ജില്ലാ താലൂക്ക് ഭാരവാഹികള്‍, അംഗങ്ങള്‍ ഉള്‍പ്പെടെ ധര്‍ണ്ണയില്‍ സംബന്ധിക്കും.

ഇതിന്റെ ഭാഗമായി സ്വകാര്യ ബസ്സ് സര്‍വ്വീസ് വ്യവസായമായി അംഗീകരിക്കുക, സ്വകാര്യ ബസ്സുകള്‍ക്ക് ഡീസല്‍ സബ്സിഡി അനുവദിക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് 50 ശതമാനമാക്കുക, പ്രൈവറ്റ് ബസ്സുകളിലേത് പോലെ തന്നെ കെഎസ്ആര്‍ടിസി ബസ്സുകളിലും വിദ്യാര്‍ത്ഥികളെ യാത്രചെയ്യാന്‍ അനുവദിക്കുക, ദേശസാല്‍കൃതമല്ലാത്ത റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും ടൈമിംഗ് കോണ്‍ഫറന്‍സ് നടത്തി മാത്രം സമയക്രമം അനുവദിക്കുക, കേന്ദ്ര സര്‍ക്കാര്‍ ഡീസലിന്റെ സെന്‍ട്രല്‍ സെസില്‍ വരുത്തിയ വര്‍ദ്ധനവ് പിന്‍വലിക്കുക, കേരളത്തേക്കാള്‍ ലിറ്ററിന് 5 രൂപയോളം വിലക്കുറവുള്ള കര്‍ണ്ണാടകയില്‍ നിന്നും ഡീസല്‍ കൊണ്ട് വരുവാന്‍ അനുവദിക്കുക, ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസ് അടിയന്തിരമായും നിര്‍ത്തലാക്കുക, ജില്ലയിലെ മുഴുവന്‍ റോഡുകളും അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം ബഹുമാനപ്പെട്ട ജില്ലാ കലക്ടര്‍ക്ക് ജില്ലാ നേതൃത്വം സമര്‍പ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here