ഒരാഴ്ച കേരളത്തില്‍ മന്ത്രിമാര്‍ ഉണ്ടാവില്ല: മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാരും വിദേശത്തേക്ക്

0
251

തിരുവനന്തപുരം (www.mediavisionnews.in): കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാരും വിവിധ രാജ്യങ്ങളിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്നു. മലയാളികള്‍ കൂടുതലായുള്ള രാജ്യങ്ങളാണ് ഓരോ മന്ത്രിയും സന്ദര്‍ശിക്കുന്നത്. ഈ മാസം 18 മുതല്‍ 21 വരെയാണ് പ്രവാസിമലയാളികളുടെ സഹായം തേടിയുള്ള യാത്ര.

ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോ വകുപ്പുമായി ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥരോ മന്ത്രിമാരെ അനുഗമിക്കുന്നുണ്ട്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ, വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, വനംമന്ത്രി കെ. രാജു എന്നിവര്‍ മാത്രമാണ് വിദേശത്തേക്ക് പോകാത്തത്.

എല്ലാ രാജ്യങ്ങളിലെയും വാരാന്ത്യ അവധികള്‍ കണക്കിലെടുത്താണ് യാത്രയും അവിടങ്ങളിലെ പരിപാടികളും നിശ്ചയിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലുള്ള നോര്‍ക്ക അംഗങ്ങളുടെയും ലോകകേരള സഭാംഗങ്ങളുടെയും നേതൃത്വത്തിലാണ് പരിപാടികള്‍ ഒരുക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇ.യിലാണ് പര്യടനം നടത്തുന്നത്. 18ന് അബുദാബി, 19ന് ദുബായ്, 20ന് ഷാര്‍ജ എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പരിപാടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.

നേരത്തെ, പ്രളയസമയത്ത് ജര്‍മനിയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോളസമ്മേളനം ഉദ്ഘാടനംചെയ്യാന്‍ മന്ത്രി കെ.രാജു പോയത് വലിയ വിവാദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here