ഉപ്പളയിൽ വൈദ്യുതിയുടെ ഒളിച്ചുകളി തുടരുന്നു; പരിഹാരം കാണാനാകാത്തതിൽ വ്യാപക പ്രതിഷേധം

0
306

ഉപ്പള (www.mediavisionnews.in): കുബണൂർ ഇലക്ട്രിക്ക് സെക്ഷനു കീഴിലുള്ള ഉപ്പള നഗരത്തിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന വൈദ്യുതിയുടെ ഒളിച്ചുകളിക്ക് പരിഹാരമായില്ല. വൈദ്യുതി വകുപ്പ് അധികൃതർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതിനെതിരെ വിവിധ കോണുകളിൽ നിന്നു ശക്തമായ പ്രതിഷേധം ഉയരുകയാണ്.

രാപ്പകൽ ഭേദമന്യേ മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി മുടക്കം വ്യാപാര വ്യവസായ സ്ഥാപനങ്ങളെയും മറ്റും സാരമായി ബാധിച്ചിരിക്കെ ഇക്കാര്യത്തിൽ യാതൊരു വിധ നടപടിയും കൈകൊള്ളാൻ അധികൃതർ തയ്യാറായിട്ടില്ല.

തവിടുഗോളി – മഞ്ചേശ്വരം ടവർ ലൈനിന്റെ പ്രവർത്തി ആരംഭിച്ചതും റെയിൽവേയ്ക്ക് കുബണൂർ സബ് സ്റ്റേഷനിൽ നിന്നും വൈദ്യുതി നൽകുന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താനായിട്ടില്ല. റെയിൽവേയ്ക്ക് വൈദ്യുതി നൽകിയത് കാരണമാണ് ദീർഘനേരത്തെ വൈദ്യുതിമുടക്കമുണ്ടാകുന്നത്. ഒന്നിൽ കൂടുതൽ തീവണ്ടികൾ ഒരേ സമയം ഓടുമ്പോഴുണ്ടാകുന്ന ഓവർലോഡാണ് പൊടുന്നനെ വൈദ്യുതി മുടങ്ങുന്നത്.

ഇക്കാര്യത്തിൽ ഓഫീസ് ജീവനകാർക്ക് ജനങ്ങളോട് വിശദീകരണം നൽകാൻ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇതേ ചൊല്ലി ഓഫീസ് ജീവനക്കാരും ഉപഭോക്താക്കളും തർക്കത്തിലേർപ്പെടുന്നതും ഇവിടെ നിത്യസംഭവമാണ്. വിഷയത്തിൽ ദിവസവും നൂറ് കണക്കിന് പരാതികളാണ് വരുന്നത്. വരും നാളുകളിലും സ്ഥിതി ഈ നിലയിൽ തുടരുകയാണെങ്കിൽ ജനങ്ങൾ വൈദ്യുതി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

വിവിധ രാഷ്ട്രീയ നേതൃത്വം ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുകയാണ്. വൈദ്യുതി പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണണമെന്നാണ് നാട്ടുകാർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here