വാഹനങ്ങള്‍ രൂപമാറ്റം വരുത്തി ഉപയോഗിച്ചാല്‍ പിടിവീഴും; മുന്നറിയിപ്പുമായി പോലീസ്

0
197

തിരുവനന്തപുരം (www.mediavisionnews.in):വാഹനങ്ങളുടെ നിയമപരമല്ലാത്ത രൂപമാറ്റത്തിനെതിരെ നിയമ നടപടിയുണ്ടാകുമെന്ന് പോലീസ്. റോഡപകടങ്ങളില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ പങ്ക് ചെറുതല്ല. വാഹനങ്ങളില്‍ കമ്പനി നല്‍കുന്ന രൂപകല്‍പ്പനയ്ക്കനുസരിച്ചുള്ള ബോഡി, ഹാന്‍ഡില്‍, സൈലന്‍സര്‍, ടയര്‍ തുടങ്ങിയ ഭാഗങ്ങള്‍ മാറ്റി പകരം മറ്റ് വാഹനഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വരുത്തുന്ന രൂപമാറ്റം നിരവധി സുരക്ഷാപ്രശ്‌നങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുന്നു.

വാഹനനിര്‍മാണ കമ്പനികള്‍ രൂപകല്‍പന നല്‍കി അംഗീകൃത ടെസ്റ്റിംഗ് ഏജന്‍സിയുടെ അംഗീകാരത്തോടെ പുറത്തിറക്കുന്ന വാഹനങ്ങളില്‍ രൂപമാറ്റം അനുവദനീയമല്ല. എന്നാല്‍ നിയമാനുസൃതം രൂപമാറ്റം നല്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരില്‍ നിന്നും മുന്‍കൂര്‍ അനുമതി നേടിയ ശേഷം മാറ്റം വരുത്താവുന്നതാണ്. ബൈക്കുകളുടെ ഹാന്‍ഡില്‍, സൈലന്‍സര്‍ തുടങ്ങിയവ മാറ്റിവയ്ക്കുന്നതുപോലെ ശാസ്ത്രീയമല്ലാതെ വാഹനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് അനുമതി ലഭിക്കുകയുമില്ല. തീവ്രമായ പ്രകാശമുള്ള ലൈറ്റുകള്‍, എയര്‍ഹോണുകള്‍ എന്നിവ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.

അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയ നിരവധി വാഹനങ്ങള്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാം. കൂടാതെ, ഇത്തരം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് പ്രകാരം പിഴ ചുമത്താനുള്ള നടപടിയും സ്വീകരിച്ചു വരുന്നു.

ഇത്തരം രൂപമാറ്റം വരുത്തിയ വാഹനം ഓടിക്കുന്നത് റോഡ് ഉപയോഗിക്കുന്ന മറ്റ് സഹയാത്രികരുടേയും ജീവനു ഭീഷണിയാണ്. ആയതിനാല്‍ നിയമപ്രകാരമല്ലാതേയും ആവശ്യമായ അനുമതി വാങ്ങാതെയും വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി ഉപയോഗിക്കരുതെന്നും കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here