മോഹന്‍ലാല്‍ എന്ന ‘ട്രംപ് കാര്‍ഡിനെ’ തിരുവനന്തപുരത്ത് ഇറക്കാന്‍ ആര്‍.എസ്.എസ്.; നടന്‍ സമ്മതം മൂളിയാല്‍ ശശി തരൂരിന് എതിരെ താമര ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയാക്കും

0
248

തിരുവനന്തപുരം(www.mediavisionnews.in):2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍എസ്എസ് നീക്കം. സ്ഥാനാര്‍ത്ഥിത്വം മോഹന്‍ലാലിനെ കൊണ്ട് സമ്മതിപ്പിക്കുന്നതിനായുള്ള സമ്മര്‍ദം ചെലുത്തി വരികയാണ് കേരളത്തിലെ ആര്‍എസ്എസ് നേതൃത്വമെന്ന് പാര്‍ട്ടിക്കുള്ളിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് ഡെക്കന്‍ ഹെറാള്‍ഡ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി എന്ന വിമര്‍ശനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മോഹന്‍ലാലിന് സാമൂഹിക പ്രവര്‍ത്തകന്‍ എന്ന പരിവേഷം നല്‍കാനുള്ള ശ്രമത്തിലാണ് സംഘടനയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

2019 ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മോഹന്‍ലാല്‍ ബിജെപിയില്‍ അംഗത്വം എടുത്തേക്കുമെന്ന് അഭ്യൂഹം ശക്തമായി നിലനില്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹം ഇതുവരെ സമ്മതംമൂളിയിട്ടില്ല. ആര്‍എസ്എസിന്റെ സംസ്ഥാന നേതൃത്വത്തിലുള്ള ആളുകളുമായി മോഹന്‍ലാലിന് അടുത്ത ബന്ധമാണ് ഉള്ളത്. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷനില്‍ അംഗങ്ങളാണ് ഇവരില്‍ ചിലര്‍.

ആര്‍എസ്എസ് സംസ്ഥാന നേതൃത്വം നേരിട്ട നടത്തുന്ന ശ്രമങ്ങളില്‍ ബിജെപി നേതൃത്വത്തിലുള്ള ആളുകളെ ഇതുവരെ അടുപ്പിച്ചിട്ടില്ല. വിശ്വശാന്തി ഫൗണ്ടേഷന്റെ പേരില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ക്യന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി സഹായം തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോഹന്‍ലാല്‍ സന്ദര്‍ശിച്ചതിന്റെ തൊട്ടുപിന്നാലെയാണ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വാര്‍ത്തകളും പുറത്തുവരുന്നത്.

മോഹന്‍ലാലുമായി കൂടികാഴ്ചനടത്തിയ ആര്‍എസ് എസ് നേതൃത്വം സജീവമായ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ല. പകരം സാമൂഹിക സേവനങ്ങളിലേക്ക് കൂടുതല്‍ സജീവമായി മോഹന്‍ലാലിനെ രംഗത്ത് വരുന്നതിനെക്കുറിച്ച് സംസാരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിക്ക് നിയമസഭാ സാമാജികനെ നല്‍കിയ തിരുവനന്തപുരത്ത് മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആര്‍എസ്എസ് ആലോചന. സിനിമയില്‍ തന്നെ നിലനില്‍ക്കുന്ന തിരുവനന്തപുരം ലോബിക്ക് ആര്‍എസ്എസ് ചായ്‌വ് ഉള്ളതാണ്. മോഹന്‍ലാലിനെ അവിടെ സ്ഥാനാര്‍ത്ഥി ആക്കിയാല്‍ ശശി തരൂരിനെ മറികടന്ന് കേരളത്തില്‍ നിന്നുള്ള ആദ്യ തിരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധി ആക്കാമെന്നാണ് ആര്‍എസ്എസ് കരുതുന്നത്.

കുമ്മനം രാജശേഖരനായിരുന്നു തിരുവനന്തപുരം സ്ഥാനാര്‍ത്ഥി ആക്കാനുള്ള പ്രഥമപരിഗണ പട്ടികയില്‍. എന്നാല്‍, അദ്ദേഹം മിസോറാം ഗവര്‍ണറായി നിയമിതനായതോടെയാണ് ആര്‍എസ്എസ് രണ്ടാം മുഖത്തെ തേടിയതു മോഹന്‍ലാലില്‍ എത്തിയതും. അതേസമയം ആര്‍എസ്എസ് ആവശ്യത്തോട് മുഖംതിരിച്ച് സ്ഥാനാര്‍ത്ഥിത്വ ഓഫര്‍ ഉപേക്ഷിക്കാനാണ് സാധ്യത എന്നാണ് കരുതപ്പെടുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here