മുഗു സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ്; ആരോപണ വിധേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

0
251

കുമ്പള(www.mediavisionnews.in): മുഗു സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റി വിജിലൻസിന് സമർപ്പിച്ച പരാതിയിൽ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൻമേൽ ആരോപണ വിധേയർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തലശ്ശേരി വിജിലൻസ് കോടതിയാണ് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.

മുഗു സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വിവിധ കാലയളവുകളിൽ ബാങ്ക് ഭരണസമിതി ഭാരവാഹികളും ഭരണ സമിതി അംഗങ്ങളും അനധികൃതമായി സ്വന്തമായും ബന്ധുക്കൾ വഴിയും വായ്പകളെടുത്തതായും, പാവപ്പെട്ട കർഷകരുൾപ്പെടെയുള്ള ഇടപാടുകാർക്ക് വായ്പ നൽകി തിരിച്ചടവിന് കഴിയാതാകുമ്പോൾ അത് ശരിയാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് അവരിൽ നിന്നും ഒപ്പിട്ടു വാങ്ങി വായ്പ പുതുക്കി കൂടുതൽ വായ്പയെടുത്ത് മുക്കിയതായും ഉള്ള ഗുരുതര ആരോപണങ്ങളാണ് ഭരണസമിതിക്കെതിരെ ആക്ഷൻ കമ്മിറ്റി ആരോപിച്ചിരുന്നത്. എന്നാൽ ഈ ആരോപണങ്ങളെ ശരിവെക്കുന്നതും എന്നാൽ കൂടുതൽ വസ്തുതകൾ അടങ്ങുന്നതുമായ റിപോർട്ടാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ട് പരിഗണിച്ചാണ് കേസെടുക്കാനുള്ള കോടതി ഉത്തരവ് ഉണ്ടായത്.

ആരോപണം ശരിയാണെന്ന നിലയിൽ പ്രതികൾക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചതിനെത്തുടർന്ന് ആരോപണ വിധേയരായ ഉദ്യോഗസ്ഥർ തത്സ്ഥാനങ്ങളിൽ തുടരുന്നത് ശരിയല്ലെന്നും അവരെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്നും ആക്ഷൻ കമ്മിറ്റി കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ബാങ്കിന്റെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ ലോൺ വിവരങ്ങൾ പുറത്തുവിടുക, അഴിമതി ആരോപണ വിധേയരെ സസ്പെന്റ് ചെയ്യുക, തട്ടിപ്പ് നടത്തിയവർ പണം ഇരകൾക്ക് നൽകുക, ആരോപണം ശരിയെന്ന് സമ്മതിച്ച ഉദ്യോഗസ്ഥർ ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജി വെക്കുക, അരിയപ്പാടി പളളം ബ്രാഞ്ചിന്റെ കെട്ടിട നിർമ്മാണവുമായി ബസപ്പെട്ട അഴിമതികൾ പുറത്തു കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 25 ന് മുഗു സഹകരണ ബാങ്കിനു മുന്നിൽ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്ത സമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഇ.കെ മുഹമ്മദ് കുഞ്ഞി, കൺവീനർ കെ.പി.എം റഫീഖ്, ട്രഷറർ റഹീം മൂല, സി മുഹമ്മദ്, അഷ്റഫ് എന്നിവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here