തിരുവനന്തപുരം (www.mediavisionnews.in): ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ്സുടമകള്‍. ചാര്‍ജ് വര്‍ധനയില്‍ അനുകൂലതീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിനിറങ്ങാനാണ് ബസ്സുടമകളുടെ തീരുമാനം.
ഈ മാസം 30 നകം തീരുമാനമായില്ലെങ്കില്‍ സ്വകാര്യ ബസ്സുകള്‍ നിരത്തിലിറക്കില്ലെന്നാണ് മുന്നറിയിപ്പ്.
നേരത്തെ ചാര്‍ജ് വര്‍ധിപ്പിച്ചപ്പോഴുണ്ടായിരുന്ന 62 രൂപയില്‍ നിന്നും ഡീസല്‍ വില കുത്തനെ ഉയര്‍ന്ന് 80 രൂപയിലേക്ക് കടക്കുകയാണ്. വിദ്യാര്‍ത്ഥികളുടേതടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കാതെ ഇനി പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് ബസ്സുടമകളുടെ പക്ഷം.
അതേസമയം പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് നികുതിയടക്കാന്‍ രണ്ട് തവണ സര്‍ക്കാര്‍ നീട്ടി നല്‍കിയ സമയം ഈ മാസം മുപ്പതിന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനെ സമീപിക്കുന്നതിനും സമരത്തിനും മുന്നോടിയായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ യോഗം ചേരുന്നത്.
നികുതി ബഹിഷ്‌ക്കരണവും ബസ് ഉടമകള്‍ ആലോചിക്കുന്നു. മിനിമം ചാര്‍ജ്ജ് ദൂരപരിധി 5 കിലോമീറ്ററില്‍ നിന്നും പകുതിയായി കുറയ്ക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. ഡീസല്‍ വിലയില്‍ സബ്‌സിഡി അനുവദിക്കണമെന്ന ആവശ്യവുമുണ്ട്.