ബേബി വാക്കറുകള്‍ ഉപയോഗിക്കല്ലേ…; കുട്ടികള്‍ക്ക് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍

0
233

കൊച്ചി(www.mediavisionnews.in):ഇന്ന് കൊച്ചു കുട്ടികളെ നടത്തം പഠിപ്പിക്കാന്‍ വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് ബേബി വാക്കറുകള്‍. എന്നാല്‍ ഈ ബേബി വാക്കര്‍ പ്രേമം കുട്ടികള്‍ക്ക് അത്ര നല്ലതല്ലെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. ബേബി വാക്കറുകള്‍ കുട്ടികളില്‍ ഗുണകരമായ ഒന്നും തന്നെ ചെയ്യുന്നില്ലെന്നു മാത്രമല്ല, പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നുണ്ട് എന്നാണ് ‘പീഡിയാട്രിക്‌സ്’ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.

കുട്ടികള്‍ നടന്നു തുടങ്ങുന്നതിനു മുമ്പായി ബേബി വാക്കര്‍ ഉപയോഗിച്ച് നടത്തം പരിശീലിപ്പിക്കുന്നത് അവരുടെ പേശികളുടെയും, കുഞ്ഞു പാദങ്ങളുടെയും സ്വാഭാവിക വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിനു പുറമെയാണ് ഇത്തരം വാക്കറുകള്‍ വരുത്തി വെക്കുന്ന അപകടങ്ങള്‍.

അമേരിക്കയില്‍ നടത്തിയ ഒരു ഗവേഷണ റിപ്പോര്‍ട്ടില്‍, 1990 നും 2014 ഇടയിലായി വാക്കര്‍ അപകടങ്ങള്‍ മൂലം 2,30,676 എമര്‍ജന്‍സി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ തൊണ്ണൂറ് ശതമാനം കേസുകളും തലയ്‌ക്കോ പിടലിക്കോ അപകടം പറ്റിയിട്ടുള്ളതാണ്. അപകടങ്ങളില്‍ പെടുന്ന ഭൂരിപക്ഷം കുട്ടികളുടെയും പ്രായമാകട്ടെ, വെറും എട്ട് മാസവും.

ഒരു കുട്ടി നീന്തി തുടങ്ങേണ്ടുന്ന പ്രായമാണ് എട്ടാം മാസം. ബേബി വാക്കറില്‍ ‘ഇരുന്ന്’ നടക്കുന്ന ഒരു കുട്ടി സെക്കന്റില്‍ നാലടി വരെ സ്പീഡില്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് ശരാശരി കണക്ക്. എന്തിലും കൗതുകം കാണിക്കുന്ന കുട്ടികള്‍ക്ക് ഈ ‘ഇരുന്നു നടത്ത’ത്തിലെ അപകടങ്ങളെ കുറിച്ച് ചിന്തിക്കാനാവില്ല. രക്ഷിതാക്കളാകട്ടെ, കുട്ടികളെ പെട്ടന്ന് നടന്നു കാണാനുള്ള വ്യഗ്രതയിലും, കുഞ്ഞുങ്ങള്‍ക്കുള്ള കളിപ്പാട്ടമായും വാക്കറുകള്‍ വീട്ടിലെത്തിക്കുന്നു.

വാക്കറുകള്‍ കൊണ്ട് ഉണ്ടാകുന്ന അപകടങ്ങള്‍ കുറക്കാനുള്ള മാര്‍ഗമായി പഠന സംഘം മുന്നോട്ടു വെക്കുന്ന പ്രധാന നിര്‍ദേശം, വാക്കറുകള്‍ തന്നെ ഉപേക്ഷിക്കുക എന്നുള്ളതാണ്. അതായത്, കുഞ്ഞുങ്ങളെ അവരുടെ സ്വാഭാവിക വളര്‍ച്ചക്ക് വിടുക. വാക്കറുകളെല്ലാം എടുത്തു മാറ്റി അവര്‍ക്ക് നീന്തിയും മുട്ടിലിഴഞ്ഞും പടിപടിയായി നടക്കാനുള്ള സാവകാശം കൊടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here