ഫിഷ് സ്പാ ചെയ്ത യുവതിക്ക് കാല്‍വിരലുകള്‍ നഷ്ടമായതിങ്ങനെ

0
197

തായ് ലൻഡ് (www.mediavisionnews.in):മാളുകളിലെയും ബ്യൂട്ടി പാര്‍ലറുകളിലെയും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഫിഷ് സ്പാ. കാലുകളെ വൃത്തിയാക്കി സുന്ദരമാക്കാന്‍ ഈ സ്പായിലൂടെ കഴിയും. പ്രത്യേക തരം മീനുകളെ ഉപയോഗിച്ചാണ് ഫിഷ് സ്പാ ചെയ്യുന്നത്. ഗറ റുഫ അഥവാ ഡോക്ടര്‍ ഫിഷ് ആണ് പ്രധാനമായും ഫിഷ് സ്പായ്ക്ക് ഉപയോഗിക്കുന്നത്. ഈ മീനുകള്‍ കാലുകളിലെ മൃതകോശങ്ങള്‍ ഭക്ഷിച്ചാണ് കാലുകള്‍ വൃത്തിയാക്കുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഫിഷ് സ്പാ വന്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ഓസ്ട്രേലിയക്കാരിയായ യുവതിക്ക് ഫിഷ് സ്പായ്ക്ക് ഒടുവില്‍ കാലിലെ വിരലുകള്‍ മുറിച്ചുമാറ്റേണ്ടിവന്നെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

തായ്‍ലന്‍റില്‍ വെച്ച് 2010ല്‍ ചെയ്ത ഫിഷ് സ്പായാണ് 29കാരിയായ വിക്ടോറിയ കര്‍ത്തോയ്സിന്‍റെ ജീവിതം മാറ്റിമറിച്ചത്. ഫിഷ് സ്പാ കഴിഞ്ഞതിന് പിന്നാലെ വിക്ടോറിയയെ പനിയും മറ്റ് അസുഖങ്ങളും പിടികൂടി. വിദഗ്ധ പരിശോധനയ്ക്കൊടുവില്‍ വിക്ടോറിയയുടെ രോഗം കണ്ടെത്തി. എല്ലുകളിലെ അണുബാധയെ തുടര്‍ന്ന് ഓസ്റ്റിയോമൈലിറ്റിസ് എന്ന രോഗമാണ് വിക്ടോറിയയെ ബാധിച്ചതെന്ന് സ്ഥിരീകരിച്ചു. 2012ല്‍ വലത് കാലിലെ തള്ളവിരല്‍ മുറിച്ചുമാറ്റേണ്ടിവന്നു. എന്നിട്ടും അസുഖം ഭേദമായില്ല. ഒടുവില്‍ കഴിഞ്ഞ വര്‍ഷം വലത് കാലിലെ എല്ലാ വിരലുകളും നീക്കം ചെയ്യേണ്ടിവന്നു.

സ്പായ്ക്ക് ഉപയോഗിച്ച മീനുകളല്ല, മറിച്ച് ഫിഷ് ടാങ്കിലെ അണുബാധയാണ് വന്‍ദുരന്തം വരുത്തിവെച്ചത്. ഫിഷ് സ്പായുടെ പ്രത്യാഘാതത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വിരലുകള്‍ മുറിച്ചുമാറ്റപ്പെട്ട കാല്‍പാദത്തിന്‍റെ ചിത്രങ്ങള്‍ വിക്ടോറിയ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ചില പ്രദേശങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഫിഷ് സ്പാ നിരോധിച്ചിട്ടുണ്ട്.

ഫിഷ് സ്പായ്ക്ക് ഉപയോഗിക്കുന്ന മീനുകള്‍ ഉപദ്രവകാരികള്‍ അല്ലെങ്കിലും ഒരേ വെള്ളം ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നതായി ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഫിഷ് സ്പാ ചെയ്യുന്ന രോഗികളുടെ കാലിലെ മുറിവിലൂടെ അണുക്കള്‍ ഫിഷ് ടാങ്കിലെ വെള്ളത്തില്‍ കലര്‍ന്നാണ് മറ്റൊരാളുടെ ശരീരത്തില്‍ പ്രവേശിക്കുന്നത്. ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങള്‍ ഇത്തരത്തില്‍ പകരുമെന്ന മുന്നറിയിപ്പും ഡോക്ടര്‍മാര്‍ നല്‍കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here