Thursday, June 24, 2021

പാതിരാത്രി വീട്ടിലേക്ക് ഇരച്ചുകയറി വീട്ടുകാരെ ആക്രമിച്ചു കയ്യില്‍ കിട്ടിയതെല്ലാം കൊണ്ടുപോകുന്ന കൊള്ളക്കാര്‍ കേരളത്തില്‍ സജീവമാകുന്നു

Must Read

കണ്ണൂര്‍ (www.mediavisionnews.in) : വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഓടു പൊളിച്ചും വാതില്‍ താഴ് തകര്‍ത്തും മോഷണം നടത്തുന്ന തനി നാടന്‍ കള്ളന്‍മാരുടെ കാലം കഴിഞ്ഞു. പാതിരാത്രി വീട്ടിലേക്ക് ഇരച്ചുകയറി വീട്ടുകാരെ ആക്രമിച്ചു കയ്യില്‍ കിട്ടിയതെല്ലാം കൊണ്ടുപോകുന്ന കൊള്ളക്കാര്‍ കേരളത്തില്‍ സജീവമാകുന്നുവെന്നാണു പുതിയ സൂചനകള്‍.

കൂടുതല്‍ ക്രൂരന്മാരായ ഈ സംഘങ്ങള്‍ വീട്ടുകാരെ കൊലപ്പെടുത്താനും മടിക്കാറില്ല. തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമങ്ങളിലെ കളളന്‍മാരെ വെല്ലുന്ന ക്രൂരന്മാരായ കള്ളന്‍മാരാണ് ഇന്ന് കേരളത്തില്‍ ഉളളത്. ഭൂരിഭാഗവും ലഹരിക്ക് അടിമപ്പെട്ടവര്‍. ബംഗ്ലദേശില്‍നിന്നു പോലും സംഘമായി കേരളത്തിലെത്തി കവര്‍ച്ച നടത്തി മടങ്ങുന്ന കുപ്രസിദ്ധ സംഘങ്ങളുണ്ട്. വലിയ സംഘം ഒരുമിച്ചെത്തി ചെറിയ സംഘങ്ങളായി തിരിഞ്ഞ് ഓരോ ഭാഗത്തുമായി കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി.

കണ്ണൂരില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആയുധങ്ങളുമായി നഗരത്തിലെ വീട്ടില്‍ അതിക്രമിച്ചു കയറി നടത്തിയ വന്‍ കൊളളയില്‍ നടുങ്ങിയിരിക്കുകയാണു സംസ്ഥാനം. വീട്ടുകാരെ കെട്ടിയിട്ടു മര്‍ദിച്ചു കവര്‍ന്നത് 30 പവനും 15,000 രൂപയും മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക്‌സ് സാധനങ്ങളും. പുലര്‍ച്ചെ രണ്ടു മണിയോടെ മുന്‍വാതില്‍ തകര്‍ക്കുന്ന ശബ്ദം കേട്ടാണ് കണ്ണൂര്‍ സൗത്ത് റെയില്‍വേ ഗേറ്റിനു സമീപത്തെ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന മാധ്യമ പ്രവര്‍ത്തകനായ വിനോദ് ചന്ദ്രനും ഭാര്യ സരിതയും ഞെട്ടിയെഴുന്നേറ്റത്. കിടപ്പുമുറിയുടെ വാതിലില്‍ മുട്ടുകേട്ടു തുറന്നപ്പോള്‍ മുഖംമൂടിധരിച്ച നാലു പേര്‍ മുറിയിലേക്ക് ഇരച്ചെത്തി. ആരാണെന്നു ചോദിക്കും മുന്‍പു മുഖമടച്ച് ആദ്യ അടി. പിന്നെ ക്രൂരമര്‍ദനം. രണ്ടു പേരുടെയും കണ്ണു കെട്ടി വായില്‍ തുണിതിരുകി കിടപ്പുമുറിയിലെ കട്ടിലിനോടു ചേര്‍ത്തു കെട്ടിയിട്ടു. രണ്ടു മണിക്കൂര്‍ വീട്ടിനുള്ളില്‍ അഴിഞ്ഞാടിയ നാലംഗ സംഘം വന്‍ കൊള്ള നടത്തിയാണു മടങ്ങിയത്.

വീട്ടിലെ എല്ലാമുറിയും കയറിയിറങ്ങി മുക്കും മൂലയും പരിശോധിച്ചു. കിട്ടാവുന്നതെല്ലാം കൈക്കലാക്കിയതിനു പുറമേ വീട്ടിലുണ്ടായിരുന്ന പഴം കൂടി കഴിച്ചാണു സംഘം മടങ്ങിയത്. ആക്രമണത്തിലും തിരിച്ചു പോക്കിലും സംശയമില്ലാത്തവിധം കൃത്യമായ നീക്കങ്ങള്‍. പോകാന്‍ നേരം വിനോദ് ചന്ദ്രന്റെ കഴുത്തിനു വീണ്ടും മര്‍ദിച്ചു. പുലര്‍ച്ചെ നാലു മണിയോടെ രണ്ടു മണിക്കൂര്‍ നീണ്ട കൊടും പീഡനങ്ങള്‍ക്കു ശേഷം വിനോദ് ചന്ദ്രന്‍ പണിപ്പെട്ടു സ്വന്തം കയ്യിലെ കെട്ടഴിച്ചു. പിന്നെ കാലിലെയും. ജീവന്‍ നഷ്ടപ്പെട്ടില്ല എന്ന സമാധാനം മാത്രം. ഉടന്‍ സഹപ്രവര്‍ത്തകരെ വിളിച്ചു വിവരമറിയിച്ചു. സിറ്റി പൊലീസ് വീട്ടിലെത്തിയപ്പോഴാണു കവര്‍ച്ച പുറംലോകമറിയുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

തൊട്ടിലില്‍ ഉറക്കിക്കിടത്തിയ കുഞ്ഞ് മുറ്റത്തിറങ്ങി; മീന്‍കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കൊല്ലം: മീന്‍ വളര്‍ത്താനായി വീട്ടു മുറ്റത്തുണ്ടാക്കിയ കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കൊല്ലം അഞ്ചലില്‍ പനച്ചവിള സ്വദേശിയായ വിഷ്ണുവിന്‍റെയും ശ്രുതിയുടെയും മകനായ ഒരു വയസുകാരന്‍ ശ്രേയേഷ്...

More Articles Like This