ദേശിയപാതയിൽ പെട്ടിക്കടകൾ പെരുകുന്നു, അധികൃതർക്ക് മൗനം

0
274

ഉപ്പള(www.mediavisionnews.in): ഹൊസങ്കടി, ഉപ്പള, ബന്തിയോട് പ്രദേശങ്ങളിൽ ഒരിടവേളക്കു ശേഷം അനധികൃത പെട്ടിക്കടകൾ സജീവമാവുന്നു. റോഡ് കയ്യേറി നിർമിക്കുന്ന ഇത്തരം പെട്ടിക്കടകൾ ബസ്സുകാർക്കും, നാട്ടുകാർക്കും, മറ്റു കടക്കാർക്കും, യാത്രക്കാർക്കും ബുദ്ധിമുട്ടനുഭവപ്പെടുന്നു.

ഏതാനും മാസം മുമ്പ് ഹൊസങ്കടിയടക്കമുള്ള പ്രദേശങ്ങളിൽ നിന്നും അനധികൃത പെട്ടിക്കടകൾ എടുത്തു മാറ്റിയിരുന്നു. ജെ.സി.ബി ഉപയോഗിച്ചും ചില സ്ഥലങ്ങളിലെ പെട്ടിക്കടകൾ തകർക്കാൻ അധികൃതർ ശ്രമിച്ചിരുന്നു.

ഹൊസങ്കടിയിൽ ഇടുങ്ങിയ റോഡിലാണ് കൂടുതലായി ഫ്രൂട്സുകളും, പച്ചക്കറിയും കൊണ്ട് വന്നു റോഡിൽ തടസ്സമുണ്ടാക്കുന്ന തരത്തിൽ വില്പന നടത്തുന്നത്. ഇത് പലപ്പോളും മറ്റു കടക്കാരും, യാത്രക്കാരുമായി സംഘർഷത്തിന് വഴി വെക്കുന്നു.

റെയിൽവേ ഗേറ്റ് അടച്ചാൽ പെട്ടിക്കടകളുടെ ആധിക്യം കൊണ്ട് ബസ്സുകളടക്കമുള്ള വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ പറ്റുന്നില്ല. ഭിന്നശേഷിക്കാരായ ചില ആളുകൾക്ക് ജീവനോപാധിയായി നൽകിയ പെട്ടിക്കടകൾ സംരക്ഷിച്ചു, അനധികൃതമായി സ്ഥാപിച്ച മുഴുവൻ കടകളും എടുത്തു മാറ്റാൻ അധികാരികൾ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഉപ്പളയിലെ സ്ഥിതി വിഭിന്നമല്ല. മംഗൽപാടി പഞ്ചായതിലും ചില സ്ഥലങ്ങളിൽ ഇത്തരം പെട്ടിക്കടകൾ സജീവമാണ്. പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്സിൽ പോലും ഒരു കട പല ഭാഗങ്ങളായി തിരിച്ചും, മുന്നിലേക്ക്‌ കെട്ടിയുണ്ടാക്കിയും മറ്റുള്ളവർക്ക് വലിയ വാടകക്ക് അനധികൃതമായി നൽകുന്നു. ഇതിന് പഞ്ചായത്ത് അധികൃതർ കൂട്ടുനിൽക്കുന്നതായും പരാതിയുണ്ട്.

ഉപ്പള ബസ്സ്റ്റാൻഡ് മുതൽ കൈകമ്പ വരെയുള്ള റോഡിൽ തടസ്സം പതിവാണ്. ഇതിനിടയിലെ ഒരു കല്യാണം മണ്ഡപത്തിൽ പരിപാടിയുണ്ടാവുന്നതാണ് ഇതിനു കാരണം. പോലിസ് അധികാരികൾ ഇതിനെതിരെ ഒരു നടപടിയും എടുക്കുന്നില്ല. നിയന്ത്രണമില്ലാതെ അവിടെ വാഹനം നിർത്തുന്നതാണിതിന് പ്രധാന കാരണം. ഹെൽമറ്റ് വെക്കാത്ത യാത്രക്കാർക്ക് പിഴ ഈടാക്കുന്ന പോലിസ്, റോഡ് തടസമാകും വിധം കല്യാണ മണ്ഡപത്തെ ഉപയോഗപ്പെടുത്തുന്ന മുതലാളിമാർക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ലെന്നു നാട്ടുകാർ പറയുന്നു.

മംഗൽപാടി പഞ്ചായത്ത് അധികൃതർ പെട്ടിക്കടകൾ മാറ്റണമെന്ന് ഒരിക്കൽ പത്രത്തിലും മറ്റും പരസ്യം ചെയ്തതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. ഉപ്പള മുതൽ ബന്തിയോട് വരെ റോഡിനിരുവശവും മാലിന്യം കുന്നു കൂടിയിട്ടും ഒരു നടപടിയുമെടുക്കൻ ശ്രമിക്കാത്ത പഞ്ചായത്തിന് പെട്ടിക്കടകൾ നീക്കം ചെയ്യാൻ സമയമുണ്ടാവില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 2000/3000 രൂപ വാടക നൽകി കച്ചവടം നടത്തുന്ന സാധാരണക്കാരെ കുത്തുപാളയെടുപ്പിക്കുന്ന തരത്തിൽ അനധികൃതമായി കച്ചവടം നടത്തുന്ന പെട്ടിക്കടകൾ ഒഴിപ്പിക്കണമെന്ന് കച്ചവടക്കാരും പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here