ദുബായില്‍ കഴുകാത്ത കാറുമായി റോഡിലിറങ്ങിയാല്‍ ഉടമകള്‍ക്ക് പണികിട്ടും

0
252

ദുബായ്(www.mediavisionnews.in):: അഴുക്കുനിറഞ്ഞ വാഹനങ്ങളുമായി ദുബായിലൂടെ സഞ്ചരിക്കുന്നവര്‍ ഓര്‍ക്കുക, 500 ദിര്‍ഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ് നിങ്ങള്‍ ചെയ്യുന്നത്. കാറുകള്‍ ദിവസങ്ങളായി കഴുകാതെ വൃത്തിഹീനമായ അവസ്ഥയില്‍ കൊണ്ടുനടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. വൃത്തിയില്ലായ്മ സംസ്കാരശൂന്യമായ പ്രവൃത്തിയാണെന്നും നഗരത്തിന്റെ സൗന്ദര്യത്തെത്തന്നെ അത് ബാധിക്കുമെന്നും വ്യക്തമാക്കിയാണ് മുനിസിപ്പാലിറ്റിയുടെ നടപടി.

വൃത്തിഹീനമായ കാറുകള്‍ നിരത്തുകളില്‍ കണ്ടാല്‍ അവ തിരിച്ചറിഞ്ഞശേഷം ആദ്യഘട്ടമായി നോട്ടീസ് വാഹനങ്ങളില്‍ പതിക്കും. തുടര്‍ന്ന് വാഹനം വൃത്തിയാക്കാന്‍ ഉടമയ്ക്ക് 15 ദിവസം അനുവദിക്കും. നിശ്ചിത സമയത്തിനുള്ളില്‍ വാഹനം വൃത്തിയാക്കിയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുകയും 500 ദിര്‍ഹം പിഴ ശിക്ഷ ലഭിക്കുകയും ചെയ്യും.  പിഴയടച്ച് വാഹനം വീണ്ടെടുക്കാന്‍ ഉടമ തയ്യാറാവുന്നില്ലെങ്കില്‍ ലേലം ചെയ്ത് വില്‍ക്കുമെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

വാഹനങ്ങള്‍ വൃത്തിയോടെ സുക്ഷിച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് നേരത്തെ അബുദാബി മുനിസിപ്പാലിറ്റിയും അറിയിച്ചിരുന്നു. നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനകം കാര്‍ വൃത്തിയാക്കിയില്ലെങ്കില്‍ 3000 ദിര്‍ഹം പിഴ ശിക്ഷ ലഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here