ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില കുതിച്ചുയരുന്നു: പ്രതിഷേധങ്ങള്‍ക്ക് നേരെ കണ്ണടച്ച് മോദിസര്‍ക്കാര്‍

0
176

കൊച്ചി (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. ഇന്ന് പെട്രോളിനു 22 പൈസയും ഡീസലിനു 19 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 85.45 രൂപയായും ഡീസല്‍ വില 78.59 രൂപയായും ഉയര്‍ന്നു.

തിരുവനന്തപുരത്തു പെട്രോള്‍ വില 86.64 രൂപയായപ്പോള്‍ ഡീസല്‍ വില 79.71 രൂപയായി. നഗരത്തിനു പുറത്തു പലയിടങ്ങളിലും ഡീസല്‍ വില 80 കടന്നു. കോഴിക്കോട്ടാകട്ടെ പെട്രോള്‍ വില 85.46 രൂപയും ഡീസല്‍ വില 78.71 രൂപയുമാണ്. ബുധനാഴ്ച സംസ്ഥാനത്ത് ഇന്ധനവില വര്‍ധിച്ചിരുന്നില്ല.

അതേസമയം പ്രളയത്തിന്റെ ദുരിതത്തില്‍നിന്ന് കരകയറുന്ന മലയാളികള്‍ക്ക് ഇരുട്ടടിയാണ് ദിവസംതോറും കണക്കില്ലാതെ വര്‍ധിക്കുന്ന ഇന്ധന വില. പ്രളയത്തിനുശേഷം ഇന്ധന വിലയില്‍ ലിറ്ററിന് അഞ്ചുരൂപവരെ വര്‍ധനയുണ്ടായി. തൊഴിലില്ലായ്മകൊണ്ട് ബുദ്ധിമുട്ടിലായ പ്രളയപ്രദേശത്തെ ജനങ്ങളെയാണ് ഇതേറെ ബാധിക്കുന്നത്.

ഇന്ധനവില വര്‍ധിച്ച സാഹചര്യത്തില്‍ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ബസ്സുടമകളും ഓട്ടോടാക്‌സി ജീവനക്കാരും രംഗത്തുവന്നിട്ടുമുണ്ട്. പ്രളയശേഷം സംസ്ഥാനത്തെ ഇന്ധന ഉപയോഗത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഡീസല്‍ ഉപയോഗത്തില്‍ 10 മുതല്‍ 15 ശതമാനംവരെ കുറവ് വന്നു.

ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കുന്നവരുടെ എണ്ണവും വില വര്‍ധിച്ചതോടെ വലിയ അളവില്‍ കുറഞ്ഞെന്നാണ് പമ്പുടമകള്‍ പറയുന്നത്. പെട്രോള്‍ പമ്പുകളില്‍ ഇന്ധനവില പ്രദര്‍ശിപ്പിക്കുന്ന ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ മൂന്നക്കസംഖ്യ പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം ഒരുക്കുന്നുമുണ്ട്. വലിയ പ്രതിസന്ധിതന്നെയാണ് വരുംനാളുകളില്‍ പ്രതീക്ഷിക്കേണ്ടത് എന്ന സൂചനയാണിത്.

രൂപയുടെ മൂല്യം ഇടിയുന്നതും ഇറാന്‍ പ്രശ്‌നവുമെല്ലാം സൂചിപ്പിക്കുന്നത് അധികം വൈകാതെ ഇന്ധന വില 100ല്‍ എത്തുമെന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍ഡീസല്‍ എന്നിവയ്ക്ക് നികുതി കുറച്ചാല്‍ ഉപഭോഗം നല്ലരീതിയില്‍ കൂടും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here