ഖത്തർ ലോകകപ്പിനു വളണ്ടിയർമാരാവാൻ ഇന്ത്യൻ ആരാധകരുടെ ഒഴുക്ക്

0
263

ദോഹ(www.mediavisionnews.in):2022ൽ നടക്കുന്ന ഖത്തർ ലോകകപ്പിനു വളണ്ടിയർമാരാവാൻ ഇന്ത്യക്കാരുടെ കുത്തൊഴുക്ക്. വളണ്ടിയർമാരെ ക്ഷണിച്ചു കൊണ്ടുള്ള ഓൺലൈൻ അപ്ലിക്കേഷൻ ഫോമിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ വന്നിരിക്കുന്നത് ഇന്ത്യയിൽ നിന്നുമാണ്. 160 വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾക്കായി അപേക്ഷ ക്ഷണിച്ചു തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോൾ ഒരു ലക്ഷത്തി നാൽപതിനായിരത്തിലധികം പേരാണ് ഇതു വരെ വളണ്ടിയർമാരാവാൻ അപേക്ഷിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവുമധികം പേർ ഇന്ത്യൻ സ്വദേശികളാണ്. ഇരുപതിനായിരത്തിലധികം ഇന്ത്യൻ സ്വദേശികളാണ് ഖത്തർ ലോകകപ്പിനു സേവനമനുഷ്ഠിക്കാൻ സന്നദ്ധരായി മുന്നോട്ടു വന്നിരിക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരും പതിനെട്ടു മുതൽ ഇരുപത്തിയഞ്ചു വയസു വരെ പ്രായമുള്ളവരാണ്.

ഖത്തറിൽ നിന്നും വെറും ഏഴായിരത്തിലധികം പേർ വളണ്ടിയർമാരായി സേവനത്തിനു തയ്യാറാവുമ്പോഴാണ് അതിന്റെ മൂന്നിരട്ടി ആളുകൾ ഇന്ത്യയിൽ നിന്നും അപേക്ഷ അയച്ചിരിക്കുന്നത്. പന്ത്രണ്ടായിരത്തിലധികം പേർ അപേക്ഷിച്ച ഈജിപ്താണ് ഇതിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത്. പതിനൊന്നായിരത്തിലധികം പേർ അപേക്ഷിച്ച മൊറോക്കോ, പതിനായിരം വീതം അപേക്ഷകളെത്തിയ ഒമാൻ, ജോർദാൻ, എണ്ണായിരം പേർ അപേക്ഷിച്ച അൾജീരിയ എന്നിവരാണ് ഈ ലിസ്റ്റിലെ മറ്റു പ്രധാന രാജ്യങ്ങൾ.

സെപ്തംബർ രണ്ടിന് ആരംഭിച്ച അപേക്ഷ ക്ഷണിക്കൽ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നുണ്ട്. അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഫുട്ബോൾ ലോകം മുഴുവൻ പടർന്നു പിടിച്ച ഒരു വിനോദമാണെന്നും അതിലെ ഏറ്റവും വലിയ പോരാട്ടം വരുമ്പോൾ ലോകത്തിലെ എല്ലാ ഭാഗത്തു നിന്നും അതിൽ പങ്കാളിത്തമുണ്ടായിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും ലോകകപ്പിന്റെ കമ്യൂണിറ്റി എൻഗേജ്മെൻറ് മാനേജർ മേദ് അൽ ഇമാദി പറഞ്ഞു. നിലവിൽ പ്രതീക്ഷിച്ചതിലധികം ആളുകൾ ലോകകപ്പിന്റെ ഭാഗമാവാൻ സന്നദ്ധത അറിയിക്കുന്നതിൽ വളരെ സന്തോഷമുണ്ടെന്നും ലോകകപ്പ് ഒരു ഗംഭീര വിജയമാക്കുകയാണ് ഏവരുടെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here