കേസില്‍പ്പെട്ട് കസ്റ്റഡിയിലായ വാഹനങ്ങള്‍ക്ക് ഇനി വേഗത്തില്‍ മോചനം

0
216

കണ്ണൂര്‍(www.mediavisionnews.in):: കേസില്‍പ്പെട്ട് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ പോലീസ് സ്റ്റേഷന്‍ പരിസരിത്തുനിന്നും മറ്റും പെട്ടെന്ന് ഒഴിവാക്കാന്‍ സമഗ്ര മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍. പോലീസ്, വനം, ഗതാഗതം, റവന്യു, എക്സൈസ് വകുപ്പുകള്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ അതിവേഗം ഒഴിവാക്കാനാണ് മാര്‍ഗനിര്‍ദേശം.

വാഹനങ്ങള്‍ അനന്തമായി കാര്യാലയങ്ങളിലോ പൊതുസ്ഥലത്തോ വെക്കരുത്. ഇങ്ങനെ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുകൊടുക്കാന്‍ കഴിയാത്തതാണെങ്കില്‍ വിൽപന നടത്തണം. വില്‍ക്കാനുള്ള മാര്‍ഗരേഖയും സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പിടിച്ചെടുത്തിട്ടും കോടതിയില്‍ എത്തിക്കാത്ത മുഴുവന്‍ വാഹനങ്ങളും ഡിസംബര്‍ 31നു മുമ്പ് കോടതിയിലെത്തിച്ച്‌ തുടര്‍നടപടി തേടണമെന്നാണ് നിര്‍ദേശം.
നേരത്തേത്തന്നെ കോടതിയുടെ മുമ്പിലുള്ള പ്രശ്നമാണെങ്കില്‍ വിധി വേഗത്തിലാക്കാന്‍ പ്രത്യേക അപേക്ഷ നല്‍കണം. കോടതിയിലെത്തിക്കാന്‍പോലും സാധിക്കാത്തവിധം കേടായ വാഹനമാണെങ്കില്‍ ഫോട്ടോയും വിവരവും കോടതിയില്‍ സമര്‍പ്പിച്ച്‌ നിര്‍ദേശം തേടണം.

വാഹനം പിടിച്ചെടുത്താല്‍

വാഹനം പിടിച്ചാല്‍ രണ്ടാഴ്ചയ്ക്കകം ഫോട്ടോ എടുപ്പ്, ഇന്‍ഷുററെ കണ്ടെത്തല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കോടതി മുമ്പാകെ എത്തിക്കണം. കോടതി പ്രത്യേകമായി നിര്‍ദേശിക്കാത്തപക്ഷം പിടിച്ചെടുത്ത വാഹനം കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടതില്ല. വിട്ടുകൊടുക്കാന്‍ കോടതി നിര്‍ദേശിച്ചാല്‍ രണ്ടുമാസത്തിനകം നല്‍കണം. കോടതി നിര്‍ദേശിക്കാത്തപക്ഷം വില്പനയ്ക്ക് തടസ്സമില്ല.

ലേലത്തില്‍ വില്‍ക്കാനാണ് കോടതി നിര്‍ദേശിക്കുന്നതെങ്കില്‍ രണ്ടാഴ്ചയ്ക്കകം നടപടി തുടങ്ങണം. ആറുമാസത്തിനകം പൂര്‍ത്തിയാക്കണം.

ആളില്ലാവാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുമ്ബോള്‍

ഉടമസ്ഥനില്ലാതെ പൊതുസ്ഥലത്ത് കാണപ്പെടുന്ന വാഹനം കസ്റ്റഡിയിലെടുത്താല്‍ കേസ് ജില്ലാ പോലീസ് മേധാവിയുടെയോ കമ്മിഷണറുടെയോ മുമ്പിലെത്തിക്കണം. അവകാശികളുണ്ടോ എന്നാരാഞ്ഞ് ജില്ലാ പോലീസ് മേധാവി പരസ്യം ചെയ്യണം. മൂന്നുമാസത്തിനകം അവകാശി എത്തിയാല്‍ തിരിച്ചുനല്‍കണം. എന്നാല്‍, ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായാല്‍ കാര്യം കോടതിക്ക് വിടണം. അവകാശികളില്ലാത്ത പക്ഷം വിലനിര്‍ണയമടക്കമുള്ള നടപടി പൂര്‍ത്തിയാക്കി ലേലംചെയ്ത് വില്‍ക്കാം.

ലേലത്തിനുമുന്പ് വിലനിര്‍ണയം

തിരിച്ചുനല്‍കാനാവാത്ത വാഹനങ്ങള്‍ ലേലംചെയ്യും മുമ്പ് വില നിര്‍ണയിക്കണം. ഇതിനായി എല്ലാ ജില്ലയിലും വിലനിര്‍ണയസമിതി രൂപവത്കരിക്കും. ജില്ലാകളക്ടര്‍ ചെയര്‍മാനും ജില്ലാ പോലീസ് മേധാവി കണ്‍വീനറുമായിരിക്കും. മോട്ടോര്‍ വാഹനം, മരാമത്ത് വകുപ്പുകളുടെ ജില്ലാമേധാവികളും സമിതിയിലുണ്ടാകും. വാഹനം കസ്റ്റഡിയിലെടുത്ത വകുപ്പിന്റെ പ്രതിനിധി ക്ഷണിതാവായിരിക്കും.

വാങ്ങിയ വിലയുടെ 20 ശതമാനം ആദ്യ വര്‍ഷത്തേക്ക് മൂല്യശോഷണമായി കണക്കാക്കണം. ബാക്കി തുകയുടെ 20 ശതമാനം അടുത്ത വര്‍ഷം. ആറുവര്‍ഷം കഴിഞ്ഞാല്‍ 10 ശതമാനം വീതമാണ് കുറയ്ക്കുക. 10 വര്‍ഷം കഴിഞ്ഞതാണെങ്കില്‍ ‘ഇരുമ്പ് വില’ മാത്രം. ഇത്‌ നിശ്ചയിക്കുന്നതും വിലനിര്‍ണയസമിതി.

മൂന്നുതവണ ലേലനടപടികള്‍ നടത്താം. ആദ്യലേലത്തിന് നിശ്ചിത തുകയ്ക്ക് വാങ്ങാന്‍ ആരും വരാതിരുന്നാല്‍ തുകയില്‍ 10 ശതമാനം കുറച്ച്‌ വീണ്ടും ലേലം നടത്തണം. രണ്ടാമതും വാങ്ങാന്‍ ആരുമെത്തുന്നില്ലെങ്കില്‍ സ്‌ക്രാപ് വിലയ്ക്ക് വില്‍ക്കാം. ഇങ്ങനെ വില്പന നടത്തുന്നതിലൂടെ കിട്ടുന്ന പണം ഈയിനത്തിനായിമാത്രം തുടങ്ങുന്ന അക്കൗണ്ടിലാണ് നിക്ഷേപിക്കേണ്ടത്. കോടതി നിശ്ചയിക്കുന്ന അവകാശികള്‍ക്ക് മുഴുവന്‍ തുകയും നല്‍കണം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here