കുമ്പള പഞ്ചായത്തിൽ സംസ്‌ക്കരണത്തിന്‌ സംവിധാനമില്ല; നാട്ടുകാര്‍ മാലിന്യം പഞ്ചായത്താഫീസ്‌ മുറ്റത്ത്‌ തള്ളി

0
200

കുമ്പള (www.mediavisionnews.in): നഗരത്തില്‍ കുന്നു കൂടുന്ന മാലിന്യം നീക്കം ചെയ്യാനോ സംസ്‌ക്കരിക്കാനോ സംവിധാനങ്ങള്‍ ഒരുക്കാത്ത അധികൃതരുടെ നിലപാടിനെതിരെ ജനരോഷം ശക്തമാകുന്നു. സഹികെട്ട നാട്ടുകാര്‍ മാലിന്യം ചാക്കുകളിലാക്കി പഞ്ചായത്താഫീസിനു മുന്നില്‍ തള്ളി.

ഹര്‍ത്താല്‍ പിറ്റേന്ന് ഓഫീസിലെത്തിയ ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ കൂട്ടിയിട്ട മാലിന്യം കണ്ട് അമ്പരന്നു. മാലിന്യം എങ്ങോട്ടു നീക്കുമെന്നറിയാതെ ജീവനക്കാരും കുഴങ്ങി. നേരത്തെ കുമ്പള പഞ്ചായത്തിലെ മാലിന്യങ്ങള്‍ മംഗല്‍പ്പാടി മാലിന്യ സംസ്‌ക്കരണ പ്ലാന്റിലെത്തിച്ചു സംസ്‌ക്കരിക്കുകയായിരുന്നു പതിവ്.

ഇതിനായി കുമ്പള പഞ്ചായത്ത് ട്രാക്ടറും ജീവനക്കാരെയും ഏര്‍പ്പെടുത്തിയിരുന്നു. ദിവസവും മാലിന്യം ശേഖരിച്ചു മംഗല്‍പാടിയിലെത്തിച്ചു സംസ്‌ക്കരിക്കുകയായിരുന്നു. പിന്നീട് ട്രാക്ടര്‍ ഡ്രൈവറെ കുമ്പള പഞ്ചായത്ത് അധികൃതര്‍ പിരിച്ചുവിട്ടതായും ട്രാക്ടര്‍ കട്ടപ്പുറത്ത് കയറ്റി വച്ചതായും നാട്ടുകാര്‍ പറയുന്നു.

ഇതോടെയാണ് കുമ്പള നഗരം മാലിന്യക്കൂമ്പാരം കൊണ്ട് പൊറുതി മുട്ടാന്‍ തുടങ്ങിയത്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലും വിദ്യാലയങ്ങളിലേക്കുള്ള വഴിയിലുമൊക്കെ രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ മാലിന്യങ്ങള്‍ കൊണ്ടു വന്നു തള്ളുകയായിരുന്നു. ഇതു സംബന്ധിച്ചു പരാതി ഉയര്‍ന്നെങ്കിലും അധികൃതര്‍ അവഗണിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ പഞ്ചായത്താഫീസിനു മുന്നില്‍ നാട്ടുകാര്‍ മാലിന്യച്ചാക്കുകള്‍ നിക്ഷേപിച്ചതെന്നു പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here