ഒരു കുറ്റകൃത്യം നടന്നാല്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കാന്‍ നമ്മുടെ നാട് കമ്യൂണിസ്റ്റ് ചൈനയല്ല: പി.കെ ഫിറോസ്

0
198

കോഴിക്കോട്(www.mediavisionnews.in): പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന സി.പി.ഐ.എം നിലപാടിനെതിരെ രൂക്ഷ വിമര്‍ശനുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.

ഒരു കുറ്റകൃത്യം നടന്നാല്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കാന്‍ നമ്മുടെ നാട് കമ്യൂണിസ്റ്റ് ചൈനയല്ലെന്നും ജനാധിപത്യ ഇന്ത്യയിലെ ഒരു ഫെഡറല്‍ സ്റ്റേറ്റാണെന്നും പി.കെ ഫിറോസ് പറഞ്ഞു. ഇവിടെ നിയമവും അത് നടപ്പിലാക്കാന്‍ വേറെ രീതികളുമുണ്ട്. അത് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വനിതാ നേതാവിന്റെ പരാതി പൂഴ്ത്തുന്ന നിലപാടാണ് പാര്‍ട്ടി തുടക്കത്തില്‍ സ്വീകരിച്ചതെന്നും ഒടുവില്‍ ഗത്യന്തരമില്ലാതെ പരാതിക്കാരി കേന്ദ്രനേതൃത്വത്തെ സമീപിച്ചപ്പോഴാണ് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തും എന്ന് സെക്രട്ടറി വ്യക്തമാക്കിയതെന്നും പി.കെ ഫിറോസ് പറയുന്നു.

പരാതിക്കാരിക്ക് എല്ലാ തരത്തിലുമുള്ള ആത്മവിശ്വാസവും പിന്തുണയും നല്‍കിക്കൊണ്ട് കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നത്? ഭരണത്തിലിരിക്കുന്ന, അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിക്ക് ഒരു ഫോണ്‍ കോള്‍ പോരേ അതിനായിട്ട്?

പൂഴ്ത്തിയ പരാതിയില്‍ തന്നെ പിന്നീട് അന്വേഷണം പ്രഖ്യാപിച്ചിട്ടും ഇതുവരെ താനറിഞ്ഞില്ല എന്നാണ് കുറ്റാരോപിതനായ ശശി എം.എല്‍.എ ധാര്‍ഷ്ട്യത്തോടെ മാധ്യമങ്ങളോടു പറഞ്ഞത്. എങ്കില്‍ പാര്‍ട്ടിതലത്തിലുള്ള അന്വേഷണത്തിന്റെ ഗതി എന്താവും എന്ന് നമുക്കൂഹിക്കാവുന്നതേ ഉള്ളൂവെന്നും പി.കെ ഫിറോസ് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

”ഒരു വനിതാ സഖാവ് പാര്‍ട്ടിയിലെ എം.എല്‍.എ ക്കെതിരെ പരാതി കൊടുത്തിട്ട് ആഴ്ചകളായി. പരാതി നിസ്സാരമല്ല, 7 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന പീഢനക്കേസാണ്. എന്നാല്‍ പരാതി ലഭിച്ച സംസ്ഥാന നേതൃത്വം പരാതി പൂഴ്ത്തുന്ന നിലപാടാണ് സ്വീകരിച്ചത്. ഒടുവില്‍ ഗത്യന്തരമില്ലാതെ പരാതിക്കാരി കേന്ദ്രനേതൃത്വത്തെ സമീപിച്ചപ്പോഴാണ് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തും എന്ന് സെക്രട്ടറി വ്യക്തമാക്കിയത്.

ഒരു സ്ത്രീക്ക് നേരെ ലൈംഗികമായ അതിക്രമമുണ്ടായാല്‍ പരാതിപ്പെടാന്‍ ധൈര്യപ്പെടുക എന്നത് പലപ്പോഴും ഇന്നാട്ടില്‍ സംഭവിക്കാത്ത കാര്യമാണ്. കുറ്റാരോപിതനേക്കാള്‍ പരാതിക്കാരി വീണ്ടും മാനഹാനിക്ക് വിധേയമാകും എന്നതാണ് കാരണം. സ്ത്രീസ്വാതന്ത്ര്യത്തിനും സംരക്ഷണത്തിനും അങ്ങേയറ്റം മുന്‍ഗണന കൊടുക്കുന്നു എന്നവകാശപ്പെടുന്ന സി.പി.എം പരാതി ലഭിച്ചപ്പോള്‍ സ്വീകരിച്ച സമീപനമെന്താണ്? പരാതിക്കാരിക്ക് എല്ലാ തരത്തിലുമുള്ള ആത്മവിശ്വാസവും പിന്തുണയും നല്‍കിക്കൊണ്ട് കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നത്? ഭരണത്തിലിരിക്കുന്ന, അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിക്ക് ഒരു ഫോണ്‍ കോള്‍ പോരേ അതിനായിട്ട്? പൂഴ്ത്തിയ പരാതിയില്‍ തന്നെ പിന്നീട് അന്വേഷണം പ്രഖ്യാപിച്ചിട്ടും ഇതുവരെ താനറിഞ്ഞില്ല എന്നാണ് കുറ്റാരോപിതനായ ശശി എം.എല്‍.എ ധാര്‍ഷ്ട്യത്തോടെ മാധ്യമങ്ങളോടു പറഞ്ഞത്. എങ്കില്‍ പാര്‍ട്ടിതലത്തിലുള്ള അന്വേഷണത്തിന്റെ ഗതി എന്താവും എന്ന് നമുക്കൂഹിക്കാവുന്നതേ ഉള്ളൂ.

സ്വന്തം സഹപ്രവര്‍ത്തകക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ഡി.വൈ.എഫ്.ഐ യുടെ നിലപാടെന്താണ്? രാജ്‌മോഹന്‍ ഉണ്ണിത്താനെ തന്റെ സ്ത്രീ സുഹൃത്തിന്റെ കൂടെ കണ്ടപ്പോഴും അബ്ദുള്ളക്കുട്ടി മറ്റൊരു കുടുംബത്തിന്റെ കൂടെ യാത്ര ചെയ്തപ്പോള്‍ ഒരാള്‍ സ്ത്രീയായിരുന്നു എന്നതുകൊണ്ടും സദാചാരം പൊട്ടിയൊലിച്ച് ഉണ്ണിത്താനെയും അബ്ദുള്ളക്കുട്ടിയെയും കയ്യേറ്റം ചെയ്ത ഡി.വൈ.എഫ്.ഐ, സ്വന്തം സഹപ്രവര്‍ത്തക പരാതിപ്പെട്ടിട്ട് പോലും കുറ്റകരമായ മൗനമാണ് അവലംബിക്കുന്നത്. ഇവരൊക്കെ എന്ത് സ്ത്രീ സുരക്ഷയെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്?

പാര്‍ട്ടി അന്വേഷിക്കുന്നു എന്നാണ് ചിലര്‍ വീമ്പു പറയുന്നത്. മുമ്പും നിങ്ങള്‍ പ്രഖ്യാപിച്ച പല അന്വേഷണങ്ങളും ഇവിടെയുണ്ട്. എന്നിട്ടെന്തായി? എത്ര പേരെ തൂക്കിക്കൊന്നു. എത്ര പേര്‍ക്ക് ജീവപര്യന്തം? എത്ര പേരെ വെറുതെ വിട്ടു? അവസാനം പ്രഖ്യാപിച്ച ടി പി ചന്ദ്രശേഖരന്‍ കൊലപാതകക്കേസിന്റെ റിപ്പോര്‍ട്ടെങ്കിലും പറയാമോ?

എന്നാല്‍ ഒരു കാര്യം പറയട്ടെ…..
ഒരു കുറ്റകൃത്യം നടന്നാല്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കാന്‍ നമ്മുടെ നാട് കമ്യൂണിസ്റ്റ് ചൈനയല്ല. ജനാധിപത്യ ഇന്ത്യയിലെ ഒരു ഫെഡറല്‍ സ്റ്റേറ്റാണ്. ഇവിടെ നിയമവും അത് നടപ്പിലാക്കാന്‍ വേറെ രീതികളുമുണ്ട്. ഓര്‍ക്കുന്നത് നന്നായിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here