LIVEBLOG: കുതിരാനില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം പുനസ്ഥാപിക്കാനാകുന്നില്ല; നൂറുകണക്കിന് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

0
236
തൃശൂര്‍ കുതിരാനില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം പുനസ്ഥാപിക്കാനാകുന്നില്ല; നൂറുകണക്കിന് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

17 Aug, 03.45 PM

തൃശൂര്‍: ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വീണ്ടും മണ്ണിടിച്ചില്‍. ഇതോടെ തൃശൂര്‍-പാലക്കാട് റൂട്ടില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിന് തടസമായി. രണ്ടു ദിവസമായി കുതിരാനില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ച അവസ്ഥയിലായിരുന്നു. മണ്ണുമാറ്റി വാഹനങ്ങള്‍ കടന്നുപോകാം എന്ന സ്ഥിതിയിലേക്ക് എത്തിയപ്പോഴാണ് വീണ്ടും മണ്ണിടിഞ്ഞത്.

നൂറുകണക്കിന് വാഹനങ്ങള്‍ പാലക്കാട് ഭാഗത്തേക്ക് പോകാന്‍ കഴിയാതെ ദേശീയപാതയില്‍ കുടുങ്ങിക്കിടക്കുകയാണ്. പട്ടാമ്പി വഴിയും പാലക്കാട് മേഖലയിലേക്ക് പോകാന്‍ കഴിയില്ല. ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നതിനാല്‍ പലയിടത്തും കരയിലേക്ക് വെള്ളം കയറിയിട്ടുണ്ട്. ഇതോടെ പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

ഇതിനിടെ ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. ജെസിബി ഉപയോഗിച്ചാണ് ജോലികള്‍ പുരോഗമിക്കുന്നത്. വൈകുന്നേരത്തോടെ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

……………………………………………….

പത്തനംതിട്ട സീതത്തോട്ടില്‍ ഉരുള്‍പൊട്ടി രണ്ട് പേര്‍ മരിച്ചു
17 Aug, 3.00 PM
പത്തനംതിട്ട: സീതത്തോട്ടില്‍ ഉരുള്‍പൊട്ടി രണ്ട് പേര്‍ മരിച്ചു. സീതത്തോട്ട് മുണ്ടന്‍പാറയിലാണ് ഉരുള്‍പൊട്ടിയത്. ആര്‍ക്കവിലാസം സുരേന്ദ്രന്റെ ഭാര്യ രാജമ്മ (56) ചെരുവില്‍ പ്രമോദ് (29) എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇവരെ കാണാതായിരുന്നു. ഇന്ന് രാവിലെയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
…………………………………………………………….
‘സഹായിക്കണം’; ആരാധകരോട് കേരളത്തിന്റെ ദുരിതം പറഞ്ഞ് ബോളിവുഡ് താരങ്ങള്‍

17 Aug, 02.45 PM

കേരളം നേരിടുന്ന സമാനതകളില്ലാത്ത പ്രളയദുരന്തത്തിന് ദേശീയമാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. റസൂല്‍ പൂക്കുട്ടി അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു. ദേശീയ മാധ്യമങ്ങള്‍ വേണ്ടത്ര ഗൗനിക്കുന്നില്ലെങ്കിലും ബോളിവുഡ് താരങ്ങള്‍ അങ്ങനെയല്ല. തങ്ങളുടെ ആരാധകരോട് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വിദ്യ ബാലനുമടക്കമുള്ള താരങ്ങള്‍.

ഭയപ്പെടുത്തുന്ന സാഹചര്യമാണ്, ദയവായി സഹായിക്കണം എന്നായിരുന്നു അമിതാഭ് ബച്ചന്റെ ട്വീറ്റ്. ഒപ്പം പ്രധാന എമര്‍ജന്‍സി നമ്പരുകളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. കേരളത്തില്‍ സംഭവിക്കുന്നത് കാണുന്നതും കേള്‍ക്കുന്നതും വലിയ വിഷമമുണ്ടാക്കുന്നുവെന്നും ഓരോരുത്തരും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യണമെന്നുമായിരുന്നു അഭിഷേക് ബച്ചന്റെ ട്വീറ്റ്. കരണ്‍ ജോഹര്‍, ശ്രദ്ധ കപൂര്‍, കാര്‍ത്തിക് ആര്യന്‍, സുനില്‍ ഷെട്ടി, വരുണ്‍ ധവാന്‍ എന്നിവരൊക്കെ തങ്ങളുടെ ട്വിറ്റര്‍ പേജുകളിലൂടെ കേരളത്തിനായി സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.

……………………………………………………..
മഴ ഞായറാഴ്ച വരെ; ന്യൂനമര്‍ദം ഒഡീഷ തീരത്തേക്ക്

17 Aug, 0230 PM

തിരുവനന്തപുരം: കേരളത്തില്‍ പെയ്യുന്ന കാലവര്‍ഷത്തിന്റെ കാഠിന്യം ഞായറാഴ്ചയോടെ കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം.

ബംഗാള്‍ ഉള്‍ക്കടലിലും പശ്ചിമ ബംഗാളിന്റേയും തീരപ്രദേശങ്ങളിലും ഒഡീഷയുടെ മുകളിലും രൂപം കൊണ്ട ന്യൂനമര്‍ദ്ദം, കിഴക്കന്‍ വിദര്‍ഭയിലേക്കും പരിസരങ്ങളിലേക്കും നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ കേരളത്തിലെ മഴയുടെ ശക്തി കുറഞ്ഞേക്കും.

കനത്തമഴയിലും, വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരെ സംരക്ഷിക്കാനുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഒറ്റപ്പെട്ട് കിടക്കുന്നവരെ ഇന്ന് തന്നെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

സംസ്ഥാനത്ത് പലയിടങ്ങളിലും മഴയ്ക്ക് നേരിയ ശമനമുള്ളത് പ്രതീക്ഷയ്ക്ക് ഇട നല്‍കുന്നുണ്ട്. ജനങ്ങളും സാധ്യമായ എല്ലാ സഹായങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ചെയ്യുന്നുണ്ട്.

……………………………………..
17 Aug, 12:41 PM

സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ; 5000 ഡോക്ടര്‍മാരുടെ സംഘമെത്തുമെന്ന് ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്തെ മഹാപ്രളയത്തില്‍പ്പെട്ട രോഗികളുടെ പരിശോധന സ്വകാര്യ ആശുപത്രികളിലും സൗജന്യമാക്കുമെന്ന് ഐ.എം.എ. പ്രളയ ബാധിരുടെ ചികില്‍സ ഏറ്റെടുക്കാന്‍ 5000 ഡോക്ടര്‍മാരുടെ സംഘമെത്തും.

ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതിനാല്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാദ്ധ്യത കൂടുതല്‍ ഉണ്ടെന്നും അതിനെ തടയാന്‍ ജാഗ്രത പാലിക്കണമെന്നും ഐ എം എ ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്തെ പ്രളയദുരന്തം നേരിടുന്നതിന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി മുന്നേറുകയാണ്. വിവിധ വകുപ്പുകള്‍ക്കൊപ്പം പൊലീസും പൂര്‍ണ്ണമായും രക്ഷാദൗത്യവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളിലാണ്. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴെവരെയുള്ള 35000 ത്തിലേറെ പോലീസ് ഉദ്യോഗസ്ഥരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. വനിതാ കമാന്‍ഡോകള്‍, വിവിധ സായുധസേനാ ബറ്റാലിയനുകള്‍, ആര്‍ആര്‍ആര്‍എഫ് തുടങ്ങി എല്ലാ വിഭാഗങ്ങളേയും ഏകോപിപ്പിച്ചിട്ടുണ്ട്.

പൊലീസ് ട്രെയിനിംഗ് കോളെജ്, കേരള പൊലീസ് അക്കാദമി എന്നിവിടങ്ങളില്‍നിന്നും ട്രെയിനികളും വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കും. കോസ്റ്റല്‍ പൊലീസിന്റെ 258 ബോട്ടുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട് ചെയ്തിട്ടുണ്ട്. ഇവ സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിലാണ്. ഇതിനു പുറമേ സ്വകാര്യ ബോട്ടുകളും ഉപയോഗപ്പെടുത്തി വരുന്നു. സംസ്ഥാനത്താകെയുള്ള ദുരിതാശ്വാസ ക്യാമ്ബുകള്‍ക്കായുള്ള സംരക്ഷണത്തിനും പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മൊബൈല്‍ ബന്ധം തകരാറിലായ സ്ഥലങ്ങളില്‍ ആവശ്യമുള്ള ബോട്ടുകള്‍ക്കൊപ്പം വയര്‍ലെസ് സെറ്റും അതു കൈകാര്യം ചെയ്യേണ്ട ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു.

തിരുവനന്തപുരത്ത് നിന്നും ദുരിതാശ്വാസ ക്യാമ്ബുകള്‍ക്കായി ശേഖരിച്ച അഞ്ച് ലോഡ് സാധന സാമഗ്രികള്‍ വയനാട്, ഇടുക്കി, ആലുവ, പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ ക്യാമ്ബുകളിലേക്ക് അയച്ചു. ഇതിനു പുറമെ വിവിധ ജില്ലകളില്‍നിന്നും സാധന സാമഗ്രികള്‍ ശേഖരിച്ച്‌ എത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കും തുണിത്തരങ്ങള്‍, പെട്ടെന്ന് കേടാകാത്ത ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി വിവിധ സാധന സാമഗ്രികള്‍ പൊലീസിനെ ഏല്പിക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. പൊലീസ് സ്‌റ്റേഷനുകളിലോ ജില്ലാ പൊലീസ് ആസ്ഥാനത്തോ ഇവ പായ്ക്ക് ചെയ്തു ഇവ എത്തിക്കണം.

എല്ലാ ജില്ലകളിലും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയിലും തൃശൂരിലും (ചാലക്കുടി) എറണാകുളത്തും (ആലുവ) രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊലീസ് നടപടികള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള താഴെപ്പറയുന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാന്‍ കഴിയാത്തവര്‍ക്ക് അടിയന്തര സഹായത്തിന് ബന്ധപ്പെടാവുന്നതാണ്.

ഡിഐജി, എ പി ബറ്റാലിയന്‍- 9497998999

കമാന്‍ഡന്റ് കെഎപി3- 9497996967

ജില്ലാ പോലീസ് മേധാവി, പത്തനംതിട്ട- 9497996983

ജില്ലാ പോലീസ് മേധാവി, തൃശ്ശൂര്‍ റൂറല്‍- 9497996978

ഡിവൈഎസ്പി. സ്‌പെഷ്യല്‍ ബ്രാഞ്ച്- 9497990083

ഡിവൈഎസ്പി ക്രൈം ഡിറ്റാച്ച്‌മെന്റ്- 9497981247

ജില്ലാ പോലീസ് മേധാവിഎറണാകുളം റൂറല്‍- 9497996979

ഡിവൈഎസ്പി.സ്‌പെഷ്യല്‍ ബ്രാഞ്ച്- 9497990073

……………………………………………………………………

LIVEBLOG: മഴക്കെടുതിയില്‍ സംസ്ഥാനത്താകെ 164 പേര്‍ മരിച്ചു;1568 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; കൂടുതല്‍ കേന്ദ്രസഹായം തേടി; കേന്ദ്രത്തിന് അനുകൂല മനോഭാവമെന്നും മുഖ്യമന്ത്രി

17 Aug, 12:26 PM

തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്താകെ 17 ദിവസത്തിനിടെ 164 പേര്‍ മരിച്ചു. കൂടുതല്‍ കേന്ദ്രസഹായം തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രത്തിന് അനുകൂല മനോഭാവമാണ്. പ്രശ്‌നത്തിന്റെ ഗൗരവം കേന്ദ്രസര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നുണ്ട്. സംസ്ഥാനത്താകെ 1568 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് ആയിരത്തിലധികം പേരാണ്. 4000 പേരെ എന്‍ഡിആര്‍എഫ് രക്ഷപ്പെടുത്തി. ജില്ല തിരിച്ച് കണക്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് തന്നെ എല്ലാവരെയും പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നത്.

മുല്ലപ്പെരിയാറിന് സുരക്ഷാ ഭീഷണി ഉള്ളതായി റിപ്പോര്‍ട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

17 Aug, 12:16 PM

മഴക്കെടുതിയില്‍ ഇന്ന് ആറ് മരണം; പതിനായിരങ്ങള്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം 

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി തുടരുന്നു. പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കനത്ത നാശം വിതച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിനടിയിലാണ്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ കേന്ദ്രസേന എത്തി

 

LEAVE A REPLY

Please enter your comment!
Please enter your name here