സിപിഎം പ്രവര്‍ത്തകനെ കുത്താന്‍ ബിജെപി അനുഭാവികള്‍ ഉപയോഗിച്ചത് പ്രത്യേകതരം കത്തി

0
263

ഉപ്പള (www.mediavisionnews.in):  സോങ്കാലിലെ സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിനെ കുത്തി കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ചത് പ്രത്യേകതരം കത്തി.ഒന്നാം പ്രതി സോങ്കാലിലെ കെ.പി.അശ്വതാണ് സിദ്ദിഖിനെ കുത്തിയത്. വയറിലാണ് കുത്തേറ്റത്. അധികം രക്തം പുറത്തു വന്നില്ല. പക്ഷേ. കുടല്‍മല വെളിയില്‍ ചാടിയിരുന്നു. സംഭവം നടന്നു മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സിദ്ദിഖ് മരിച്ചു. ബാഹ്യമായ മുറിവുകളേക്കാളുപരി ആന്തരിക അവയവങ്ങളെ തകര്‍ത്ത് ജീവന്‍ അപകടത്തിലാക്കുന്ന രീതിയാണ് അക്രമികള്‍ പിന്തുടര്‍ന്നത്. ഇതിനുപയോഗിച്ചതാകട്ടെ പ്രത്യേക തരം ആയുധവും.

ആന്തരീക അവയവങ്ങളില്‍ കാര്യമായി ക്ഷതം ഏല്‍പ്പിക്കുന്ന തരത്തിലുള്ള ആയുധമാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് പോസ്റ്റുമോട്ടത്തില്‍ വ്യക്തമാവുകയും ചെയ്തിരുന്നു.

സംഭവ സ്ഥലത്തിന് അന്‍പതു മീറ്റര്‍ ദൂരെ കുറ്റിക്കാട്ടില്‍ നിന്ന് തെളിവെടുപ്പിനിടെ അശ്വത് തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ കോസ്റ്റല്‍ സിഐ സിബി തോമസിന് കത്തി എടുത്തുകൊടുത്തത്. കഠാരയുടെ ആകൃതിയില്‍ മരപ്പിടിയോടു കൂടിയ കത്തി പ്രത്യേക തരത്തില്‍ രൂപകല്‍പന ചെയ്തതാണ്. മൂര്‍ച്ചയുള്ള ഭാഗത്തിന് നേരെ എതിര്‍വശത്തായി അഗ്രഭാഗത്തു നിന്ന് അഞ്ചു സെന്റിമീറ്ററോളം തഴെയായി ഒരു അല്‍പം ഉയര്‍ന്ന് കൂര്‍ത്തു നില്‍ക്കുന്ന ഒരുഭാഗമുണ്ട്. പിടിയില്‍ നിന്നും അഞ്ചു സെന്റിമീറ്ററോളം നീളത്തില്‍ കട്ടിയുള്ള ലോഹഭാഗമാണ് അതിനുശേഷം മൂര്‍ച്ചയേറിയ ഭാഗവും. കത്തി പ്രത്യേകം രൂപകല്‍പന ചെയ്തതാണോയെന്നും, വിദേശത്തു നിന്ന് എത്തിച്ചതാണോയെന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. മുന്‍പ് ദുബൈയില്‍ ജോലി ചെയ്തിരുന്ന അശ്വത് അവിടെ നിന്നാണ് കത്തി കൊണ്ടു വന്നതെന്നാണ് സംശയം. പ്രത്യേക ലോഹക്കൂട്ടാണ് കത്തി നിര്‍മിക്കാന്‍ ഉപയോഗിച്ചിട്ടുള്ളതെന്നാണ് പൊലീസിന്റെ നിഗമനം. ഇക്കാര്യങ്ങള്‍ ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍

കൊലയ്ക്ക് ഉപയോഗിച്ച കത്തി അശ്വത് സ്ഥിരമായി കൈയ്യില്‍ സൂക്ഷിക്കാറുണ്ടായിരുന്നതായി ഇന്നലെ രാത്രി അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി. എന്തിനാണ് ഇയാള്‍ സ്ഥിരമായി കത്തി കൈയ്യില്‍ സൂക്ഷിച്ചിരുന്നതെന്ന കാര്യവും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്. 2009 ഓഗസ്റ്റ് 21 നടന്ന പോള്‍ ജോര്‍ജ് മുത്തൂറ്റ് വധക്കേസില്‍, പോളിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധമെന്ന് പൊലീസ് പറയുന്ന എസ് മോഡല്‍ കത്തി അന്ന് ഏറെ ചര്‍ച്ചയായിരുന്നു. ഒന്‍പതാണ്ടിനിപ്പുറം സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ബിജെപി അനുഭാവിയായ പ്രതി ഉപയോഗിച്ച കത്തിയുെട ദുരുഹതയ്ക്കു പിന്നാലെയാണ് അന്വേഷണസംഘം.

 

LEAVE A REPLY

Please enter your comment!
Please enter your name here